ഒരു മാസം മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയ വലിയൊരു പ്രഖ്യാപനം നടത്തിയത്. 500, 1000 കറൻസി നോട്ടുകൾ പിൻവലിച്ചുള്ള പ്രഖ്യാപനം. ഈ പ്രഖ്യാപനം വന്നു മുപ്പത്ത് ദിവസം കഴിയുമ്പോൾ രാജ്യത്ത് എന്തെല്ലാം സംഭവിച്ചു, ആരെല്ലാം നേട്ടങ്ങളുണ്ടാക്കി, താഴെ വീണവർ ആര്, കണ്ണപ്പണം പിടിക്കാനായോ, ക്യാഷ്‌ലെസ് പദ്ധതി നടപ്പിലാക്കാനായോ? അങ്ങനെ നൂറായിരം കാര്യങ്ങളാണ് അറിയാനുള്ളത്.

എന്നാൽ 30 ദിവസത്തെ കണക്കുകൾ വരുമ്പോൾ നേട്ടമുണ്ടാക്കിയത് ചില ഓൺലൈൻ പെയ്മെന്റ് ഇടപാടുകാരാണെന്ന കാര്യം വ്യക്തമാണ്. നോട്ടുകൾ അസാധുവാക്കിയ തീരുമാനത്തെ ചിലർ എതിർത്തു, ചിലർ പിന്തുണച്ചു. എന്നാൽ ഈ മുപ്പത് ദിവസവും പ്രധാന റോൾ വഹിച്ചത് സാങ്കേതിക സംവിധാനങ്ങളും ചില ഡിജിറ്റൽ വാക്കുകളുമായിരുന്നു. വല്ലപ്പോഴും കേട്ടിരുന്ന എടിഎം, ഡിജിറ്റൽ പെയ്മെന്റസ്, മൊബൈൽ വലെറ്റ്സ്, പേടിഎം തുടങ്ങി നിരവധി ഡിജിറ്റൽ മണി സർവീസ് വാക്കുകൾ ദിവസേന കേൾക്കാൻ തുടങ്ങി.

നോട്ടുകൾ പിൻവലിച്ചതിനെ കുറിച്ച് മോദിയും ധനകാര്യ മന്ത്രിയും പറഞ്ഞത് ഇതു മാറ്റത്തിനുള്ള മികച്ച സമയമെന്നാണ്. രാജ്യത്തെ കോടിക്കണക്കിനു ജനങ്ങൾ ഡിജിറ്റൽ പെയ്മെന്റ് ഉപയോഗിച്ചു തുടങ്ങുമോ? തുടങ്ങുമെങ്കിൽ എത്രത്തോളം അവർക്ക് ഉപയോഗപ്പെടുത്താൻ കഴിയും. 30 ദിവത്തിനിടെ രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളുടെ കണക്കുകൾ എന്താണ് കാണിക്കുന്നത്?

