ചാൾസ് ടൺ(സൗത്ത് കരോലിന) ∙ സൗത്ത് കരോലിനായിലുളള സിറ്റഡൽ മിലിട്ടറി കോളേജിൽ പർദ ധരിച്ച് വരുന്നതിനനുവദിക്കണമെന്ന മുസ്ലീം വിദ്യാർത്ഥിയുടെ ആവശ്യം കോളേജ് അധികൃതർ നിരാകരിച്ചു.
വിദ്യാർത്ഥിനിയുടെ ആവശ്യം പരിഗണിക്കാമെന്ന് ഒരു മാസം മുമ്പ് കോളേജ് അധികൃതർ വാക്ക് കൊടുത്തിരുന്നുവെങ്കിലും അവസാന തീരുമാനം മെയ് 10 ചൊവ്വാഴ്ച സ്കൂൾ പ്രസിഡന്റ് റിട്ടയേർഡ് എയർഫോഴ്സ് ലഫ്. ജനറൽ ജോൺ റോസ പ്രഖ്യാപിക്കുകയായിരുന്നു.

മിലിട്ടറി സ്കൂളിൽ പഠനത്തിനെത്തുന്നവർ യൂണിഫോം ധരിക്കണമെന്ന് തീരുമാനം പുനഃപരിശോധിക്കുവാൻ സാധ്യമല്ലെന്ന് പ്രസിഡന്റ് പറഞ്ഞു. അപേക്ഷ നിരസിക്കപ്പെട്ട വിദ്യാർത്ഥിനി ഇതിനെ കുറിച്ചു അഭിപ്രായം പ്രകടിപ്പിച്ചില്ലെങ്കിലും അമേരിക്കൻ – ഇസ്ലാമിൽ റിലേഷൻസ് കൗൺസിൽ ഇബ്രഹീം ഹൂപ്പർ ഈ തീരുമാനത്തെ നിർഭാഗ്യകരമെന്നാണ് വിശേഷിപ്പിച്ചത്.

മതവിശ്വാസത്തിന്റെ പേരിലാണ് വിദ്യാർത്ഥിനി പർദ ധരിക്കണമെന്നാവശ്യപ്പെട്ടത്. ഇതു നിഷേധിക്കുന്നത് ഡിസ്ക്രിമിനേഷനാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥിനിയുടെ കുടുംബാംഗങ്ങൾ കോളേജിന്റെ തീരുമാനത്തിനെതിരെ നിയമ നടപടികൾക്കൊരുങ്ങുകയാണ്.

മിലിട്ടറിയിൽ അച്ചടക്കവും നിലവാരവും സംരക്ഷിക്കപ്പെടുന്നതിന് ചട്ടങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് സ്പോക്ക് വുമൺ ലഫ്. ഗബ്രിയേലി ഹെർമീസ് അഭിപ്രായപ്പെട്ടു.

വാർത്ത ∙ പി. പി. ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here