മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളും കോണ്‍സുലേറ്റ് ഇടപെടേണ്ടതായ അവരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളും കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ സംഘടനാ നേതാക്കള്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കണമെന്ന് ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതുതായി ചുമതലയേറ്റ കോണ്‍സുല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍ മലയാളീ സംഘടനാ നേതാക്കളോട് നേരിട്ടുള്ള അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പരിചയപ്പെടുവാനായി കോണ്‍സുല്‍ ജനറലിനെ സന്ദര്‍ശിച്ച മലയാളീ സംഘടനാ നേതാക്കളായ അജിത് എബ്രഹാം (അജിത് കൊച്ചൂസ്), ബിജു ചാക്കോ, മാത്യുക്കുട്ടി ഈശോ, സിബി ഡേവിഡ്, രാജു എബ്രഹാം എന്നിവരോടായി ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് കോണ്‍സുല്‍ ജനറല്‍ ഇക്കാര്യം പറഞ്ഞത്. ആഫ്രിക്കയില്‍ ടാന്‍സാനിയാ എന്ന രാജ്യത്തെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ആയി 2021 മുതല്‍ 2024 ജനുവരി ആദ്യവാരം വരെ പ്രവൃത്തിച്ചതിന് ശേഷം ജനുവരി മദ്ധ്യത്തോടെ അദ്ദേഹം ന്യൂയോര്‍ക്കില്‍ കോണ്‍സുല്‍ ജനറലായി ചുമതല ഏറ്റെടുക്കുകയായിരുന്നു. ടാന്‍സാനിയായിലെ മലയാളീ സമൂഹവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന പ്രധാന്‍ മലയാളികളെപ്പറ്റി വളരെ നല്ല അഭിപ്രായവും നല്ല അനുഭവവുമാണ് പങ്ക് വച്ചത്.

ഫെഡറേഷന്‍ ഓഫ് മലയാളീ അസ്സോസ്സിയേഷന്‍സ് ഇന്‍ അമേരിക്ക (FOMAA)-യുടെ സിവിക് & പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ ചെയര്‍മാനും നാസ്സാ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അജിത് കൊച്ചൂസിന്റെ നേതൃത്വത്തില്‍ കോണ്‍സുലേറ്റുമായി ഏകോപിപ്പിച്ച കൂടിക്കാഴ്ചയില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ (WMC) ന്യൂയോര്‍ക്ക് പ്രൊവിന്‍സ് പ്രസിഡന്റും ഇന്ത്യന്‍ അമേരിക്കന്‍ മലയാളീ അസ്സോസ്സിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡ് സെക്രട്ടറിയുമായ ബിജു ചാക്കോ, വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഓ.സി.ഐ. ഫോറം (WMC OCI Forum) ഗ്ലോബല്‍ ചെയര്‍മാനും ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളി സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ മാത്യുക്കുട്ടി ഈശോ, കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റും കലാവേദി ചെയര്‍മാനുമായ സിബി ഡേവിഡ്, കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KACANA)-യുടെ മുന്‍ പ്രസിഡന്റ് രാജു എബ്രഹാം എന്നിവര്‍ ഒരു മണിക്കൂറിലധികം വിവിധ വിഷയങ്ങള്‍ കോണ്‍സുല്‍ ജനറലുമായി സംവാദിച്ചു.

