വാഷിംഗ്ടണ്‍ ഡി.സി: മൂന്നുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ജൂണ്‍ ആറാംതീയതി തിങ്കളാഴ്ച വാഷിംഗ്ടണില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ വാഷിംഗ്ടണ്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രിയായതിനുശേഷം ഇതു നാലാം തവണയാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തുന്നത്.

ജൂണ്‍ ഏഴാംതീയതി പ്രസിഡന്റ് ബരാക് ഒബാമയെ വൈറ്റ് ഹൗസില്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി എട്ടാംതീയതി യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് മോദി. രാജീവ് ഗാന്ധിക്കാണ് ഈ അവസരം ആദ്യം ലഭിച്ചത്. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചശേഷം, സെനറ്റ് ആന്‍ഡ് ഫോറിന്‍ റിലേഷന്‍സ് പാനലൊരുക്കുന്ന ഉച്ചഭക്ഷണ സത്കാരത്തിലും എട്ടാം തീയതി പ്രധാനമന്ത്രി പങ്കെടുക്കും. യു.എസ്- ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഒരുക്കുന്ന ഡിന്നര്‍ മീറ്റിംഗിലും ഏഴാംതീയതി പ്രധാനമന്ത്രി പങ്കെടുക്കും.

ഏഴാംതീയതി യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രതിരോധം, ഊര്‍ജം, സുരക്ഷാ വിഷയങ്ങളില്‍ രണ്ടു നേതാക്കളും ചര്‍ച്ചകള്‍ നടത്തും. ജൂണ്‍ ആറാംതീയതി ഉച്ചയ്ക്ക് വാഷിംഗ്ടണിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നൂറില്‍പ്പരം ഇന്ത്യന്‍ – അമേരിക്കന്‍ കമ്യൂണിറ്റി നേതാക്കളും എത്തിച്ചേരും. ജൂണ്‍ എട്ടാംതീയതി ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here