മതവിശ്വാസം പഠിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റം ആരോപിച്ചു ടെക്സസിലെ സെന്റ് ഫിലിപ്‌സ് കോളജ് പിരിച്ചുവിട്ട ഇന്ത്യൻ അമേരിക്കൻ പ്രഫസർ ഡോക്ടർ ജോൺസൺ വർക്കി നിയമയുദ്ധത്തിൽ വിജയം നേടി. കോളജിനും യുഎസിനും അലമോ കമ്യൂണിറ്റി കോളജ് ഡിസ്ട്രിക്ടിനും (എ സി സി ഡി) എതിരെ ബയോളജി പ്രഫസർ സമർപ്പിച്ച അപേക്ഷയിൽ വിചാരണ ഒരു വര്ഷം നീണ്ടു. മതസ്വാതന്ത്ര്യം നിഷേധിക്കുന്നു, വിവേചനം നടപ്പാക്കുന്നു എന്നീ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

2024 ലെ അടുത്ത സെമെസ്റ്ററിൽ വർക്കി വീണ്ടും കോളജിൽ ജോലി ആരംഭിക്കും.

കഴിഞ്ഞ വർഷം ജനുവരിയിലാണ് 22 വർഷത്തെ പരിചയ സമ്പത്തുള്ള വർക്കിയെ പിരിച്ചു വിട്ടത്. ലിംഗം നിർണയിക്കുന്ന എക്സ്, വൈ ക്രോമോസോമുകൾ സംബന്ധിച്ച ശാസ്ത്രീയ വിശകലനം പഠിപ്പിച്ചു എന്നതാണ് കോളജ് അദ്ദേഹത്തിന്റെ മേൽ ചുമത്തിയ കുറ്റം. വർക്കിയെ തിരിച്ചെടുക്കണമെന്നു കോൺഗ്രസ് അംഗങ്ങൾ വരെ ആവശ്യപ്പെട്ടിരുന്നു.

പോരാട്ടം വിജയിച്ചതിൽ വർക്കി ഏറെ ആഹ്ളാദത്തിലാണെന്നു ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് അസോഷ്യേറ്റ് കൗൺസൽ കയ്‌ല ടോണി പറഞ്ഞു. വർക്കിയെ തിരിച്ചെടുക്കാൻ ഉത്തരവിട്ട എ സി സി ഡിയോട് അദ്ദേഹം നന്ദി പറഞ്ഞു.

പ്രത്യുല്പാദന സംവിധാനങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രീയ തത്വങ്ങൾ വർക്കി സ്ഥിരമായി പഠിപ്പിച്ചിരുന്നുവെന്നു അഭിഭാഷകർ പറയുന്നു. എന്നാൽ അദ്ദേഹം മത വിശ്വാസം പഠിപ്പിച്ചെന്നും സ്വവർഗാനുരാഗികളെയും ഭിന്ന ലിംഗക്കാരെയും അധിക്ഷേപിച്ചു സംസാരിച്ചെന്നും കോളജ് ആരോപിച്ചു. ഗർഭച്ഛിദ്രത്തിനെതിരായി സംസാരിച്ചു. സ്ത്രീവിരുദ്ധ പരാമർശങ്ങളും നടത്തി.

ആരോപണങ്ങളെല്ലാം അടിസ്‌ഥാന രഹിതമാണെന്ന് വർക്കിയുടെ അഭിഭാഷകർ വാദിച്ചു.

2022 നവംബർ 28നു നാലു വിദ്യാർഥികൾ അദ്ദേഹത്തിന്റെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയതോടെയാണ് വിവാദം ഉയർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here