മൊബൈൽ വലെറ്റ്, ഡിജിറ്റൽ പെയ്മെന്റുകൾ

രാജ്യത്തെ മുക്കാൽ ഭാഗം കറൻസികളും പിൻവലിച്ചതോടെ ഇടപാടുകൾ നടത്താനാകാതെ ജനം വലഞ്ഞു. ചെറിയ ഇടപാടുകൾക്കു പോലും ചില്ലറ നൽകാനാകാതെ വാങ്ങുന്നവരും വിൽക്കുന്നവരും ബുദ്ധിമുട്ടിയപ്പോൾ പരിഹാരമാർഗങ്ങൾ തേടി. ഇതോടെയാണ് കയ്യിലുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മിക്കവരും ഉപയോഗിക്കാൻ തുടങ്ങിയത്. പുറമെ മൊബൈൽ വലെറ്റുകളും ഉപയോഗിച്ചും തുടങ്ങി. കഴിഞ്ഞ 30 ദിവസത്തിനിടെ രാജ്യത്തെ റീട്ടെയിൽ കച്ചവടക്കാർ ഭൂരിഭാഗവും കാർഡ് ഉപയോഗിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾപ്രകാരം രാജ്യത്ത് 75 കോടി ഇലക്ട്രോണിക് കാർഡുകൾ ഉണ്ടെന്നാണ്. ഇതിൽ 72 കോടിയും ഡെബിറ്റ് കാർഡുകളാണ്. നവംബർ എട്ടു വരെ ഈ കാർഡുകളെല്ലാം ഭൂരിഭാഗവും എടിഎമ്മിൽ നിന്നു കറൻസി നോട്ടുകൾ പിൻവലിക്കാനാണ് ഉപയോഗിച്ചിരുന്നത്. കുറച്ചു പേർ മാത്രമാണ് ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങാൻ ഈ കാർഡുകൾ ഉപയോഗിച്ചിരുന്നത്. പിഒഎസ് സർവീസ് ഉപയോഗിക്കുന്നവരും കുറവാണ്.

എന്നാൽ ഈ കാർഡുകളെല്ലാം എടിഎമ്മിൽ നിന്നു പണം പിൻവലിക്കുന്നതിനു പുറമെ ഇപ്പോൾ‍ നിരവധി ഓൺലൈൻ ഇടപാടുകൾക്ക് ഉപയോഗിക്കുന്നു. ബാങ്കുകൾ വഴി നൽകിയിട്ടുള്ള പിഒഎസ് മെഷീനുകളും മിക്ക ചെറുകിട കടകളിലും കാണാൻ കഴിയുന്നുണ്ട്. ഓരോ പെയ്മെന്റിനും ബാങ്കുകൾ അധികതുക ഈടാക്കുന്നതിനാലാണ് പിഒഎസ് സർവീസ് ഉപയോഗിക്കാൻ ഉപഭോക്താക്കൾ മടിക്കുന്നത്. ബാങ്കുകൾക്കു നൽകേണ്ട അധിക ചാർജ് ഉപഭോക്താക്കളിൽ നിന്നാണ് കടക്കാർ ഈടാക്കുന്നത്. എന്നാൽ നോട്ടുകൾ അസാധുവാക്കിയതിനു ശേഷം ബാങ്കുകാർ പിഒഎസ് ഇടപാടുകൾക്ക് അധികചാർജ് ഈടാക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

digital-make-india
 

നോട്ടുകൾ അസാധുവാക്കിയ ആ രാത്രി തന്നെ മൊബൈൽ വലെറ്റുകൾ സജീവമായി. ആർക്കും അത്ര പരിചയമില്ലാത്ത വലെറ്റുകൾ വരെ മിക്കവരും തേടിപിടിച്ചു ഉപയോഗിക്കാൻ തുടങ്ങി. കഴിഞ്ഞ 30 ദിവസത്തിനിടെ ഏറ്റവും നേട്ടമുണ്ടാക്കിയ ഇ-പെയ്മെന്റ് സേവനം പേടിഎമ്മാണ്. പേടിഎം പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതിയ രജിസ്ട്രേഷൻ 200 ശതമാനം കൂടിയെന്നാണ്. പേടിഎം ആപ്പ് ഡൗൺലോഡിങ് 250 ശതമാനം കൂടി. ഈ കണക്കുകളെല്ലാം മോദിയുടെ പ്രഖ്യാപനം വന്നു മണിക്കൂറുകൾക്കുള്ളിലാണ്. ഈ സമയത്ത് പുതിയ കാർഡുകൾ ചേർക്കുന്നത് 30 ശതമാനം ഉയർന്നു. വീണ്ടും വീണ്ടും സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണവും കുത്തനെ ഉയർന്നു. പേടിഎമ്മിലേക്ക് പണം ചേർക്കുന്നത് 1000 ശതമാനം ഉയർന്നു. ഇടപാടുകൾ 400 ശതമാനവും ഉയർന്നു. നവംബർ 8 നു രാത്രി പേടിഎം ട്രാഫിക്ക് 435 ശതമാനം ഉയർന്നു.

