ന്യൂഡല്‍ഹി:പിണറായി വിജയന്റെ വിഐപി സന്ദര്‍ശനം തുടരുന്നു. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി സിപിഎം വാക് പോര് രൂക്ഷമായിരിക്കെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ ആഴ്ച കൂടിക്കാഴ്ച്ച നടത്തും. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റശേഷം ശനിയാഴ്ച തന്നെ പിണറായി പ്രധാനമന്ത്രിയെ കാണുമെന്നാണ് സൂചന. സംസ്ഥാന മുഖ്യമന്ത്രിമാര്‍ അധികാരമേറ്റ ഉടനെ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സന്ദര്‍ശിക്കുന്ന കീഴ്‌വഴക്കത്തിന്റെ ഭാഗമായി പിണറായി ശനിയാഴ്ച മോദിയെ സന്ദര്‍ശിക്കുന്നത്. കൂടിക്കാഴ്ചയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളും ചര്‍ച്ചയായേക്കും.

പോളിറ്റ് ബ്യൂറോ യോഗത്തിന് പങ്കെടുക്കാന്‍ എത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയെ കാണാന്‍ പിണറായി ശ്രമിക്കുന്നത്. ഇതിനായി കേരളാ ഹൌസും ഡല്‍ഹിയിലെ നേതൃത്വവും നീക്കങ്ങള്‍ നടത്തുന്നുണ്ട്. കൂടിക്കാഴ്ചയില്‍ വ്യക്തമായ മുന്നൊരുക്കങ്ങള്‍ പിണറായി ആസൂത്രണം ചെയ്തു കഴിഞ്ഞു. സിപിഎം ബിജെപി സംഘര്‍ഷം സംസ്ഥാനത്ത് തുടര്‍ന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തതയുള്ളതിനാല്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള നീക്കു പോക്കുകള്‍ ഉണ്ടായേക്കും. അല്ലാത്ത പക്ഷം സംസ്ഥാനത്തെ പദ്ധതികളെയും കേന്ദ്രവിഹിതത്തെയും പ്രശ്‌നങ്ങള്‍ ബാധിച്ചേക്കും. ഇതേ തുടര്‍ന്നാണ് പിണറായി മോദിയെ പെട്ടെന്നു തന്നെ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിനു ശേഷം ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടത്തും സംഘര്‍ഷം നടന്നത് പാര്‍ട്ടികള്‍ തമ്മിലുളള ഉരസലിന് വഴിയൊരുക്കിയിരുന്നു. പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയ കാഴ്ച്ചയായിരുന്നു പിന്നീട്. കേരളത്തില്‍ സിപിഎം അക്രമം അവസാനിപ്പിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുളള ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചത്. അതേസമയം തന്നെ പ്രത്യാക്രമണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെചൂരിയും രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here