തിരുവനന്തപുരത്തിനടുത്ത് പുല്ലുവിള കടപ്പുറത്ത് പ്രാഥമികാവശ്യം നിര്‍വ്വഹിക്കാന്‍ പോയ ഒരു വീട്ടമ്മയെ തെരുവുനായ് കൂട്ടം കടിച്ചു കീറി തിന്ന വാര്‍ത്ത മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചു.  ഗോഡ്സ് ഓണ്‍ കണ്‍ട്രിയെന്നു പറഞ്ഞഹങ്കരിച്ചവര്‍ ഡോഗ്സ് ഓണ്‍ കണ്‍ട്രിയായി കേരളം മാറുന്നതു കണ്ടു ലജ്ജിച്ചു.  തെരുവുനായ്ക്കളുടെ കടിയേറ്റ് വീണ്ടും ഒരാള്‍ മരിച്ചു.  പരുക്കേറ്റവര്‍ നൂറുകണക്കിന്!  എന്താണു സംഭവിക്കുന്നത് ?  എന്താണു പ്രതിവിധി ? എങ്ങനെ ഈ തെരുവുനായ്ക്കള്‍ ഇത്രയധികം പെരുകി?  എന്തുകൊണ്ട് ഈ വീട്ടമ്മയ്ക്ക് ഇങ്ങനെയൊരവസ്ഥയുണ്ടായി?  ഈ ദുരവസ്ഥയ്ക്ക് എതിരേ പ്രതിബദ്ധതയുള്ള ഏതൊരു മലയാളിയുടെയും കര്‍ത്തവ്യം എന്താണ് ?  പ്രവാസികള്‍ക്ക് ഇതില്‍ എന്തെങ്കിലും കാര്യമുണ്ടോ? 

2015 നവംബര്‍ 19 ന് ഇന്ത്യന്‍ എക്സ്പ്രസ് മുന്‍പേജില്‍ പ്രസിദ്ധീകരിച്ച സ്ഥിതി വിവരക്കണക്കനുസരിച്ച് ഇന്ത്യയില്‍ 60 ശതമാനത്തിലധികം ആളുകള്‍ക്കും സ്വന്തമായി കക്കൂസില്ല.  ജാര്‍ണ്ഡ്പോലെയുള്ള രണ്ടു മൂന്നു സംസ്ഥാനങ്ങളില്‍ ഇതു 90% ല്‍ അധികമാണ്.  കേരളത്തില്‍ ആകെയുള്ള ജനസംഖ്യയുടെ 3% പേര്‍ക്കു മാത്രമേ ഇപ്പോള്‍ നിലവില്‍ കക്കൂസില്ലാതെയുള്ളു.  ഇത് 10 ലക്ഷത്തിലധികം പേര്‍ക്കുവരും.  ഇവരെല്ലാവരും തന്നെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്.  ഒരുനേരത്തെ അന്നത്തിനു വഴിതേടുന്ന ഇവര്‍ക്കു സ്വന്തമായി ഒരു കക്കൂസ് എന്നത് ആഡംബരമാണ്.  കടപ്പുറത്ത് അഥവാ കടലോര പ്രദേശങ്ങളില്‍ താമസിക്കുന്ന ഭൂരിഭാഗം ജനങ്ങള്‍ക്കും ഈ ആഡംബരം ഒരു സ്വപ്നം മാത്രമാണ്.  അവര്‍ക്കു പിന്നെ ആശ്രയിക്കാനുള്ളത് കടപ്പുറം മാത്രമാണ്.  അങ്ങനെ രാത്രിയില്‍ കടപ്പുറത്തുപോയി മലമൂത്രവിസര്‍ജ്ജനം നടത്തിയ വീട്ടമ്മയെയാണ് തെരുവുനായ്ക്കൂട്ടം വളഞ്ഞ് കടിച്ചു കീറിതിന്നത്.  ഈ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.  അതിനായി കേരള സര്‍ക്കാരും മനുഷ്യത്വമുള്ള സാംസ്കാരിക നേതാക്കളും ശ്രമിക്കുന്നത് ആശ്വാസകരമാണ്.  മനുഷ്യ ജീവനു വിലകല്‍പ്പിക്കാതെ തെരുവുനായ്ക്കളെന്ന ക്രൂരമൃഗങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന മൃഗസ്നേഹികള്‍ ഇവറ്റയെ കൊണ്ടൊപോയി അവരുടെ വീട്ടുവളപ്പിലിട്ടു തീറ്റികൊടുത്തു പോറ്റട്ടെ.   നായ്ക്കള്‍ ക്രൂരമായി കാര്‍ന്നു തിന്ന വീട്ടമ്മ മാംസംകൊണ്ടുപോയതുകൊണ്ടാണ് പട്ടികള്‍ ആക്രമിച്ചതെന്ന മേനക ഗാന്ധിയുടെ പ്രസ്താവന സ്ത്രീത്വത്തിനു തന്നെ അപമാനകരമാണ്.  തെരുവുനായ്ക്കള്‍ കടിച്ച് പരുക്കേല്‍ക്കുന്നവര്‍ കേരളത്തില്‍ നൂറുകണക്കിനു കുട്ടികളുള്‍പ്പെടെ ആയിരങ്ങളാണ്.  ഇവറ്റകളുടെ കടിയേറ്റു പേവിഷബാധയേറ്റു ഭയാനകമായി മരണപ്പെടുന്നവരുടെ കുടുംബങ്ങളെപ്പറ്റി ഇവര്‍ ചിന്തിക്കാറുണ്ടോ?  സമൂഹത്തിനു പേടി സ്വപ്നമായി മാറിയിരിക്കുന്ന തെരുവുനായ്ക്കള്‍ എന്താണു  സമൂഹത്തിനു നല്‍കുന്ന സംഭാവന?  മനുഷ്യ സഹോദരങ്ങളുടെ വേദന മനസ്സിലാകാത്ത ഈ മൃഗസ്നേഹികള്‍ക്ക് കൂടെ കിടത്തി മുലയൂട്ടി വളര്‍ത്താന്‍ എട്ടോ പത്തോ എണ്ണത്തിനെ ബാക്കിവച്ചിട്ട് എല്ലാ തെരുവുനായ്ക്കളെയും കുത്തിവച്ചോ വിഷം കൊടുത്തോ കൊല്ലേണ്ടതു മനുഷ്യധര്‍മ്മം മാത്രമാണ്.

