ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പതിനഞ്ചാമത് കുടുംബ സംഗമം ഏവര്‍ക്കും അനുഗ്രഹസന്ധ്യയായി മാറി. ഷിക്കാഗോയിലെ വിവിധ സഭാ വിഭാഗങ്ങളിലെ പതിനഞ്ച് ദേവാലയങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍ ക്രിസ്തുവില്‍ ഒന്നാണെന്നുള്ള ഐക്യസന്ദേശം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതായി മാറി. സംഗമസന്ധ്യയെ കൂടുതല്‍ മനോഹരമാക്കി വിവിധ ദേവാലയങ്ങളില്‍ നിന്നും നയനമനോഹരമായ കലാപരിപാടികള്‍ അവതരിപ്പിച്ചത് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ചു. ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട കുടുംബ സംഗമം സ്‌നേഹവിരുന്നോടെ ആരംഭിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി ഷിക്കാഗോ ചെണ്ട ക്ലബ് ഒരുക്കിയ ചെണ്ടമേളം താളാത്മകമായ അവതരണശൈലിയുടെ മികവു കാട്ടുന്നതായി.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ആന്റോ കവലയ്ക്കല്‍ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിക്കുകയും തുടര്‍ന്ന് പ്രാരംഭ ആരാധനയോടെ പൊതുസമ്മേളനം ആരംഭിക്കുകയും ചെയ്തു. കുടുംബ സംഗമത്തിന്റെ ചെയര്‍മാന്‍ റവ.ഡോ. ശാലോമോന്‍ കളരിക്കല്‍ സമ്മേളനത്തിയ ഏവരേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് കൗണ്‍സില്‍ പ്രസിഡന്റ് റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അധ്യക്ഷ പ്രസംഗം നടത്തി. സമ്മേളനത്തിന്റെ ഉദ്ഘാടകനും വിശിഷ്ടാതിഥിയുമായ മോസ്റ്റ് റവ.ഡോ. ജോസഫ് മാര്‍ തോമസ് തിരുമേനിയെ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റവ.ഫാ. ബാബു മഠത്തിപ്പറമ്പില്‍ സദസിനു പരിചയപ്പെടുത്തുകയും ഉദ്ഘാടനം ചെയ്യുവാനായി ക്ഷണിക്കുകയും ചെയ്തു. പതിനഞ്ചാമത് കുടുംബ സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച തിരുമേനി കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്ക് ആധാരമായ ചിന്തകളെ അഭി. തിരുമേനി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സദസുമായി പങ്കുവെച്ചു.

എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഭവന സഹായ പദ്ധതിയുടെ സഹായധനം യോഗത്തില്‍ വച്ചു നല്‍കുകയും ട്രഷറര്‍ മാത്യു മാപ്ലേട്ട് കുടുംബസംഗമത്തിന്റെ സ്‌പോണ്‍സര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

കൗണ്‍സില്‍ സെക്രട്ടറി ബെഞ്ചമിന്‍ തോമസ് വിശിഷ്ടാതിഥികള്‍ക്കും സമ്മേളനത്തിന് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. അഭി. തിരുമേനിയുടെ ആശീര്‍വാദത്തോടെ സമാപിച്ച പൊതുസമ്മേളനാനന്തരം നടന്ന കലാസന്ധ്യയ്ക്ക് അവതാരകരായിരുന്ന സുനീന ചാക്കോ, ജാസ്മിന്‍ പുത്തന്‍പുരയില്‍ എന്നിവരെ കുടുംബ സംഗമത്തിന്റെ പ്രോഗ്രാം കണ്‍വീനറായിരുന്ന ജെയിംസ് പുത്തന്‍പുരയില്‍ സദസിനു പരിചയപ്പെടുത്തുകയും അവരെ സ്വാഗതം ചെയ്യുകയും ചെയ്തു.

കുടുംബ സംഗമത്തിന്റെ സന്ധ്യയെ നിറച്ചാര്‍ത്തുകള്‍ അണിയിച്ചുകൊണ്ട് തുടര്‍ന്നു നടത്തിയ കലാവിരുന്നുകള്‍ ഏവര്‍ക്കും സന്തോഷത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചു. സ്കിറ്റുകള്‍, നൃത്തങ്ങള്‍, ഗാനങ്ങള്‍, ഉപകരണ സംഗീതം തുടങ്ങി ക്രൈസ്തവമൂല്യങ്ങള്‍ നിറഞ്ഞ കലാസന്ധ്യ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. പരിപാടികളുടെ മികച്ച അവതരണശൈലിയും, വൈവിധ്യവും നിലനിര്‍ത്തുന്നതില്‍ ഏവരും ശ്രദ്ധചെലുത്തി. സമ്മേളനത്തിന് എത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത രണ്ടുപേര്‍ക്ക് സമ്മേളനത്തിന്റെ അവസാനം സമ്മാനങ്ങള്‍ നല്‍കി. മാരിവില്‍ അഴകാര്‍ന്ന എക്യൂമെനിക്കല്‍ കുടുംബസംഗമത്തിന് റവ. ജോണ്‍ മത്തായിയുടെ പ്രാര്‍ത്ഥനയോടെ സമാപനമായി.

കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി റവ.ഡോ. ശാലോമോന്‍ കെ. ചെയര്‍മാനായും, ബെന്നി പരിമണം കണ്‍വീനറായും, ജയിംസ് പുത്തന്‍പുരയില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായും, ആന്റോ കവലയ്ക്കല് (ഫുഡ്), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (സ്റ്റേജ്), ആഗ്‌നസ് തെങ്ങുംമൂട്ടില്‍ (ഹോസ്പിറ്റാലിറ്റി), റവ.ഫാ. ഹാം ജോസഫ് (യൂത്ത് ഫോറം), മാത്യു കരോട്ട് (ആഷറിംഗ്), ജോയിച്ചന്‍ പുതുക്കുളം, ജെയിംസണ്‍ മത്തായി (പബ്ലിസിറ്റി) എന്നിവര്‍ നേതൃത്വം നല്‍കി.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനു രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവരും റവ.ഫാ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (പ്രസിഡന്റ്), റവ.ഫാ. ബാബു മഠത്തിപ്പറമ്പില്‍ (വൈസ് പ്രസിഡന്റ്), ബെഞ്ചമിന്‍ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

കുടുംബ സംഗമം കണ്‍വീനര്‍ ബെന്നി പരിമണം അറിയിച്ചതാണി­ത്.

Family_Night_pic1 Family_Night_pic2 Family_Night_pic3 Family_Night_pic4 Family_Night_pic5 Family_Night_pic6 Family_Night_pic7

LEAVE A REPLY

Please enter your comment!
Please enter your name here