മെൽബൺ ∙ ഒളിവിലായിരുന്നിട്ടും ആ ഓസ്ട്രേലിയൻ കുറ്റവാളിക്കു പ്രതികരിക്കേണ്ടിവന്നു. പൊലീസിന്റെ തിരച്ചിൽ അറിയിപ്പിൽ അത്രയ്ക്കു മോശം പടം വന്നാൽ പിന്നെ എന്തു ചെയ്യും! ലഹരികടത്തുകേസിലെ പ്രതിയായ ഡാനിയേൽ ഡാമൊൻ എന്ന ഇരുപത്തിമൂന്നുകാരനാണ് രോഷം തീർക്കാൻ ഫെയ്സ്ബുക്കിൽ ‘ഹാജരായത്’. മോശം പടം മാറ്റി നല്ലൊരു പടം കൊടുക്കെടേയെന്നു പറഞ്ഞു പൊലീസിനോടു ചൂടായ പ്രതിക്ക് ഉശിരൻ മറുപടിയും ഉടനെയെത്തി: ഏറ്റവുമടുത്ത പൊലീസ് സ്റ്റേഷൻ സന്ദർശിക്കൂ, സൗജന്യമായി പുതിയ കിടിലൻ പടമെടുത്തു തരാം!

വിക്ടോറിയയിലെ എപ്സം സ്വദേശിയായ ഡാമൊൻ ജാമ്യമെടുത്തു മുങ്ങിയശേഷം പൊങ്ങാതെ വന്നപ്പോഴാണ് പൊലീസ് വാറന്റ് ഇറക്കിയത്. ആരെങ്കിലും തിരിച്ചറിഞ്ഞാൽ ഉപകാരമാകട്ടെയെന്നു കരുതി പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ പടം നൽകി മണിക്കൂറുകൾക്കുള്ളിലാണു പ്രതി ‘പൊങ്ങി’യത്. നല്ലൊരു വക്കീലിനെ സംഘടിപ്പിക്കുന്നതുൾപ്പെടെ കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും അതിനുശേഷം സ്റ്റേഷനിൽ ഹാജരാകാമെന്നുമുള്ള മോഹനവാഗ്ദാനം നൽകിയാണു ‍പ്രതി വീണ്ടും മുങ്ങിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here