getNewsIm7ages.php
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ചരിത്രത്തിന്റെ ഏടുകളില്‍, ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തികൊണ്ട്, 29-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ്, പെന്‍സില്‍വാനിയ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ ജൂലൈ 15 ബുധനാഴ്ച അനേകം വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ തിരിതെളിച്ച് ഇടക്കം കുറിക്കുന്നു.
ആഗോള സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ മഹനീയ സാന്നിദ്ധ്യം, അതിഭദ്രാസനത്തിന്റെ ചരിത്രത്തിലാദ്യമായി, ഈ കുടുംബമേളയുടെ ആദ്യാവസാനം ഉണ്ടായിരിക്കുമെന്നുള്ളതു തന്നെയാണ് ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രത്യേകതകളില്‍ പ്രധാനഘടകം. പരിശുദ്ധ ബാവായോടൊപ്പം ചുരുങ്ങിയ ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നതിനും, അതുവഴി ശ്ലൈഹിക വാഴ് വുകള്‍ സ്വീകരിച്ച് ആത്മീയ നിറവില്‍ സമ്പന്നരാകുന്നതിനുള്ള ആ അസുലഭ സന്ദര്‍ഭത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന സുദിനം സമാഗതമായതിന്റെ സന്തോഷത്തിലാണ് വിശ്വാസികളേവരും.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മാര്‍ തിത്തോസ് മെത്രാപോലീത്തായുടെ സജീവ മേല്‍നോട്ടത്തിലും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിലും പുതുമയാര്‍ന്ന ആശയങ്ങള്‍ കൊണ്ടും, ആത്മീയത നിറഞ്ഞു നില്‍ക്കുന്ന വിവിധങ്ങളായ പ്രോഗ്രാമുകള്‍ കൊണ്ടും, അടക്കുംചിട്ടയുമായി ക്രമീകരിച്ചിരിക്കുന്ന ഈ മേളയുടെ പ്രൗഢ ഗംഭീരമായ നടത്തിപ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി, ജനറല്‍ കണ്‍വീനര്‍മാരായ വെരി.റവ.മാത്യു തോമസ് ഇടത്തറ കോര്‍ എപ്പിസ്‌ക്കോപ്പാ(ഭദ്രാസന സെക്രട്ടറി), ശ്രീ.സാജു പൗലോസ് മാരോത്ത് (ഭദ്രാസന ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.
ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാര്‍, നിങ്ങള്‍ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിര്‍മ്മാണം. കൊരി 3-9 എന്നതായിരിക്കും ഈ വര്‍ഷത്തെ സെമിനാറിന്റെ പ്രധാന ചിന്താവിഷയം. മലങ്കര സഭയിലെ അറിയപ്പെടുന്ന സുവിശേഷപ്രാംസംഗീകനും, പ്രഗല്‍ഭ വാഗ്മിയുമായ അഭിവന്ദ്യ മാത്യൂസ് മാര്‍ അത്തീമോസ്(മെത്രാപോലീത്താ, മുവ്വാറ്റുപുഴ റീജിയമാന്‍)മുഖ്യ പ്രഭാഷകനായിരിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ യാക്കോബ് എഡ്വേര്‍ഡ്, മാര്‍ തീത്തോസ് മാത്യൂസ് എന്നീ മെത്രാപോലീത്താമാരുടെ അനുഗ്രഹീത സാന്നിദ്ധ്യവും മേളയില്‍ ഉണ്ടായിരിക്കുന്നതാണ്.
കോണ്‍ഫറന്‍സിന്റെ ആദ്യ ദിവസമായ ബുധനാഴ്ച 3 മണിക്ക് വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് കൊണ്ടുള്ള പള്ളി പ്രതിപുരുഷയോഗം നടക്കും. ഈ ആത്മീയ കൂട്ടായ്മയില്‍ സംബന്ധിക്കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും, യുവജനങ്ങള്‍ക്കുമായി വിവിധങ്ങളായ ചര്‍ച്ചാക്ലാസ്സുകളും ധ്യാനയോഗങ്ങളും ക്രമീകരിച്ചിരിക്കുന്നു. ആത്മീയ വര്‍ദ്ധനവോടൊപ്പം തന്നെ സഭാംഗങ്ങളുടെ കലാകായിക അഭിരുചി പരിപോഷിപ്പിക്കുന്നതിനായി വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകളും ഒരുക്കിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് കീ ബോര്‍ഡില്‍ സംഗീതത്തിന്റെ മാന്ത്രിക ധ്വനി പടര്‍ത്തി, സംഗീത ലോകത്ത് അത്ഭുതം സൃഷ്ടിക്കുന്ന സംഗീത ആരാധകരെ ആസ്വാദനത്തിന്റെ പരമോന്നതയിലെത്തിക്കുന്ന, വാദ്യോപകരണ വിദഗ്ദന്‍ സ്റ്റീഫന്‍ ദേവസിയും പ്രശസ്ത ഗായിക അഞ്ജു ജോസഫും ഒരുമിച്ചൊരുക്കുന്ന ‘മെഡലി ഫോര്‍ ദി സോള്‍’ എന്ന സംഗീത വിരുന്നും പ്രോഗ്രാമിനോടൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നു. പരിശുദ്ധ സഭയോടും അന്ത്യോഖ്യാ സിംഹാസനത്തോടും, കൂറും ഭക്തിയും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ട്, ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ, കേരളീയ തനിമ വിളിച്ചറിയിക്കുന്ന വസ്ത്രധാരണവുമായി നടത്തപ്പെടുന്ന വര്‍ണ്ണശബളമാര്‍ന്ന ഘോഷയാത്ര പ്രോഗ്രാമിലെ തിളക്കമാര്‍ന്ന ഒരിനമായിരിക്കും.
ആത്മീയ നിറവിന്റെ പുത്തന്‍ അനുഭവത്തിലേക്ക് നമ്മെ നയിക്കുന്ന, ഭദ്രാസന ചരിത്രത്തില്‍ തന്നെ ഒരു നാഴിക കല്ലായി തീരുന്ന, ഈ ആത്മീയ വിരുനനിലേക്ക് വിശ്വാസികളെ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here