എന്നാൽ ഇതേദിവസം മുതൽ പേടിഎമ്മിനു പുറമെ മറ്റു മൊബൈൽ വലെറ്റുകവുടെ വരുമാനവും കുത്തനെ ഉയർന്നിട്ടുണ്ട്. എന്നാൽ വിപണിയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത് പേടിഎമ്മായരുന്നു. ഇതിന്റെ ആനുകൂല്യം പേടിഎമ്മിനു ലഭിക്കുകയും ചെയ്തു. ഇന്ന് ഒരിടത്തും പരസ്യം ചെയ്യാതെ തന്നെ പേടിഎം ഹിറ്റായി കഴിഞ്ഞു. രാജ്യത്തെ മിക്ക കടകൾക്കു മുന്നിലും പേടിഎം സ്വീകരിക്കുമെന്ന ബോർഡ് കാണാം. കഴിഞ്ഞ 30 ദിവസം കൊണ്ട് പേടിഎം നേടിയത് 10 വർഷം കൊണ്ടുണ്ടാക്കാവുന്ന നേട്ടമാണെന്ന് പറയാം.

ഈ കണക്കുകളെല്ലാം ഡിജിറ്റൽ ഇന്ത്യ, ക്യാഷ്‌ലെസ് ഇന്ത്യ എന്നീ ലക്ഷ്യങ്ങളിലേക്കുള്ള ചെറിയ നീക്കങ്ങളാണ് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നത്. ആർബിഐ നിരീക്ഷണപ്രകാരം പുതിയ പ്രഖ്യാപനം വന്നതിനു ശേഷം മൊബൈൽ വലെറ്റുകളെല്ലാം വൻ നേട്ടം കൈവരിച്ചെന്നാണ്. പേടിഎമ്മിനു ഇപ്പോൾ ദിവസവും 32.5 ലക്ഷം ഇടപാടുകളാണ് നടക്കുന്നത്. 60 കോടി രൂപയുടെ വരുമാനവും ലഭിക്കുന്നത്. ഡിസംബർ ആദ്യത്തിലെ ആർബിഐയുടെ മറ്റു കണക്കുകൾ പ്രകാരം എട്ടു മൊബൈൽ വലെറ്റുകളും മറ്റു പെയ്മെന്റ് സർവീസുകളും ദിവസവും 25 ലക്ഷം ഇടപാടുകളിൽ നിന്നായി 60 കോടി രൂപയാണ് സ്വന്തമാക്കുന്നത്. ബാങ്കുകളുടെ മൊബൈൽ ആപ്പുകളുടെ ഉപയോഗവും കൂടി. മൊബൈൽ വലെറ്റ് വഴിയുള്ള ഇടപാടുകളുടെ സുരക്ഷയാണ് ഏറ്റവും വലിയ വെല്ലുവിളി. മിക്ക ഓൺലൈൻ പെയ്മെന്റ് സർവീസുകളുടെയും സുരക്ഷ ശക്മാക്കിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നുള്ള ആപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. പാസ്‌വേർഡ് സുരക്ഷിതമാക്കാനായി പ്രത്യേകം ഫീച്ചർ തന്നെ പേടിഎം തുടങ്ങിയിട്ടുണ്ട്. പിൻ, പാസ്‌വേർഡ്, ഫിംഗർപ്രിന്റ് സംവിധാനങ്ങളാണ് പേടിഎം ആപ്പ് സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്നത്.

