getNewsIm55ages.php

 

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ഫ്‌ളോറല്‍ പാര്‍ക്ക്‌ ക്വീന്‍സില്‍ നടത്തിയ ഹിന്ദു സംഗമത്തില്‍ വിവിധ ഹിന്ദു സംഘടനകളെ അഭിസംബോധന ചെയ്‌തു കുമ്മനം രാജശേഖരന്‍ സംസാരിച്ചു

പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍..
1903 ല്‍ എസ്‌എന്‍ഡിപി യോഗം തുടങ്ങിയതു തന്നെ ഹിന്ദു സമുദായത്തിന്റെ ഐക്യവും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഹിന്ദുക്കളുടെ ഉന്നമനവും ലക്ഷ്യമാക്കിയായിരുന്നു. തുടര്‍ന്ന്‌ 1914 ല്‍ എന്‍എസ്‌എസ്‌ രൂപീകരിക്കപ്പെട്ടു. അന്നുമുതല്‍ ഈ രണ്ടു സംഘടനകളും കൈകോര്‍ത്തുപിടിച്ചു സ്വന്തം സമുദായത്തിലെ അവശരുടെ ഉയര്‍ച്ചയ്‌ക്കും ഒപ്പം ഹൈന്ദവ ഐക്യത്തിനും ദൃഢപ്രജ്ഞരായിരുന്നു. എന്‍ എസ്‌ എസ്‌ ആചാര്യന്‍ ശ്രീ മന്നത്തു പദ്‌മനാഭന്റെ വാക്കുകളില്‍ `ഞാനും ടി കെ മാധവനും രാമലക്ഷമണന്‍മാരെ പോലെയാണ്‌’ എന്നാണ്‌. അതെ അവരുടെ എല്ലാ പ്രക്ഷോഭങ്ങളും വിജയം കണ്ടത്‌ ആ സാഹോദര്യത്തിന്റെ ദൃഷ്ടാന്തമാണ്‌.

തുടര്‍ന്ന്‌ വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംബരം ഇതിനൊക്കെ പിന്നില്‍ ശ്രീ മന്നത്തു പദ്‌മനാഭനും ശ്രീ ടി കെ മാധവനും ശ്രീ അയ്യങ്കാളിയും ഒക്കെയടങ്ങുന്ന മഹത്‌ വ്യക്തികളുടെ സജീവ സാന്നിധ്യവും അശ്രാന്ത പരിശ്രമവും ആയിരുന്നു. അതുപോലെ തന്നെ കേളപ്പജിയുടെ നേതൃത്വത്തിലുണ്ടായ ക്ഷേത്ര സംരക്ഷണ സമിതി. 1950 കളില്‍ ഹിന്ദു മഹാമണ്ഡലത്തിന്റെ സ്ഥാനാര്‍ഥികളെ ഉപതെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ നിര്‍ത്തുകയും അവര്‍ ബഹുഭൂരിപക്ഷതോടെ ജയിക്കുകയും ചെയ്‌തതോടെ പലരിലും അരക്ഷിതാവസ്ഥ പ്രകടമായി. അതിന്റെ ഫലമോ മന്നത്തു പദ്‌മനാഭനെയും അന്നത്തെ യോഗം പ്രസിഡന്റ്‌ ആര്‍ ശങ്കറിനെയും തമ്മില്‍ തെറ്റിക്കുകയായിരുന്നു. അതോടുകൂടി ഹൈന്ദവ സമൂഹത്തിന്റെ ആത്മവിശ്വാസം നഷ്ടമായി . 1950 ല്‍ ശബരിമല ക്ഷേത്രം തീവച്ചു നശിപ്പിച്ചു അയ്യപ്പ വിഗ്രഹം ഛിന്നഭിന്നമാക്കിയിട്ടും കേരളത്തിലെ ഹിന്ദുവിന്‌ നാവനങ്ങിയില്ല !!!. എന്നാല്‍ 1983 ആയപ്പോഴേക്കും നിലക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ പതിനെട്ടു പൂങ്കാവനങ്ങളില്‍ എറ്റവും പ്രധാനമായതില്‍ കുരിശു പ്രത്യക്ഷപ്പെട്ടപ്പോള്‍ ഹിന്ദുവിന്‌ പ്രതികരിക്കാനായി. അന്നത്തെ മുഖ്യമന്തിയും മറ്റും ഹിന്ദുവിനു നേതാവുണ്ടോ എന്ന്‌ ചോദിച്ചു പരിഹസിച്ചപ്പോള്‍ ഉണ്ട്‌ എന്ന്‌ പറഞ്ഞു ചേങ്കോട്ടുകോണം ശ്രീ സത്യാനന്ദ സരസ്വതി സ്വയം സാരഥ്യം ഏറ്റെടുക്കുകയായിരുന്നു.

