ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ബ്രൂക്‌ലിന്‍, ക്വീന്‍സ്, ലോംഗ് ഐലന്‍ഡ് മേഖലകളിലെ പത്ത് പള്ളികളുടെ നേതൃത്വത്തില്‍ സംയുക്ത ഓ വി ബി എസ് ലൂര്‍ദ് മാതാ റോമന്‍ കാത്തലിക് ചര്‍ച്ച് സ്‌കൂളില്‍ ജൂലൈ 6, 7, 8 തീയതികളില്‍ നടന്നു. (സങ്കീര്‍ത്തനം 43: 4 ) കര്‍ത്താവാണ് എന്റെ ഏറ്വും വലിയ സന്തോഷം എന്ന വചനത്തെ ആസ്പദമാക്കിയായിരുന്നു ഓ വി ബി എസ് ക്ലാസുകള്‍ ക്രമീകരിച്ചത്. പ്രദേശത്തെ പള്ളികളില്‍ നിന്നായി 260 കുട്ടികളും 85 വോളന്റിയര്‍മാരും ഓ വി ബി എസില്‍ പങ്കെടുത്തു. ഫാ. അജു മാത്യൂസ്, ഫാ.ജോയിസ് പാപ്പന്‍, ഡീക്കന്‍ കുരിയാക്കോസ് (അലക്‌സ്) ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. പങ്കെടുത്തവര്‍ക്കെല്ലാം രസപ്രദവും ആധ്യാത്മികവളര്‍ച്ചയ്ക്ക് സഹായകവുമായ അനുഭവമായി ഓ വി ബി എസ് എന്ന് വിലയിരുത്തപ്പെട്ടു.  

ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചിലെ വെരി റവ. ഡോ. പി എസ് സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പാ  കൊടി ഉയര്‍ത്തിയതോടുകൂടി ഓ വി ബി എസ് ആരംഭിച്ചു. വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പാ ഉദ്ഘാടനപ്രസംഗം നടത്തി. ഫാ. പാട്രിക് എച്ച് ലോംഗലോംഗ് (ലൂര്‍ദ് മാതാ ചര്‍ച്ച് അഡ്മിനിസ്‌ട്രേറ്റര്‍), ഫാ. ഗ്രിഗറി വര്‍ഗീസ്(സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

വൈദികരെല്ലാവരും ചേര്‍ന്ന് തിരി തെളിച്ചു. തീം ആധാരമാക്കിയുള്ള ടീ ഷേര്‍ട്ടുകള്‍, പാട്ട് പുസ്തകങ്ങള്‍, പാഠ്യ സാമഗ്രികള്‍ തുടങ്ങിയവ എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്തു. 

രാജി കുര്യന്റെ നേതൃത്വത്തില്‍ പ്രദേശത്തെ വിവിധ പള്ളികളില്‍ നിന്നുള്ള അംഗങ്ങളുള്‍പ്പെട്ട സംഗീതഗ്രൂപ്പ്  ഗാനങ്ങള്‍ പഠിപ്പിച്ചു. സംഗീതപഠനവും ആര്‍ട്‌സ് ആന്‍ഡ് ക്രാഫറ്റ്,  മാജിക് ഷോ, ഹാന്‍ഡ് പെയിന്റിംഗ്, ബലൂണ്‍ ട്വിസ്റ്റിംഗ് തുടങ്ങിയവയെല്ലാം കുട്ടികള്‍ ആസ്വദിച്ചു. സമാപനദിനത്തില്‍ ജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോണ്‍ തോമസ് അര്‍പ്പിച്ച കുര്‍ബാനയെ തുടര്‍ന്ന്  ദേവാലയത്തെ വലംവച്ച് നടന്ന ഓ വി ബി എസ് റാലിയില്‍ കുട്ടികള്‍ വൈദികരുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ മഞ്ഞക്കൊടികള്‍ പിടിച്ച്,  ഓ വി ബി എസ് മുദ്രാവാക്യങ്ങള്‍ വിളിച്ച് പങ്കെടുത്തു. മൂന്നു ദിവസത്തെ ഓ വി ബി എസ് ക്ലാസുകളില്‍ നിന്ന് പഠിച്ചതൊക്കെയും സംക്ഷിപ്തമായി സ്‌കിറ്റുകളുടെയും ഗാനങ്ങളുടെയും രൂപത്തില്‍ 15 ക്ലാസുകളിലെയും കുട്ടികള്‍ സ്റ്റേജില്‍ അവതരിപ്പിച്ചു. ഫണ്ട് റെയ്‌സിംഗ് കോഓര്‍ഡിനേറ്റര്‍ തോമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടന്നു.  വിജയികള്‍ക്ക് വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പാ സമ്മാനദാനം നടത്തി. “കേരളത്തിലെ ഓര്‍ഫനേജുകളിലെ കുട്ടികളെ സഹായിക്കുന്നതിനായി ‘ചില്‍ഡ്രന്‍ ഫോര്‍ ചില്‍ഡ്രന്‍’ ചാരിറ്റി പ്രോജക്ടിന്റെ ഭാഗമായി വിവിധ സണ്‍ഡേ സ്‌കൂളുകളില്‍ നിന്നും പണം സമാഹരിച്ചിരുന്നു. 

ഫാ. റോബര്‍ട്ട് അമ്പലത്തിങ്കല്‍ (ലൂര്‍ദ് മാതാ ചര്‍ച്ച്) ലൂര്‍ദ് മാതാ റോമന്‍ കാത്തലിക് ചര്‍ച്ച് ഓ വി ബി എസ് വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച്  പ്രാര്‍ഥിച്ചത് കുട്ടികള്‍ക്ക് പ്രചോദനമായി. സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും അധ്യാപകരും യൂത്ത് വോളന്റിയര്‍മാരും ഏരിയ കോഓര്‍ഡിനേറ്റര്‍ ഡോ. മിനി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഓ വി ബി എസിന്റെ വിജയത്തിനായി കഠിന പ്രയത്‌നം നടത്തി.  വെക്കേഷന്‍ ബൈബിള്‍ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രദേശത്തെ വിവിധ പള്ളികളില്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും പൊതുവേ പ്രശംസിക്കപ്പെട്ടു.

MaxPhotoNY--0023 MaxPhotoNY--0009

LEAVE A REPLY

Please enter your comment!
Please enter your name here