ഫീനിക്‌സ്: ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ഇനിയുള്ള ഒരാഴ്ചക്കാലം തിരുനാള്‍ ആഘോഷങ്ങളുടെ വിശുദ്ധദിനങ്ങള്‍. ജനുവരി ഒന്നാം തീയതി ഞായറാഴ്ച ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തല്‍ തിരുകര്‍മ്മം നിര്‍വഹിക്കപ്പെട്ടതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇടവക മദ്ധ്യസ്ഥരായ വി. തിരുകുടുംബത്തിന്റേയും, ധീര രക്തസാക്ഷിയായ വി. സെബസ്ത്യാനോസിന്റേയും തിരുനാള്‍ സംയുക്തമായി കൊണ്ടാടപ്പെടുന്നുവെന്നതും ഈവര്‍ഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്.

ദിവ്യകാരുണ്യ പ്രദക്ഷിണം, വിവിധ റീത്തുകളിലുള്ള വി. കുര്‍ബാനകള്‍, ആത്മീയസന്ദേശം പ്രതിഫലിപ്പിക്കുന്ന പ്രഭാഷണങ്ങള്‍, തിരുനാള്‍ പ്രദക്ഷിണം, പരമ്പരാഗത സീറോ മലബാര്‍ ആരാധനാക്രമത്തിലുള്ള റാസാ തുടങ്ങിയ തിരുകര്‍മ്മങ്ങളും ക്രൈസ്തവമൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിവിധ കലാപരിപാടികളും ഈവര്‍ഷത്തെ ആഘോഷങ്ങളെ ഭക്തിനിര്‍ഭരമാക്കും. ഫീനിക്‌സ് രൂപതാ ബിഷപ്പ് മാര്‍ തോമസ് ഓംസ്റ്റെഡിന്റെ സാന്നിധ്യവും ചടങ്ങുകള്‍ കൂടുതല്‍ സജീവമാകുമെന്ന് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ അറിയിച്ചു. തിരുനാളിന് ഒരുക്കമായുള്ള നവനാള്‍ നൊവേന ആരംഭിച്ചുകഴിഞ്ഞു.

ജനുവരി ആറാംതീയതി വെള്ളിയാഴ്ച വൈകുന്നേരം ഫാ. അഗസ്റ്റിന്‍ പുത്തന്‍പുരയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും. ഏഴാംതീയതി വൈകിട്ട് അഞ്ചുമണിക്ക് ഫീനിക്‌സ് രൂപതയുടെ ബിഷപ്പ് മാര്‍ തോമസ് ഓംസ്റ്റെഡ് ലത്തീന്‍ റീത്തില്‍ ആഘോഷമായ വി. കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 9 മണിക്ക് ഫാ. ജോസഫ് പുതിയകുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ റാസാ അര്‍പ്പിക്കപ്പെടും. ഫാ. അഗസ്റ്റിന്‍ പുത്തന്‍പുര തിരുനാള്‍ സന്ദേശം നല്‍കും. അതിനെ തുടര്‍ന്ന് ചെണ്ടമേളത്തിന്റേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.

തിരുനാള്‍ ദിനങ്ങളില്‍ വി. സെബസ്ത്യാനോസിനോടുള്ള വണക്കം പ്രകടമാക്കുന്ന അമ്പ് എഴുന്നെള്ളിപ്പിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിന്റെ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിച്ച് അനുഗ്രഹം പ്രാപിക്കാന്‍ വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ ഏവരേയും ക്ഷണിച്ചു. ഇടവക സ്ഥാപിതമായതിന്റെ പത്താംവാര്‍ഷകിം കൂടി ആഘോഷിക്കപ്പെടുന്ന വേളയില്‍ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു പ്രസുദേന്തി അനീഷ് ജേക്കബ് അറിയിച്ചു. ട്രസ്റ്റിമാരായ മനോജ് ജോണ്‍, ജയ്‌സണ്‍ വര്‍ഗീസ്, പ്രസാദ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ മോടിയാക്കുന്നതിനുള്ള പ്രയത്‌നം നടന്നുവരുന്നു. മാത്യു ജോസ് അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here