ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ന്യൂജേഴ്‌സിയിലെ ജയില്‍ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്കു പോകേണ്ടിയിരുന്ന മലയാളിയായ യുവാവ് തന്റെ പാസ്സ്‌പോര്‍്ട്ട് മുതലായ രേഖകള്‍ കിട്ടാതെ നിരാശനായി കഴിയുകയായിരുന്നു. ആ ചെറുപ്പക്കാരന്റെ കാര്യത്തില്‍ ഇടപെട്ട് എത്രയും വേഗം അയാളെ നാട്ടിലേയ്ക്ക് അയയ്ക്കുക എന്ന ലക്ഷ്യത്തോടെ “അനീതിക്കെതിരെ അണിനിരക്കാന്‍ ജെ.എഫ്.എ.യുടെ ആഹ്വാനം’ എന്ന തലക്കെട്ടില്‍ ഈ ലേഖകന്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനം കണ്ട് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സാമൂഹ്യപ്രതിബദ്ധതയുള്ള പലരും എന്നെ വിളിച്ച് വേണ്ട സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും, ആ ചെറുപ്പക്കാരനെ പോയി കാണുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വരെ നടത്തുകയുണ്ടായി. അവരില്‍ ചിലരുടെ പേരുകള്‍ എടുത്തു പറഞ്ഞില്ലെങ്കില്‍ സത്യം മറച്ചുവയ്ക്കുന്നതിനു തുല്ല്യമാണെന്നു ഞാന്‍ കരുതുന്നു. ചിക്കാഗോയില്‍ നിന്നും ബെന്നി വാച്ചാച്ചിറ, ന്യൂജേഴ്‌സിയില്‍ നിന്നും, അനില്‍ പുത്തന്‍ചിറ, അനിയന്‍ ജോര്‍ജ്, ജിബി തോമസ്, മാധ്യമപ്രവര്‍ത്തകരായ ജോര്‍ജ് ജോസഫ്, മധു കൊട്ടാരക്കര, ജോയിച്ചന്‍ പുതുക്കുളം തുടങ്ങിയവരാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതുവേണ്ടവിധം ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കേ കഴിയുകയുള്ളൂ എന്ന കാര്യത്തില്‍ സംശയമില്ല.

മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്ത റ്റ്വിറ്ററിലും, ഫേസ്ബുക്കിലുമെല്ലാം ഇംഗ്ലീഷ് പരിഭാഷയോടെ വന്നതിന്റെ പ്രത്യാഘാതമെന്നു വേണമെങ്കില്‍ പറയാം. ന്യൂസ് പബ്ലിഷ് ചെയ്ത് 6 മണിക്കൂര്‍ കഴിയുന്നതിനു മുമ്പ് ആ യുവാവിന്റെ പാസ്‌പോര്‍ട്ട് മുതലായ സാധനങ്ങള്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ പക്കല്‍ നിന്നും വാങ്ങേണ്ട ഫെഡറല്‍ ഏജന്റ് എല്ലാ സാധനങ്ങളും കിട്ടിക്കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്തയുമായി ഓടിയെത്തി. അക്കൂട്ടത്തില്‍ ആ ചെറുപ്പക്കാരന്‍ നഷ്ടപ്പെട്ടുപോയി എന്നു കരുതിയിരുന്ന വാലറ്റുവരെ ഉണ്ടായിരുന്നു എന്ന് ഡിസംബര്‍ എട്ടാം തീയതി ഉച്ചകഴിഞ്ഞ് 4 മണിയോടുകൂടി ഫോണിലൂടെ എന്നെ വിളിച്ചു പറഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. താമസിയാതെ അനില്‍ പുത്തന്‍ചിറ, അനിയന്‍ ജോര്‍ജ്, ജോയിച്ചന്‍ പുതുക്കുളം തുടങ്ങി ആ ചെറുപ്പക്കാരന്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ ബന്ധപ്പെട്ടിരുന്ന എല്ലാവരെയും വിളിച്ചു പറയുകയുണ്ടായി.

ജസ്റ്റീസ് ഫോര്‍ ഓള്‍(ജെ.എഫ്.എ.) എന്ന സംഘടന ഇതിനു മുമ്പ് ജയിലില്‍ കിടന്ന പലരെയും സഹായിച്ചിട്ടുണ്ടെങ്കില്‍ കൂടി അവരാരും ഇതെവരെ സഹായിച്ചവരെ വിളിക്കുകയോ നന്ദി വാക്കുകള്‍ പറയുകയോ ചെയ്തിട്ടില്ല എന്നുള്ളത് വ്യക്തമായി ഈ ലേഖകന് ഓര്‍മ്മയുണ്ട്. ഒരു പക്ഷേ അതുകൊണ്ടു തന്നെ ആയിരിക്കാം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് യേശുക്രിസ്തു പത്തു കുഷ്ടരോഗികളെ സുഖമാക്കിയിട്ട് ഒരാള്‍ മാത്രം വന്ന് നന്ദി പറഞ്ഞ കഥ പറയാന്‍ കാരണം.
ഒരു പക്ഷേ ആ ചെറുപ്പക്കാരന് ക്രിസ്തുമസിനു മുമ്പു തന്നെ നാട്ടിലെത്താന്‍ കഴിഞ്ഞേക്കും എന്നും പ്രതീക്ഷിക്കാം. അമേരിക്കന്‍ മലയാളി സമൂഹം ഒരുമിച്ചു നില്‍ക്കുകയാണെങ്കില്‍ ഇതു പോലെ എത്രയോ കാര്യങ്ങള്‍ പരിഹരിക്കാനാവും എന്ന് ഓര്‍ത്തു പോകുന്നു.

ഏതായാലും ആ ചെറുപ്പക്കാരനെ അര്‍ഹിക്കുന്ന ബഹുമാനത്തോടെ നാട്ടിലേയ്ക്കയയ്ക്കാന്‍ വരെ നമ്മുടെ നേതാക്കള്‍ തയ്യാറായിട്ടുണ്ട് എന്നുള്ളത് സന്തോഷകരമായ ഒരു കാര്യമാണ്. നമ്മുടെ കൂട്ടായ്മ മറ്റു സമൂഹങ്ങളില്‍പ്പെട്ടവര്‍ക്കു കൂടി ഒരു മാതൃക ആവുമെന്ന കാര്യത്തില്‍ സംശയമില്ല.

വാര്‍ത്ത : തോമസ് കൂവള്ളൂര്‍

Picture2

LEAVE A REPLY

Please enter your comment!
Please enter your name here