geteePhoto.php
ന്യൂയോര്‍ക്ക്: ആത്മീയവിശുദ്ധിയുടെ അനുഭവങ്ങള്‍ക്കായി എലന്‍വില്‍ ഓണേഴ്‌സ് ഹേവന്‍ ഒരുങ്ങുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ജൂലൈ 15 ബുധനാഴ്ച തിരി തെളിയുന്നതോടെ, ധ്യാനസംഗമത്തിന്റെ ഒരു പുത്തന്‍ അനുഭവത്തിനാണ് വേദിയാവുക. ഭദ്രാസന ജനങ്ങളുടെ ആത്മീയ പുരോഗതിക്കൊപ്പം, കലാ-കായിക സാംസ്‌ക്കാരിക തലങ്ങളിലെ അഭിവൃദ്ധിയും ലക്ഷ്യമിടുന്ന കോണ്‍ഫറന്‍സ്, ന്യൂയോര്‍ക്ക് എലന്‍വില്ലിലുള്ള ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടില്‍ ജൂലൈ 18 ശനിയാഴ്ച സമാപിക്കും. വിശ്വാസത്തില്‍ അഭിവൃദ്ധിപ്പെടുന്ന തലമുറ (തലമുറയോട് നിന്റെ ക്രിയകളെ പുകഴ്ത്തി, നിന്റെ വീര്യ പ്രവര്‍ത്തികളെ പ്രസ്താവിക്കും എന്ന സങ്കീര്‍ത്തന ഭാഗത്തെ 145-ാം അധ്യായം നാലാം വാക്യത്തെ അടിസ്ഥാനമാക്കി) എന്ന ചിന്താവിഷയത്തിലൂന്നിയ ധ്യാനവും, പ്രസംഗപരമ്പരകളും, ചര്‍ച്ചാക്ലാസ്സുകളും നിറഞ്ഞ ആത്മീയപകലുകള്‍ക്കായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ സജീവ നേതൃത്വത്തില്‍  നടത്തപ്പെടുന്ന കോണ്‍ഫറന്‍സിന്റെ നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നു കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ് എന്നിവര്‍ അറിയിച്ചു.
കുലാലമ്പൂര്‍ സെന്റ് മേരീസ് കത്തീഡ്രല്‍ വികാരിയും മികച്ച വാഗ്മിയുമായ വെരി. റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്‌കോപ്പയാണ് കീനോട്ട് സ്പീക്കര്‍. നല്ലൊരു വാഗ്മി, ആത്മീയ ഇടയന്‍, മികച്ച ആത്മീയ നേതാവ്, സഭയുടെ നേതൃപാടവം വിദേശമണ്ണില്‍ കൈയാളിയ ഭരണതന്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം ഫിലിപ്പ് അച്ചന്‍ തന്റേതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്ത് പ്രവാസിമുദ്രകള്‍ പതിഞ്ഞ മലേഷ്യയിലെ മൂന്നു തലമുറകളിലേക്ക് ആത്മീയസൗഖ്യം പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞ ഫിലിപ്പ് അച്ചന്‍ ദൈവീകമായ ആത്മദാനത്തിന്റെ നിദാന്തശ്രേഷ്ഠനായി മാറി. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വളര്‍ച്ചയില്‍ ഫിലിപ്പ് അച്ചന്‍ വഹിച്ച പങ്ക് നിസ്തൂലമാണ്. മലേഷ്യയിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ വികാരിയായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നത് ഇത് മുപ്പതാം വര്‍ഷമാണ്. മലേഷ്യയിലെ ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ (എസ്.സി.എം) ചെയര്‍മാന്‍, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് മലേഷ്യയുടെ വൈസ് പ്രസിഡന്റ്, ഇന്റര്‍ ഫെയ്ത്ത് ആന്‍ഡ് പീസ് കമ്മ്യൂണിറ്റി സെന്ററിന്റെ ഡയറക്ടര്‍, ഇന്റര്‍ റിലീജിയസ് സര്‍വീസ് (എഫ്ജിഐഎസ്) സൗഹൃദക്കൂട്ടായ്മയുടെ കോ ചെയര്‍മാന്‍, കുലാലമ്പൂര്‍ വൈ.എം.സി.എ യുടെ ഡയറക്ടര്‍ എന്നിങ്ങനെ ഫിലിപ്പ് അച്ചന്‍ സേവനമനുഷ്ഠിക്കുന്ന ഉയര്‍ന്ന തലങ്ങളിലെല്ലാം തന്നെ അദ്ദേഹം കര്‍മ്മനിരതനാണ്. യുവജനങ്ങളുടെ സെഷന് ഫാ. എബി ജോര്‍ജും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ സെഷന് ഫാ. അജു ഫിലിപ്പ് മാത്യുവും നേതൃത്വം നല്‍കും.
