വാഷിംഗ്ടണ്‍: യുഎസിലെ ഇന്ത്യന്‍വംശജര്‍ക്കിടയില്‍ വിവാഹബന്ധം വേര്‍പെടുത്തിയ ദമ്പതികളുടെ പ്രശ്‌നത്തില്‍ ഉഭയകക്ഷി കരാര്‍ വേണമെന്ന് ആവശ്യം ശക്തമാകുന്നു. വേര്‍പിരിഞ്ഞശേഷം മാതാപിതാക്കളിലൊരാള്‍ അമേരിക്കയിലും മറ്റേയാള്‍ ഇന്ത്യയിലുമായി കഴിയുന്ന ദമ്പതികളുടെ പ്രശ്‌നത്തിലാണ് കരാര്‍ വേണമെന്ന് ആവശ്യമുയരുന്നത്. ന്യൂജഴ്‌സിയില്‍ ജോലി ചെയ്യുന്ന രവി പാര്‍മര്‍ എന്ന 38 കാരന്‍ ഉദാഹരണം. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയില്‍ താമസിക്കുന്ന ഏഴുവയസുകാരനായ മകനെ കാണാന്‍ രവി പാര്‍മര്‍ ഇന്ത്യയിലെത്തിയത്. ഭാര്യയുമായി വേര്‍പിരിഞ്ഞുതാമസിക്കുന്ന രവി കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കുട്ടിയോടൊപ്പം മൂന്നാഴ്ച കഴിയാന്‍ അനുമതി ലഭിച്ചത്. 2012 ലാണ് രവിയും ഭാര്യയും വേര്‍പിരിഞ്ഞത്. ഇതോടെ കുട്ടിയുമായി ഭാര്യ ഇന്ത്യയിലേക്കു വരികയായിരന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ഒപ്പിടുന്ന നിരവധി കരാറുകളില്‍ ഇത്തരം കുട്ടികളുടെ കൈമാറ്റം സംബന്ധിച്ച വിഷയവും ഉള്‍പ്പെടുത്തണമെന്നാണ് ഇപ്പോള്‍ ആവശ്യമുയരുന്നത്. യുഎസിലെ നൂറുകണക്കിന് ഇന്ത്യക്കാര്‍ രവിയുടേതിനു സമാനമായ അവസ്ഥയില്‍ കഴിയുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇത്തരം രക്ഷിതാക്കള്‍ സംഘടിച്ച് ബ്രിംഗ് ഔവര്‍ കിഡ്‌സ് ഹോം (ബിഒകെഎച്ച്) എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിരിക്കുകയാണ്. പ്രശ്‌നം യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ശ്രദ്ധയില്‍പ്പെടുത്താനും സംഘടന ശ്രമിക്കുന്നു.

വിവാഹജീവിതത്തിലെ താളപ്പിഴകളെത്തുടര്‍ന്ന് കുട്ടികള്‍ രണ്ട് രാജ്യങ്ങളിലായി കഴിയുന്ന 92 കേസുകള്‍ സംഘടനയുടെ മുന്നിലെത്തിക്കഴിഞ്ഞു. ഇത്തരം കുട്ടികളെ യുഎസില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ്ഡിപ്പാര്‍ട്ട്‌മെന്റ് 2015 ല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ മറുപടി നല്‍കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here