പത്തനാപുരം: തോല്‍വിയും ജയവും പ്രശ്‌നമേയല്ല….ഇനിയുള്ള കാലം പത്താനാപുരത്തെ ജനങ്ങളെ സേവിച്ച് കഴിയും….. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പത്താനപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷും ബിജെപി സ്ഥാനാര്‍ഥി ഭീമന്‍ രഘുവും ഇങ്ങനെയൊക്കെ തട്ടിവിട്ടെങ്കിലും അതു വെറുമൊരു സിനിമാ ഡയലോഗ് പോലെ ആകുന്നു. ആടു കിടന്നിടത്ത് പൂടപോലുമില്ല എന്നു പറഞ്ഞ പോലെയാണ് പത്തനാപുരത്തെ ഇപ്പോഴത്തെ സ്ഥിതിവിശേഷം. തിരഞ്ഞെടുപ്പ് വേളയില്‍ എം എല്‍ എ കുപ്പായവും തയിപ്പിച്ച സ്ഥിരതാമസത്തിന് വന്ന ജഗദീഷും ഭീമന്‍ രഘുവും വീടും പൂട്ടി പോയി. താരങ്ങള്‍ തമ്മിലുള്ള തിരഞ്ഞടുപ്പ് മത്സരം അവസാനിച്ചെങ്കിലും ഒളിഞ്ഞും മറിഞ്ഞുമുള്ള കുത്തുവാക്കുകള്‍ കുറഞ്ഞില്ല.

മണ്ഡലം പിടിച്ചടക്കുമ്പോള്‍ സ്ഥിരതാമസമാക്കാമെന്ന പ്രതിക്ഷയില്‍ താരങ്ങളെടുത്ത വാടക വീടുകള്‍ ഇപ്പോള്‍ അടച്ചു പൂട്ടിയിട്ടിരിക്കുന്നു. തോറ്റ സ്ഥിതിക്ക് ഒരു വര്‍ഷത്തെക്കെടുത്ത വീട് ഒഴിയാനാണ് സാധ്യതയെന്ന അടുത്ത വൃത്തങ്ങള്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിച്ച് പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നടന്‍ ജഗദീഷും ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഭീമന്‍രഘും വാടക വീടെടുത്തിരുന്നു. വോട്ടെണ്ണല്‍ ദിവസമായിരുന്ന മെയ് 19ന് രാവിലെ പത്ത് മണി വരെ സജീവമായിരുന്ന ജഗദീഷിന്റെ വീട് ഇപ്പോള്‍ പൂട്ടിയ നിലയിലാണ്. നഗരത്തില്‍ പാര്‍ട്ടി ഓഫീസിനോട് ചേര്‍ന്നാണ് ജഗദീഷിന്റെ രണ്ടു നില വീട് സ്ഥിതി ചെയ്യുന്നത്. ഒരു വര്‍ഷത്തേക്കാണ് വീട് വാടയ്ക്ക് എടുത്തത്. താമസം മാറുന്നതിന്റെ ഭാഗമായി ആവശ്യമായ ഫര്‍ണിച്ചറുകള്‍ വാങ്ങുകയും ഭാര്യ ഡോ. രമ, മകള്‍, കൊച്ചുമകള്‍ എന്നിവരെ കൊണ്ടു വരികയും ചെയ്തിരുന്നു. ജയിച്ചാല്‍ സിനിമ കുറച്ച് മണ്ഡലത്തില്‍ താമസമാക്കുമെന്ന് പ്രചാരണത്തിനിടെ ജഗദീഷ് പറഞ്ഞിരുന്നു. നടന്‍ ഭീമന്‍ രഘു വിളക്കുടി പഞ്ചായത്തിലെ ഇളമ്പലിലാണ് വാടക വീട് എടുത്തിരുന്നത്. വിവാദങ്ങള്‍ക്കിടെ രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന ജനവിധിയായിരുന്നു താരമണ്ഡലമായ പത്തനാപുരത്തിന്റേത്.

74,429 വോട്ടുകളാണ് ഗണേഷിന് ലഭിച്ചത്. ജഗദീഷ് 49,867 വോട്ടുമായി രണ്ടാംസ്ഥാനത്തെത്തി. ഭീമന്‍ രഘുവിന് 11,700 വോട്ടുമാണ് ലഭിച്ചത്. ഗണേഷ് കുമാറിന് വേണ്ടി സൂപ്പര്‍ താരം മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതോടെയാണ് മണ്ഡലം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here