വാഷിങ്ടൻ∙ തുർക്കിയിലെ ഇസ്താംബൂളിലെ അതാതുർക് വിമാനത്താവളത്തിലേതുപോലെ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) യുഎസിലും ആക്രമണം നടത്തിയേക്കുമെന്ന് ചാരസംഘടനയായ സിഐഎ. മേഖലയിൽ ഐഎസ് വിവിധതരത്തിൽ നേരിട്ടോ അല്ലാതെയോ തീവ്രവാദപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിരീക്ഷിച്ചിട്ടുണ്ടെന്നും സിഐഎ ഡയറക്ടർ ജോൺ ബ്രെന്നൻ അറിയിച്ചു. അതിനാൽത്തന്നെ ഇത്തരം ആക്രമണങ്ങൾ മേഖലയ്ക്കു പുറത്ത് അധികം വൈകാതെ നടത്തപ്പെടുമെന്നാണ് കരുതുന്നത്.

ഐഎസിനെ തകർക്കാനുള്ള സഖ്യകക്ഷികളെ യുഎസ് ആണ് നയിക്കുന്നത്. അതുകൊണ്ട് സ്വദേശത്തോ വിദേശത്തോ യുഎസിനെ ലക്ഷ്യമിട്ട് ഐഎസ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിലയിരുത്തി. വിമാനത്താവളത്തിൽ ഇന്നലെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 42 പേരാണ് മരിച്ചത്. 239 പേർക്കു പരുക്കേറ്റിരുന്നു.

അതേസമയം, ഭീകരാക്രമണങ്ങൾ രാജ്യത്തെ വിഭാഗിക്കില്ലെന്ന് തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. ഭീകരർ യഥാർഥ മുസ്‌ലിംകളല്ല. ഇത് ഇസ്‌ലാമികമല്ല. മറ്റൊരാളുടെ ജീവനെടുക്കുന്നതിലൂടെ നരകത്തിലേക്കാണ് പോകുന്നത്, എർദോഗൻ കൂട്ടിച്ചേര്‍ത്തു.  

LEAVE A REPLY

Please enter your comment!
Please enter your name here