വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ട്രമ്പ് തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കന്‍ സാമ്പത്തിക അടിത്തറ തകരുമെന്നുള്ള പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി ഡോളര്‍ ശക്തി പ്രാപിക്കുന്നതായി ഇന്ന് (നവംബര്‍ 18ന്) പുറത്തിറക്കിയ സാമ്പത്തിക സര്‍വ്വേയില്‍ ചൂണ്ടി കാണിക്കുന്നു. കഴിഞ്ഞ പതിമൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് ഡോളര്‍ വില ഇത്രയും ഉയരുന്നുതെന്ന് ന്യൂയോര്‍ക്ക് ഒ നീല്‍ സെക്യൂരിറ്റി ഡയറക്ടര്‍ കെന്‍ പോള്‍ കറി പറഞ്ഞു.

 നിയുക്ത പ്രസിഡന്റ് ട്രമ്പിന്റെ സാമ്പത്തിക നയപരിപാടികള്‍ ശരിയാണെന്ന് തെളിയിക്കുന്നതിന്റെ സൂചനയാണ് ഡോളര്‍ ശക്തിപ്പെടുന്നതിന് ഇടയാക്കിയതെന്നും കെന്‍ അഭിപ്രായപ്പെട്ടു. ഡോളര്‍ ശക്തിപ്പെടുന്നത് അമേരിക്കന്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായമുണ്ട്.
ഡോളറുമായുള്ള യൂറോ വിനിമയ നിരക്ക് 3 ശതമാനം കുറഞ്ഞു. 1.0593 ല്‍ എത്തിയത് ഡോളര്‍ വാങ്ങികൂട്ടുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ടെന്ന് ഷിക്കാഗോ ബ്രോക്കറേജ് (T.J.M) ഫോറിന്‍ എക്‌സ്‌ചേയ്ഞ്ച് വിഭാഗം തലവന്‍ റിച്ചാര്‍ഡ് സ്‌ക്കലോങ്ങും പറയുന്നു.

ഇന്ത്യന്‍ രൂപയുമായുള്ള ഡോളര്‍ വിനിമയ നിരക്കിലും കാര്യമായ വര്‍ദ്ധനവു ഉണ്ടായിട്ടുണ്ട്.  ഈ ആഴചയില്‍ ആദ്യം ഒരു ഡോളറിന് 66 രൂപയുണ്ടായിരുന്നതു വാരാന്ത്യമായതോടെ 68 മുകളില്‍ എത്തിയത് വിദേശ മലയാളികളെ കൂടുതല്‍ ഡോളറുകള്‍ നാട്ടിലേക്ക് അയയ്ക്കുന്നതിന് സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഡോളര്‍ ശക്തിപ്പെട്ടതോടെ സ്വര്‍ണ്ണവിലയില്‍ കുറവ് അനുഭവപ്പെട്ടു (0.7%).
ഇന്ത്യന്‍ കറന്‍സിയുടെ അസ്ഥിരത, ഡോളര്‍ വില ഇനിയും വര്‍ദ്ധിക്കുന്നതിന് സാധ്യതയുള്ളതായി സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here