മേരിലാന്റ്: അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ സഹോദരനും, ഡമോക്രാറ്റിക്ക് പാര്‍ട്ടി അംഗവുമായ മാലിക്ക് ഒബാമ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംമ്പിന് വോട്ടു ചെയ്യുമെന്ന് ഔദ്യോഗീകമായി പ്രഖ്യാപിച്ചു.

ബരാക്ക് ഒബാമയുടെ എട്ടുവര്‍ഷത്തെ ഭരണം നിരാശജനകമാണെന്നും, സ്വകാര്യ ഇ മെയ്ല്‍ സെര്‍വര്‍ ഉപയോഗിച്ചതില്‍ ഹില്ലരി ക്ലിന്റനെതിരെ  കേസ്സെടുക്കുകയില്ലെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ പ്രസ്താവനയും അംഗീകരിക്കാനാവില്ലെന്നും മാലിക് ഒബാമ പറഞ്ഞു.

സ്വവര്‍ഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഡമോക്രാറ്റിക്ക് പാര്‍ട്ടിയേക്കാള്‍ സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടു നല്‍കുവാനാണ് ആഗ്രഹിക്കുന്നതെന്നും മാലിക് കൂട്ടിചേര്‍ത്തു. മെയ്ക്ക് അമേരിക്ക ഗ്രേറ്റ് ഏഗെയ്ന്‍(Make America Great Again) എന്ന ട്രംമ്പിന്റെ മുദ്രാവാക്യം തന്നെ പ്രത്യേകം ആകര്‍ഷിച്ചിതായും, രാഷ്ട്രീയക്കാരന്റെ കപടമുഖമല്ല, സാധാരണക്കാരന്റെ ആത്മാര്‍ത്ഥതയാണ് ഇതില്‍ വ്യക്തമാക്കുന്നതെന്നും മാലിക്ക് പറഞ്ഞു.

ഇപ്പോള്‍ കെനിയായില്‍ കഴിയുന്ന ബരാക്ക് ഹുസ്സൈന്‍ ഒബാമ ഫൗണ്ടേഷന്റെ ഡയറക്ടര്‍ മാലിക്ക് ഒബാമ പബ്ലിക്ക് റക്കോര്‍ഡ് അനുസരിച്ചു മേരിലാന്റ് സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രസിഡന്റ് ഒബാമയുടെ സഹോദരന്‍ മാലിക്ക് ഒബാമയുടെ വോട്ടു തന്റെ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുമെന്ന് ട്രംമ്പ് അഭിപ്രായപ്പെട്ടു. അനധികൃത കുടിയേറ്റക്കാരോടും, സ്വവര്‍ഗ്ഗവിവാഹത്തോടും, ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതിനോടും വിയോജിപ്പുള്ള നിഷ്പക്ഷരായ വോട്ടര്‍മാര്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിക്കെതിരെ തിരഞ്ഞാല്‍ ട്രംമ്പിന്റെ വിജയം സുനിശ്ചിതമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here