ഹ്യൂസ്റ്റന്‍: ലോക മലയാളികള്‍ ഓണമാഘോഷിക്കുന്ന സെപ്തംബര്‍ മാസത്തിലെ കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ സമ്മേളനവും സാഹിത്യ ആസ്വാദന, നിരൂപണ ചര്‍ച്ചകള്‍ക്കു പുറമെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണാഘോഷങ്ങള്‍ക്കു കൂടെ വേദിയായി. സെപ്തംബര്‍ 25-ാം തീയതി വൈകുന്നേരം ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള ദേശി റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ കേരള തനിമയാര്‍ന്ന വേഷവിധാനങ്ങളോടെയാണ് കേരളാ റൈറ്റേഴ്‌സ് ഫോറം അംഗങ്ങള്‍ എത്തിയത്. കേരളാ റൈറ്റേഴ്‌സ് ഫോറം അധ്യക്ഷന്‍ മാത്യു നെല്ലിക്കുന്ന് ഏവരേയും പ്രതിമാസ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.

സാഹിത്യ ചര്‍ച്ചാ സമ്മേളനത്തിന്റെ മോഡറേറ്റര്‍ എ.സി. ജോര്‍ജ് ആയിരുന്നു. ജോസഫ് തച്ചാറ എഴുതിയ ഉത്തരിപ്പുകടം എന്ന ചെറുകഥ കഥാകൃത്തു തന്നെ വായിച്ചു. ആളുകളെ അതിവിദഗ്ദമായി ചതിച്ചും പറ്റിച്ചും കോടികള്‍ കൊയ്യുന്ന മനഃസാക്ഷിയില്ലാത്ത ചില ബിസിനസ്സ് അധോലോക നായകരെ പറ്റിയായിരുന്നു കഥ. അവര്‍ക്ക് ഈശ്വരനോടും വഞ്ചിതരായ പൊതുജനത്തോടും ഒരു തരം ഉത്തരിപ്പു കടമുണ്ടെന്നു സ്ഥാപിച്ചെടുക്കുകയായിരുന്നു കഥാകൃത്ത്. തുടര്‍ന്ന് തോമസ് കാളശേരിയുടെ യുദ്ധഭൂമി എന്ന കവിത കാലാകാലങ്ങളില്‍ മതത്തിന്റേയും ദൈവത്തിന്റേയും പേരിലുള്ള മനുഷ്യകുരുതിയെ പറ്റിയുള്ളതായിരുന്നു. അപ്രകാരം അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ട തന്റെ അരുമപുത്രന്റെ ചേതനയറ്റ ശവശരീരം മടിയില്‍ കിടത്തി അശരണയായ ഒരു പെറ്റമ്മയുടെ വിലാപങ്ങള്‍ കാല്‍വരി കുന്നില്‍ മാത്രമല്ല ഇന്നും ആവര്‍ത്തിക്കപ്പെടുന്നു എന്ന് കവി സമര്‍ത്ഥിക്കുന്നു. ഡിട്രൊയിറ്റില്‍ നിന്നുള്ള അബ്ദുള്‍ പുന്നയൂര്‍കുളത്തിന്റെ അശരീരി എന്ന കവിത, ഈശൊ ജേക്കബ് പാരായണം ചെയ്തു.

 ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാഹിത്യകാരന്‍മാരും ചിന്തകരുമായ ജോണ്‍ മാത്യു, മാത്യു നെല്ലിക്കുന്ന്, എ.സി. ജോര്‍ജ്, ജോസഫ് പൊന്നോലി ദേവരാജ് കുറുപ്പ്, ഡോക്ടര്‍ മാത്യു വൈരമണ്‍, തോമസ് കാളശേരി, ബാബു കുരവക്കല്‍, ജോണ്‍ കുന്തറ, ജയിംസ് ചാക്കൊ, ജേക്കബ് ഈശോ, ഇന്ദ്രജിത് നായര്‍, മോട്ടി മാത്യു, ബോബി മാത്യു, ജോസഫ് തച്ചാറ, ഗ്രേസി നെല്ലിക്കുന്ന്, റോഷന്‍ ഈശൊ, തോമസ് കാളശേരി, മേരികുട്ടി കുന്തറ, മോളി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

ഓണാഘോഷത്തിന്റെ ഭാഗമായി പാടിപതിഞ്ഞ പഴയകാല ഗോള്‍ഡന്‍ ഹിറ്റുകള്‍ പാടി ഇന്ദ്രജിത് നായര്‍, ബോബി മാത്യു, ജോസഫ് പൊന്നോലി, തോമസ് കാളശേരി, ജോസഫ് തച്ചാറ എന്നിവര്‍ ആഘോഷത്തെ സമ്പുഷ്ടമാക്കി. വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികള്‍ സമാപിച്ചത്.

4-Kerala Writers Forum news photo 3-Kerala Writers Forum Meeting news photo

LEAVE A REPLY

Please enter your comment!
Please enter your name here