കോണ്‍ഫറന്‍സ് വേദിയില്‍ പ്രകാശനം ചെയ്യാനുള്ള സ്മരണികയുടെ അവസാനവട്ട മിനുക്കു പണികള്‍ നടന്നുവരുന്നു. കൗണ്‍സില്‍ അംഗം കൂടിയായ ഫിലിപ്പോസ് ഫിലിപ്പ് ആണ് സുവനീര്‍ ബിസിനസ്സ് മാനേജര്‍. ലിന്‍സി തോമസ് ആണ് ചീഫ് എഡിറ്റര്‍. ജീമോന്‍ വര്‍ഗീസാണ് ജോയിന്റ് ട്രഷറര്‍.
ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡ് കൗണ്ടി ഏരിയയില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ മാത്രം യാത്രാദൂരമുള്ള അള്‍സ്റ്റര്‍ കൗണ്ടിയിലെ മനോഹരപ്രദേശമായ കാറ്റ്‌സ്‌കില്‍ ഷോണ്‍ഗണ്ണില്‍ 250 ഏക്കറില്‍ പരന്നു കിടക്കുന്ന ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ട് ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു. സ്റ്റൈലിഷ് ആയ ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ടാണിത്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇവിടുത്തെ അന്തരീക്ഷംപ്രദാനം ചെയ്യുക ഒരു പുത്തന്‍ അനുഭവമായിരിക്കും. 235 ഗസ്റ്റ്മുറികളും ഗ്രാന്‍ഡ് ബാങ്ക്വറ്റ് ഹാളും മറ്റ് കോണ്‍ഫറന്‍സ് ബ്രേക്ക് ഔട്ട് മുറികളും ജിംനേഷ്യം സ്വിമ്മിങ് പൂളുകളും മനോഹരമായ പുല്‍ത്തകിടികളുമൊക്കെ ഓണേഴ്‌സ് ഹേവനെ എല്ലാം തികഞ്ഞൊരു കോണ്‍ഫറന്‍സ് സെന്ററായി മാറ്റുന്നു.
ആഴ്ചകള്‍ക്ക് മുന്‍പു തന്നെ രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്യാനായി എന്നത്, ഇതുവരെ നടന്നിട്ടുള്ള കോണ്‍ഫറന്‍സ് നടത്തിപ്പിന്റെ സ്വീകാര്യതയായാണ് ഭാരവാഹികള്‍ കണക്കു കൂട്ടുന്നത്. കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ചുള്ള പ്രോഗ്രാമുകള്‍, യാമപ്രാര്‍ത്ഥനകള്‍, ഗാനശുശ്രൂഷകള്‍, ധ്യാനയോഗങ്ങള്‍, ചര്‍ച്ചാവേദികള്‍, വ്യത്യസ്തമായ കലാകായിക മത്സരങ്ങള്‍ എന്നിവയൊക്കെയായി എല്ലാം തികഞ്ഞൊരു കുടുംബസംഗമത്തിനായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം തയ്യാറെടുത്തു കഴിഞ്ഞു. ഇനി എല്ലാ ആത്മീയ വഴികളും എലന്‍വില്ലിലേക്ക്. നാലു മണിക്ക് മുന്‍പു തന്നെ എല്ലാവരും കോണ്‍ഫറന്‍സ് സെന്ററില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here