അപ്പോഴും ഹിന്ദുവിനു വേണ്ടി ഒരു വാക്കു പറയാന്‍ ഒരു എംഎല്‍എ പോലും ഉണ്ടായില്ല. പക്ഷെ ഹിന്ദു അണിനിരക്കുകയായിരുന്നു സന്യാസിശ്രേഷ്‌ഠന്മാരുടെ പിന്നില്‍. അങ്ങനെ ആ ജനകീയ പ്രക്ഷോഭം വിജയം കാണുക തന്നെ ചെയ്‌തു. പിന്നീട്‌ പൂന്തുറയിലും മാറാടും ഹിന്ദു ഒന്നായി തന്നെ നിന്നു. ഏറ്റവും ഒടുവില്‍ ആറന്മുള വിമാനത്താവളതിനെതിരായി. ഹിന്ദു വിമാനത്താവളത്തിനെതിരല്ല. പകരം ആറന്മുള എന്ന പൈതൃക ഗ്രാമത്തില്‍ വിമാനത്താവളം വരുന്നതിനു മാത്രമാണ്‌ എതിര്‍പ്പ്‌. കാരണം ഭാരതത്തിലെ തന്നെ ഏക പൈതൃക ഗ്രാമമാണ്‌ ആറന്മുള. അത്‌ നഷ്ടപ്പെടുത്താന്‍ ഹിന്ദുക്കള്‍ക്ക്‌ മനസ്സില്ല. പക്ഷെ പത്തനംതിട്ടയില്‍ ഉപയോഗ ശൂന്യമായ ധാരാളം റബ്ബര്‍ തോട്ടങ്ങളുണ്ട്‌, അവിടെ ആവാമല്ലോ വിമാനത്താവളം. എല്ലാ നിയമവ്യവസ്ഥകളും ലംഘിച്ചു ആറന്മുള തന്നെ വേണമെന്നുള്ള കടുംപിടുത്തം മനസ്സിലാവുന്നില്ല. ഇനിയിപ്പോള്‍ പദ്‌മനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങളാണ്‌. ഗുരുവായൂരും ശബരിമലയും എടുത്തപ്പോള്‍ ഹിന്ദുവിനു ശക്തി പോരായിരുന്നു. ഇനിയൊരു ക്ഷേത്രം ഏറ്റെടുക്കാന്‍ ഹിന്ദുക്കള്‍ സമ്മതിക്കില്ല.

കേരളത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടതോടെ യതാര്‍ത്ഥ ഹിന്ദു ഐക്യം സുസാധ്യമായിരിക്കുകയാണ്‌. ഹിന്ദുക്കളുടെ ആത്മവീര്യം വീണ്ടെടുക്കാനായി. എന്ത്‌ വില കൊടുത്തും ഹിന്ദുക്കള്‍ക്കെതിരെയുള്ള കൈയേറ്റം തടഞ്ഞിരിക്കും.

സമ്മേളനത്തില്‍ ജനം ടി വി ഡയറക്ടര്‍ ശ്രീ വിശ്വരൂപന്‍, ഭാഗവതാചാര്യന്‍ ശ്രീ മണ്ണടി ഹരി, ശ്രീകുമാര്‍ (ജന്മഭൂമി) എന്നിവര്‍ സന്നിഹിതരായിരുന്നു. ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ നിന്നു എച്ച്‌എസ്‌ എസ്‌, എസ്‌എന്‍എ, എന്‍ബിഎ, എച്ച്‌കെഎസ്‌, മഹിമ, സംസ്‌കൃത ഭാരതി, നാമം, അയ്യപ്പ സേവ സംഘം എന്നീ ഹിന്ദു സംഘടനകള്‍ ഭാഗഭാക്കായി. എച്ച്‌എസ്‌എസ്‌ ന്യൂയോര്‍ക്ക്‌ വിഭാഗ്‌ സമ്പര്‍ക്ക്‌ പ്രമുഖും ഓവര്‍സീസ്‌ ഫ്രെണ്ട്‌സ്‌ ഓഫ്‌ ബിജെപി ന്യൂയോര്‍ക്ക്‌ യൂത്ത്‌ കണ്‍വീനറുമായ ശ്രീ ശിവദാസന്‍ നായര്‍, ശ്രീ രാജു നാണു, ശ്രീ മോഹന്‍ പിള്ള എന്നിവര്‍ മുന്‍കൈ എടുത്താണ്‌ വിവിധ ഹിന്ദു സംഘടനകളെ ഏകോപിപ്പിച്ചു ഇങ്ങനെയൊരു ഹിന്ദു സംഗമം വിജയകരമായി നടത്താന്‍ കഴിഞ്ഞത്‌.

LEAVE A REPLY

Please enter your comment!
Please enter your name here