ഫിലാഡല്‍ഫിയ: വിസ്മയം വിതറുന്ന ഫിലാഡല്‍ഫിയയ്ക്ക് തിലകക്കുറിയായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനകളുടെ കേന്ദ്രസംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം മലയാളികളുടെ മാമാങ്കമായ പൊന്നോണം സെപ്റ്റംബര്‍ നാലിന് വൈകിട്ട് 4 മണി മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (608 Welsh Rd, Philadelphia) ഓഡിറ്റോറിയത്തില്‍ വച്ചു വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. മലയാളി മനസ്സിന്റെ ചിമിഴില്‍ കനകസ്മൃതികളുണര്‍ത്തി പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണം വീണ്ടും വരവായ്. പ്രഗത്ഭരായ ഒരുകുട്ടം ചുറുചുറുക്കുള്ള കലാകാരന്മാരേയും കലാകാരികളേയും അണിനിരത്തി കലാകൈരളിയ്ക്ക് കാഴ്ചവെയ്ക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷം എല്ലാംകൊണ്ടും പുതുമ നിറഞ്ഞതായിരിക്കുമെന്നു ചെയര്‍മാന്‍ ഫിലിപ്പോസ് ചെറിയാന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ കുട്ടികള്‍ക്കുള്ള ഡാന്‍സ് മത്സരങ്ങള്‍ നടക്കും. ഇതില്‍ വിജയികളാകുന്നവര്‍ക്ക് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനൂപ് ജോസഫ് അറിയിച്ചു. അടുക്കളതോട്ട മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് കര്‍ഷകരത്‌നം അവാര്‍ഡ് പ്രസ്തുത യോഗത്തില്‍ നല്കുമെന്നു കോര്‍ഡിനേറ്റര്‍ മോഡി ജേക്കബും അറിയിച്ചു.

വൈകിട്ട് 4 മണി മുതല്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്ര നടക്കും. ഘോഷയാത്രയില്‍ മാവേലി മന്നന്‍, വിശിഷ്ടാതിഥികള്‍ക്ക് അകമ്പടിയായി താലപ്പൊലി, പഞ്ചവാദ്യം, കരകം, ചെണ്ടമേളം, നിശ്ചലദൃശ്യങ്ങള്‍, പുലിക്കളി, മുത്തുക്കുടകള്‍ എന്നിവ അണിചേരും. ഘോഷയാത്രയുടെ നേതൃത്വം ജയശ്രീനായര്‍ക്കും, അജിതാ നായര്‍ക്കുമായിരിക്കും.

നിറപറയുടേയും നിലവിളക്കിന്റേയും അത്തപ്പൂക്കളത്തിന്റേയും സാന്നിധ്യത്തില്‍ ഭദ്രദീപം തെളിയിച്ച് വിശിഷ്ടാതിഥികള്‍ ഓണാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ക്രിസ്റ്റി ജറാള്‍ഡിന്റെ നേതൃത്വത്തിലുള്ള മെഗാ തിരുവാതിര ആഘോഷത്തിന് മാറ്റുകൂട്ടും. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, മിമിക്രി, ഗാനമേള, കലാഭവന്‍ ജയനും & പാര്‍ട്ടിയും അവതരിപ്പിക്കുന്ന കോമഡി ഷോ എന്നിവയും നടക്കും. ചടങ്ങില്‍ സമൂഹത്തിലെ വിശിഷ്ടാതിഥികളെ ആദരിക്കുമെന്നു കോര്‍ഡിനേറ്റര്‍ തമ്പി ചാക്കോ അറിയിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് സുമോദ് നെല്ലാക്കാലയും, റോയ് സാമുവേലും ആണ്.

തോമസ് പോള്‍ സെക്രട്ടറിയും, സുരേഷ് നായര്‍ ട്രഷററുമായി 21 അംഗ കമ്മിറ്റി ഓണാഘോഷത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നു. ഇതൊരു അറിയിപ്പായി സ്വീകരിച്ച് എല്ലാവരേയും ആഘോഷവേദിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി ഓണാഘോഷ ചെയര്‍മാന്‍ ജീമോന്‍ ജോര്‍ജ് അറിയിച്ചു. സുരേഷ് നായര്‍ (267 515 8375) അറിയിച്ചതാണി­ത്.

LEAVE A REPLY

Please enter your comment!
Please enter your name here