ഇനി ഈ വീട്ടമ്മ രാത്രിയില്‍ കടപ്പുറത്തു പോകേണ്ടി വന്ന ആവശ്യകതയിലേക്കു കൂടി നോക്കാം.  സ്വന്തമായി വീട്ടില്‍ കക്കൂസില്ലാതിരുന്നതാണു കാരണം. ഏതാണ്ടു പത്തുലക്ഷത്തോളം പേര്‍ ഈ അവസ്ഥയില്‍ പ്രബുദ്ധമായ കേരളത്തില്‍ ജീവിക്കുന്നു.  ഇവര്‍ക്കു കക്കൂസ് പണിതു കൊടുക്കുവാന്‍ സര്‍ക്കാരിനു കഴിയുമോ? ഇതു സര്‍ക്കാരിന്‍റെ മാത്രം ഉത്തരവാദിത്തമാണോ?  വിദേശ രാജ്യങ്ങളില്‍ പോയി പണം സമ്പാദിച്ച് 100 കോടി രൂപമുടക്കി വീടുപണിതവര്‍ വരെ കേരളത്തിലുണ്ട്.  ആഡംബര വാഹനങ്ങളില്‍ തലങ്ങും വിലങ്ങും ഓടി ലക്ഷക്കണക്കിനു രൂപശേഖരിക്കുന്ന മതമേലദ്ധ്യക്ഷന്മാരും അവിടെയുണ്ട്.  കോടികള്‍ മുടക്കി ദേവാലയസൗദങ്ങള്‍ പണിത് ഈശ്വരന്മാരെ കുടിയിരുത്താന്‍ ശ്രമിക്കുന്ന ഇവര്‍ സ്വന്തമായി വീട്ടില്‍ കക്കൂസില്ലാതിരുന്നതുകൊണ്ട് കടപ്പുറത്തേക്കിറങ്ങിയ  സ്ത്രീയെ തെരുവുനായ്ക്കള്‍ കടിച്ചു കീറി തിന്നതുകണ്ടില്ലേ?  അവരുടെ ആര്‍ത്തനാദം കേള്‍ക്കാന്‍ കഴിഞ്ഞില്ലേ?  ഈ സംഭവം കഴിഞ്ഞിട്ടും തീരദേശ നിവാസികളും ആദിവാസികളുമായ പാവപ്പെട്ട ലക്ഷക്കണക്കിന് ആലംബഹീനരായ ഇവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്കെങ്കിലും ഒരു കക്കൂസ് വെച്ചുകൊടുക്കാന്‍ ഒരു മതമേലദ്ധ്യക്ഷന്മാരും മുമ്പോട്ടു വന്നുകണ്ടില്ല.  ഗള്‍ഫിലും അമേരിക്കയിലും വന്നു പണം പിരിച്ച് കീശനിറയെ കാശുമായി പോകുന്ന തിരുമേനിമാരും അച്ചന്മാരും സന്യാസിമാരും സമൂഹത്തിന്‍റെ ഈ ദുരവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കുന്നതു ലജ്ജാകരമാണ്.

