ഷിക്കാഗോ: മലയാള സാഹിത്യലോകത്ത് സനാതനമായ ധാര്‍മ്മികമൂല്യങ്ങള്‍ ഉയര്‍ത്തി സാഹിതീപൂജ നടത്തുന്ന ഒരു എഴുത്തുകാരനെ ഓരോ രണ്ടുവര്‍ഷത്തിലും ആര്‍ഷദര്‍ശന പുരസ്കാരം നല്‍കി ആദരിക്കുവാന്‍ കെ.എച്ച്.എന്‍.എ തീരുമാനിച്ചു. തത്വമസിയെന്നു നേരത്തെ നാമകരണം ചെയ്തിരുന്ന പുരസ്കാരം ചില സാങ്കേതിക കാരണങ്ങളാലാണ് ആര്‍ഷദര്‍ശന പുരസ്കാരമായി പുന:നാമകരണം ചെയ്തിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാര ജേതാവിനെ ഡിസംബര്‍ മാസത്തില്‍ മലയാള വൈജ്ഞാനിക സാഹിത്യലോകത്തെ ശ്രദ്ധേയ സാന്നിധ്യവും, പ്രിയപ്പെട്ട കഥാകാരനുമായ സി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി പ്രഖ്യാപിക്കുന്നതും, ജനുവരിയില്‍ തൃശൂര്‍ സാഹിത്യ അക്കാഡമി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ചു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പുരസ്കാരം സമര്‍പ്പിച്ച് ആദരിക്കുന്നതുമാണ്.

അറിവിന്റെ അക്ഷയഖനികളായ വേദസാഹിത്യത്തെ തുടച്ച് ഉറപ്പുവരുത്തുന്നതിനും സനാതന സാഹിത്യത്തെ വികലമായ മൊഴിമാറ്റത്തിലൂടെയും അപക്വമായ വ്യാഖ്യാനങ്ങളിലൂടെയും മലീമസപ്പെടുത്തുന്നത് തടയുന്നതിനുംവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കേരളത്തില്‍ നിന്നും സി. രാധാകൃഷ്ണന്‍ ചെയര്‍മാനായും, രാധാകൃഷ്ണന്‍ നായര്‍ ചിക്കാഗോ കോര്‍ഡിനേറ്ററുമായി കെ.എച്ച്.എന്‍.എ സാഹിത്യസമിതി രൂപംകൊണ്ടത്.

അമേരിക്കയിലെ പ്രമുഖ മലയാളി സാഹിത്യകാരി ഡോ. സുശീല രവീന്ദ്രനാഥ്, ഗൃഹാതുരത്വമുണര്‍ത്തുന്ന നോവല്‍ സൃഷ്ടിയിലൂടെ അനുവാചക ഹൃദയം കീഴടക്കിയ ഡോ. വേണുഗോപാലമേനോന്‍ (ഹൂസ്റ്റണ്‍), കലാ-സാംസ്കാരിക രംഗങ്ങളില്‍ ലോസ്ആഞ്ചലസില്‍ നിറസാന്നിധ്യമായ ഗോവിന്ദന്‍കുട്ടി നായര്‍, പ്രസ്ക്ലബ് ഓഫ് ഇന്ത്യയുടെ മുന്നണി സംഘാടകനും, കെ.എച്ച്.എന്‍.എയുടെ സജീവ പ്രവര്‍ത്തകനുമായ പ്രസന്നന്‍ പിള്ള (ഷിക്കാഗോ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

2017 ജനുവരി ഏഴിന് തൃശൂരില്‍ വച്ചു നടക്കുന്ന കെ.എച്ച്.എന്‍.എ കേരളാ കണ്‍വന്‍ഷന്റെ ഭാഗമായി നടത്തുന്ന സാഹിത്യ സമ്മേളനത്തില്‍ മലയാളത്തിന്റെ അഭിമാനമായ എം.ടി. വാസുദേവന്‍ നായര്‍ മുഖ്യാതിഥിയായിരിക്കുന്നതും, പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ ആഷാ മേനോന്‍, നാരായണ കുറുപ്പ്, സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതുമാണ്. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here