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരുടെ സേവനങ്ങള്‍ ഏറ്റവും സൗഹാര്‍ദ്ദപരമായും കൃത്യതയോടെയും സമയപരിധിക്കുള്ളില്‍ ചെയ്തു നല്‍കുന്നതിന് ഉതകുന്ന രീതിയില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ രൂപപ്പെടുത്തിയെടുക്കുന്നതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഈ കോണ്‍സുലേറ്റിന്റെ പരിധിയില്‍ ഏകദേശം 25 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ടെങ്കിലും, അഞ്ചു ലക്ഷത്തില്‍ താഴെ മാത്രമേ ഓ.സി.ഐ.കാര്‍ഡ് ഉള്ളവരായി നിലവിലുള്ളൂ. അമേരിക്കന്‍ പൗരത്വം സ്വീകരിച്ച കൂടുതല്‍ പേരെ ഓ.സി.ഐ. കാര്‍ഡുകള്‍ എടുക്കുന്നതിന് സംഘടനാ നേതാക്കള്‍ എന്ന നിലയില്‍ പ്രോത്സാഹിപ്പിക്കണം എന്നും അതിനായി അമേരിക്കന്‍ ഇന്ത്യാക്കാരെ ബോധവല്‍ക്കരിക്കുന്നതിന് സംഘടനാ നേതാക്കള്‍ വിവിധ ഇടങ്ങളില്‍ ഓ.സി.ഐ. ക്യാമ്പുകള്‍ ക്രമീകരിച്ചാല്‍ അതിനായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ അയക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ഗാര്‍ഹിക പീഠനം അനുഭവിക്കുന്നവരെ സംബന്ധിച്ചും അമേരിക്കയില്‍ വച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതശരീരം നാട്ടില്‍ എത്തിക്കുന്നതിനെക്കുറിച്ചും അജിത് കൊച്ചൂസ് പറഞ്ഞപ്പോള്‍ അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ സംഘടനാ നേതാക്കളായ നിങ്ങള്‍ കോണ്‍സുലേറ്റില്‍ അറിയിച്ചാല്‍ അതിനുള്ള നടപടികള്‍ കാലതാമസം വരാതെ ചെയ്തു കൊടുക്കുവാന്‍ കഴിവതും ശ്രമിക്കാം എന്ന് സി.ജി. പറഞ്ഞു. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സാമ്പത്തികമായി സഹായിക്കുന്നതിനും ഒരു പരിധി വരെ കോണ്‍സുലേറ്റിന് സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ഉള്ളവരുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനാണ് അധികം കാല താമസം ഇല്ലാതെ പേപ്പര്‍വര്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്നത്. അമേരിക്കന്‍ പൗരത്വം സ്വീകരിച്ചവരുടെ കാര്യത്തില്‍ അതിനു കുറച്ചുകൂടി കാലതാമസം നേരിടാറുണ്ട്. ഗാര്‍ഹിക പീഠനം അനുഭവിക്കുന്നവര്‍ക്ക് നിയമ സഹായം നല്‍കുന്നതിന് കുറെ അറ്റോര്‍ണിമാരുടെ പാനല്‍ കോണ്‍സുലേറ്റ് സൂക്ഷിക്കുന്നുണ്ടെന്നും ആവശ്യമനുസരിച്ച് അവര്‍ക്ക് താരതമ്യേന വളരെ കുറഞ്ഞ നിരക്കില്‍ നിയമോപദേശവും സഹായവും ലഭിക്കുന്നതിന് കോണ്‍സുലേറ്റ് സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നതുമാണ്. കോണ്‍സുലേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മൂന്നു ഡോളര്‍ വീതം കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് സ്വരൂപിക്കുന്ന തുകയില്‍ നിന്നുമാണ് ഇത്തരം ആവശ്യങ്ങള്‍ക്ക് സാമ്പത്തികം കണ്ടെത്തുന്നത്.

പഠനാര്‍ദ്ധം അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ വരുന്ന വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കാര്യത്തില്‍ സംഘടനാ നേതാക്കള്‍ അല്‍പ്പം കൂടി കൂടുതല്‍ താല്‍പ്പര്യവും ജാഗ്രതയും പുലര്‍ത്തണമെന്ന് കോണ്‍സുല്‍ ജനറല്‍ അഭിപ്രായപ്പെട്ടു. നാട്ടില്‍ നിന്നും വരുന്ന പല കുട്ടികളും മയക്കു മരുന്നിന് അടിമപ്പെടുന്നതായി ശ്രദ്ധയില്‍പ്പെടുന്നുണ്ട് എന്ന് അദ്ദേഹം ആശങ്ക പങ്കു വച്ചു. വിദ്യാര്‍ഥീ സമൂഹം കോണ്‍സുലേറ്റുമായി ബന്ധപ്പെടുവാനും കോണ്‍സുലേറ്റില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ അവരെ പങ്കെടുപ്പിക്കുവാനും നേതാക്കള്‍ ശ്രദ്ധിക്കണം. അവര്‍ക്കൊക്കെ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നെങ്കില്‍ അത് കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍ ഉടന്‍ കൊണ്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഒരുമണിക്കൂറിലധികമായ കൂടിക്കാഴ്ചക്ക് ശേഷം എല്ലാവരുമൊത്ത് ഫോട്ടോയ്ക്ക് പോസ്സ് ചെയ്തതിനു ശേഷമാണ് കോണ്‍സുല്‍ ജനറല്‍ സംഘടനാ നേതാക്കളെ കോണ്‍സുലേറ്റില്‍ നിന്നും യാത്രയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here