കേരളം ഇന്നു ഭരിക്കുന്നത് പാവപ്പെട്ടവരുടെ പാര്‍ടി നേതൃത്വം കൊടുക്കുന്ന മുന്നണിയാണ്.  തെരുവുനായ്ക്കളെപ്പോലെ കലപില കൂട്ടുകയും പാരവയ്ക്കുകയും തമ്മിലടിക്കുകയും ചെളിവാരി എറിയുകയും ചെയ്യുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥകണ്ട് മനം നൊന്താണ് കേരളജനത വന്‍ ഭൂരിപക്ഷത്തോടെ ഇന്നത്തെ മന്ത്രിസഭയെ അധികാരത്തിലേറ്റിയത്.  നൂറു ദിവസങ്ങള്‍ക്കകം തന്നെ മുഖ്യമന്ത്രി കഴിവു തെളിയിച്ചു.  ഇതുവരെ വര്‍ഷങ്ങളായി തുടര്‍ന്നു വന്ന വരട്ടു തത്വശാസ്ത്രങ്ങളല്ല നാടിനുവേണ്ടതെന്ന സത്യം മനസ്സിലാക്കി ദീര്‍ഘവീക്ഷണത്തോടു കൂടി പലക്രിയാത്മക പരിപാടിക്കും നേതൃത്വം കൊടുത്ത് മുടന്തന്‍ വിമര്‍ശനങ്ങളുടെ മുനയൊടിച്ച് ശക്തനായ മുഖ്യമന്ത്രിയെന്ന് ഇതിനകം തന്നെ ശ്രീ. പിണറായി വിജയന്‍ തെളിയിച്ചു.

ആക്രമകാരികളായ തെരുവുനായ്ക്കളെ കൊന്നുകൊള്ളാന്‍ അദ്ദേഹം അനുമതി നല്‍കി.  അതുകൊണ്ടു മാത്രം പ്രശ്നം പരിഹരിക്കാനാവില്ല.  ഇത്രയധികം തെരുവുനായ്ക്കള്‍ പെരുകുവാനുള്ള കാരണം ലക്ഷ്യമില്ലാതെ തലങ്ങും വിലങ്ങും തെരുവുകളില്‍ വലിച്ചെറിയുന്ന മാലിന്യ പായ്ക്കറ്റുകളാണ്.  വീട്ടില്‍ മീന്‍ വെട്ടുന്നതിന്‍റെയും കോഴി വെട്ടുന്നതിന്‍റെയും എല്ലാം അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി തെരുവോരങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യ സംസ്കാരം അവസാനിപ്പിക്കണം.  ഇതിനുവേണ്ടി ഒരു മാലിന്യ സംസ്ക്കരണ പദ്ധതി ഉണ്ടാവണം.  അതുവരെ മാലിന്യം അവനവന്‍റെ പറമ്പില്‍ കുഴിച്ചിടട്ടെ.  അല്ലാതെ തെരുവിലേക്കു വലിച്ചെറിയുന്നവര്‍ക്കു പിഴ ഈടാക്കണം.  അതുപോലെ തന്നെ സ്വന്തമായി കക്കൂസില്ലാത്തവര്‍ക്ക് അതു പണിതുകൊടുക്കാനുള്ള ഒരു പദ്ധതി സര്‍ക്കാര്‍ ആരംഭിക്കണം.  കേരളത്തില്‍ 25 ലക്ഷത്തിനുമുകളില്‍ വീടു പണിയുന്നവര്‍ക്ക് ഇതിലേക്കായി ഒരു ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണം.  പത്തുലക്ഷത്തിനുമുകളിലുള്ള ആഡംബര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഈ സര്‍ചാര്‍ജ് ബാധകമാക്കണം.  25 ലക്ഷം രൂപയില്‍ കൂടുതല്‍ മുടക്കി പണിയുന്ന ദേവാലയങ്ങള്‍ക്കും ഇതു നിര്‍ബ്ബന്ധമാക്കണം.  ഇരുപത്തയ്യായിരം രൂപയ്ക്ക് ഒരു കക്കൂസ് പണിയാമെന്ന് ഒരു എന്‍ഞ്ചിനീയര്‍ പറയുന്നതു കേട്ടു.  വെള്ളം ആവശ്യക്കാര്‍ ബക്കറ്റില്‍ കൊണ്ടുവരണമെന്നു മാത്രം.  എല്ലായിടത്തും ഒരു പക്ഷേ പൈപ്പുലൈന്‍ സാധ്യമാകില്ലല്ലോ.  നല്ല മനസ്ക്കരായ പ്രവാസി മലയാളികളില്‍ നിന്നും ഇക്കാര്യത്തില്‍ സംഭാവന സ്വീകരിക്കാവുന്നതാണ്.  കൊടുക്കുന്ന പണം ഉപഭോക്താവിനു ലഭിക്കുമെന്നുണ്ടെങ്കില്‍ പ്രവാസികള്‍ അവരുടെ വാലറ്റുകള്‍ ഇക്കാര്യത്തിനുവേണ്ടി തുറക്കാന്‍ തയ്യാറാകും.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ തുറസ്സായ പ്രദേശത്തു മലമൂത്രവിസര്‍ജ്ജനം നടത്തുന്ന രാജ്യം എന്ന ഖ്യാതി ഇനി നമുക്കുവേണ്ട.  ഇനി നമ്മുടെ ഒരമ്മയേയും പെങ്ങളെയും മക്കളെയും തെരുവുനായ് കടിച്ചു കീറരുത്.  കൂട്ടായി പ്രവര്‍ത്തിച്ചാല്‍ ഈ ലക്ഷ്യം സാദ്ധ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here