കറൻസി നോട്ടുകൾ തികഞ്ഞില്ല, ഉപയോഗം കുറഞ്ഞു

500, 1000 നോട്ടുകൾ അസാധുവായതോടെ വിപണിയിലെ ഭൂരിഭാഗം കറൻസികളും ഇല്ലാതായി. ഇതോടെ കറൻസികളുടെ ഉപയോഗം കുറഞ്ഞുവെന്ന് പറയാം. നവംബർ 10 മുതൽ ഡിസംബർ അഞ്ചു വരെയുള്ള ആർബിഐ കണക്കുകൾ പ്രകാരം 3.81 ട്രില്ല്യൻ രൂപ അടിച്ചിറക്കി. എന്നിട്ടും ക്യാഷിന്റെ ക്ഷാമം തീർ‍ന്നിട്ടില്ല. നവംബർ 10 മുതൽ നവംബർ 27 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ബാങ്കുകളി‍ൽ നിക്ഷേപവും പിൻവലിക്കലുമായി 8,44,982 കോടി രൂപയുടെ ഇടപാടുകൾ നടന്നുവെന്നാണ്. ഇതിൽ എക്സേഞ്ച് ചെയ്തത് 33,948 കോടി രൂപ. നിക്ഷേപിച്ചത് 8,11,033 കോടി രൂപ. ഈ കാലയളവിൽ 2,16,617 കോടി രൂപയാണ് പിൻവലിച്ചത്. ഈ തുകയെല്ലാം പിൻവലിച്ചത് എടിഎം, ബാങ്ക് കൗണ്ടർ വഴിയായിരുന്നു. എല്ലാം ഓഫ്‌ലൈൻ പിൻവലിക്കൽ.

digital-india
 

ഈ കണക്കുകൾ നോക്കുമ്പോൾ പൊതുജനത്തിന്റെ മനസ്സിലിരിപ്പ് എന്തെന്ന് വ്യക്തമായി ഊഹിക്കാൻ കഴിയില്ല. എല്ലാവർക്കും വേണ്ട പോലെ കറൻസി നോട്ടുകൾ കിട്ടിയാൽ ഇ–സേവനങ്ങൾ മറന്നേക്കുമെന്നാണ് മിക്കവരുടെയും നിരീക്ഷണം. ഒരു രാത്രിയിൽ പരിഭ്രാന്തിയുടെ മുകളിൽ തുടക്കമിട്ട മൊബൈൽ വലെറ്റ് ഇടപാടുകൾ കൂടുതൽ കറൻസി നോട്ടുകൾ എത്തുന്നതോടെ എല്ലാം നിർത്തിയേക്കാം. ഇടപാടുകൾക്ക് വേറെ വഴി ഇല്ലാത്തതു കൊണ്ടു മാത്രമാണ് ഇപ്പോൾ മിക്കവരും ഓൺലൈൻ ഇടപാടുകൾ നടത്തുന്നത്. ഇപ്പോൾ മിക്കവരും മറ്റുള്ളവരുടെ സഹായം തേിടിയാണ് ഓൺലൈൻ ഇടപാടുകൾ നടത്തുന്നത്.

ഓൺലൈൻ പെയ്മെന്റ് രംഗത്ത് പേടിഎം നേരത്തെ സജീവമാണ്. മറ്റു സേവനങ്ങളെല്ലാം ഒരു പരിഭ്രാന്തിയുടെ മുകളിൽ നേട്ടമുണ്ടാക്കിയവരാണെന്ന് പറയേണ്ടിവരും. മൊബിക്യുക്ക് സർവീസ് 30 ദിവസത്തിനിടെ 75,000 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. രണ്ടു ദിവസം കൊണ്ട് 20 ലക്ഷം പേരാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തത്. അസോജത്തിന്റെ നിരീക്ഷണപ്രകാരം കറൻസി പിൻവലിച്ചിതിലൂടെ അടുത്ത ആറു വർഷത്തിനകം ഇന്ത്യയിലെ ഇ-വലെറ്റുകൾ 90 ശതമാനം വളർച്ച കൈവരിക്കുമെന്നാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here