ഹ്യൂസ്റ്റണ്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് അമേരിക്ക, ഹ്യൂസ്റ്റണ്‍ ആകര്‍ഷകമായ വിവിധ പരിപാടികളോടെ കഴിഞ്ഞ മേയ് 21-ാം തിയ്യതി വാര്‍ഷിക നേഴ്സസ് ദിനം സമുചിതമായി ആഘോഷിച്ചു. ഹ്യൂസ്റ്റനിലെ ഷുഗര്‍ലാന്‍ഡിലുള്ള മദ്രാസ് പവലിയന്‍ ഇന്ത്യന്‍ റസ്റ്റോറന്‍റില്‍ വച്ച് രാവിലെ 10 മണിയോടെ ആഘോഷങ്ങളുടെ തിരി തെളിഞ്ഞു. നഴ്സസ് അസോസിയേഷന്‍ സെക്രട്ടറി ലൗലി എല്ലങ്കയില്‍ സദസ്യര്‍ക്ക് സ്വാഗതമര്‍പ്പിച്ചു പ്രസംഗിച്ചു. മറിയാമ്മ തോമസിന്‍റയേും സാലി രാമാനുജത്തിന്‍റേയും നേതൃത്വത്തില്‍ നഴ്സിംഗ് പ്രൊഫഷന്‍റെ പൊതുവായ പ്രത്യേക പ്രാര്‍ത്ഥനയും ആതുരസേവനത്തിന്‍റെ പ്രതീകമായ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പ്രതിജ്ഞയും എല്ലാവരും ഏറ്റു ചൊല്ലി. ശ്രയാ, ശ്രുതി എന്നിവര്‍ അമേരിക്കന്‍ ദേശീയഗാനവും ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. നഴ്സസ് അസോസിയേഷന്‍ പ്രസിഡന്‍റ് സാലി സാമുവല്‍ തന്‍റെ അധ്യക്ഷ പ്രസംഗത്തില്‍ നഴ്സിംഗ് പ്രെഫഷന്‍റെ വ്യത്യസ്തമായ ചുമതലകളെയും മഹനീയതകളേയും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു കൊല്ല കാലം കൊണ്ട് അസ്സോസിയേഷന്‍ കൈവരിച്ച നേട്ടങ്ങളേയും പ്രവര്‍ത്തനങ്ങളേയും പറ്റി അധ്യക്ഷ ഹൃസ്വമായി സംസാരിച്ചു.

ഹ്യൂസ്റ്റനിലെ വെറ്ററന്‍ മെഡിക്കല്‍ സെന്‍ററിലെ കാര്‍ഡിയോളജി സ്പെഷ്യലിസ്റ്റ് അഫ്സാര്‍ നേഴ്സിംഗ് വിദ്യയുടെ ഭാഗമായ അരഫ്തിമിയാ കൂടാതെ എങ്ങനെ പെട്ടന്നുള്ള ഹൃദയാഘാതത്തെ തടുക്കാം തുടങ്ങിയ വിഷയങ്ങളെ പറ്റി മെഡിക്കല്‍ സെമിനാര്‍ നടത്തി. ബോസ്റ്റന്‍ സയന്‍റിഫിക് കമ്പനിയാണ് ഇത് സ്പോണ്‍സര്‍ ചെയ്തത്. മൈക്കിള്‍ ഡിബക്കി വി എ ഹോസ്പിറ്റലിലെ കോ ഓര്‍ഡിനേറ്റര്‍ ആയ മേരി കെല്ലി ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. അവര്‍ തന്‍റെ പ്രസംഗത്തില്‍ ഇന്നത്തെ നഴ്സസിന്‍റെ പ്രത്യേക വിഷയങ്ങളെ പറ്റിയും നഴ്സസ് സംസ്കാരം, സുരക്ഷിതത്വം എന്നിവയെ പറ്റി ഊന്നല്‍ നല്‍കി സംസാരിച്ചു. നഴ്സസിന്‍റെ ഉത്തരവാദിത്വങ്ങളും രോഗികളുടെയും നഴ്സസുകളുടെയും എല്ലാ തരത്തിലുള്ള സുരക്ഷിതത്വങ്ങളെയും പറ്റി പ്രശസ്ഥാതിഥി പ്രതിപാദിച്ചു. സ്പെഷ്യല്‍ അതിഥിയായെത്തിയ ബിഷപ് നോബിള്‍ ഫിലിപ്പ് ഇന്ത്യന്‍ നഴ്സസിന്‍റെ സേവനങ്ങളേയും അര്‍പ്പണബോധത്തെയും പ്രകീര്‍ത്തിച്ചു സംസാരിച്ചു.

നഴ്സിംഗ് മേഖലയില്‍ കൈവരിച്ച നേട്ടങ്ങളേയും മികവുകളേയും ആസ്പദമാക്കി സാലി സാമുവല്‍, അക്കാമ്മ കല്ലേല്‍ എന്നിവര്‍ക്ക് പ്രശംസാ ഫലകം നല്‍കി. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ വിവിധ ഹോസ്പിറ്റലുകളില്‍ നിന്ന് ഇന്ത്യന്‍ വംശജരായ നഴ്സുമാര്‍ക്ക് ഇക്കൊല്ലവും നിരവധി അംഗീകാരങ്ങള്‍ കിട്ടുകയുണ്ടായി. അങ്ങനെയുള്ളവരെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷനും യോഗത്തില്‍ വച്ച് അംഗീകാരത്തിന്‍റെയും ആദരവിന്‍റെയും സൂചകമായി പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. നഴ്സിംഗ് കോളേജുകളില്‍ നിന്ന് പുതിയതായി ബിരുദമെടുത്തവരെയും നഴ്സിംഗ് പ്രൊഫഷനില്‍നിന്ന് സമീപകാലത്ത് റിട്ടയര്‍ ചെയ്തവരെയും അനുമോദിച്ചുകൊണ്ടുള്ള റോസാപ്പൂച്ചെണ്ടുകള്‍ വിതരണം ചെയ്തു. സംഘടനയില്‍ നഴ്സിംഗ് സ്കോളര്‍ഷിപ് ചെയര്‍ ആയി പ്രവര്‍ത്തിക്കുന്ന മേരി തോമസ് 5 സ്കോളര്‍ഷിപ്പുകള്‍, അവാര്‍ഡുകള്‍ ഇന്ത്യയിലും അതുപോലെ ഹ്യൂസ്ററനിലും നഴ്സിംഗ് പഠിക്കുന്നവര്‍ക്ക് വിതരണം ചെയ്യൂന്നതായി അറിയിച്ചു. ചെമ്മണ്ണൂര്‍ ജ്വെല്ലഴ്സ് ആണ് ഈ സ്കോളര്‍ഷിപ് ഫണ്ട് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. കൂടാതെ അസോസിയേഷന്‍ പരിപാടിക്ക് മാറ്റുകൂട്ടാനായി മൂന്നു ഗോള്‍ഡ്കോയിന്‍ കൂടി ഡോര്‍പ്രൈസ് ആയി അവര്‍ നല്‍കിയിരുന്നു.

ജോബി, ശ്രുതി, ശ്രിയാ എന്നിവരുടെ ഗാനങ്ങളും നൃത്തങ്ങളും അതീവ ഹൃദ്യമായിരുന്നു. ഷീലാ മാത്യൂസ് നന്ദി രേഖപ്പെടുത്തി സംസാരിച്ചു. അക്കാമ്മ കല്ലേല്‍, സാലി രാമാനുജം എന്നിവര്‍ പരിപാടിയുടെ അവതാരകരായി പ്രവര്‍ത്തിച്ചു. 2016ലെ നഴ്സസ് ദിനാഘോഷങ്ങള്‍ എന്തുകൊണ്ടും അവിസ്മരണീയമായി തീര്‍ന്നു.

എ.സി. ജോര്‍ജ്

4-Indian American Nurses Association-Nurses day 5-Indian American Nurses Association-Nurses Day

LEAVE A REPLY

Please enter your comment!
Please enter your name here