getPh12222oto.php

എലന്‍വില്‍: ശാന്തമായ തുടക്കം, ഗംഭീരമായ അവസാനം. നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത്‌ കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നു. യാമപ്രാര്‍ത്ഥനകളും ധ്യാനവും നിറഞ്ഞ ആത്മീയാന്തരീക്ഷം പലപ്പോഴും പസഫിക്കിലെയും അറ്റ്‌ലാന്റിക്കിലെയും അപ്രതീക്ഷിത തിരമാലകളെന്ന പോലെ വിശ്വാസത്തില്‍ അടിയുറച്ചു ഉയര്‍ന്നു പൊങ്ങി. ആത്മീയവും വ്യക്തിത്വവും ഓരോ വിശ്വാസിയും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ പലപ്പോഴും കോണ്‍ഫറന്‍സിന്‌ മാറ്റ്‌ കൂട്ടി. വിശ്വാസത്തില്‍ കൂടി ദൈവിക സത്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുവാനുതകുന്ന ദീപ്‌തിമത്തായ ധ്യാനയോഗങ്ങളും ചര്‍ച്ചാക്ലാസുകളും കൊണ്ട്‌ മൂന്നാം ദിവസമായ വെള്ളിയാഴ്‌ച സമ്പന്നവും സജീവുമായിരുന്നു. നാലുദിന കോണ്‍ഫറന്‍സ്‌ ഇന്ന്‌ ഉച്ചയോടെ സമാപിക്കും.

രാവിലെ 6.30-ന്‌ നമസ്‌ക്കാരത്തോടെ മൂന്നാം ദിനം ആരംഭിച്ചു. തുടര്‍ന്ന്‌ ഫാ. എല്‍ദോസ്‌ ഏലിയാസ്‌ ധ്യാനപ്രസംഗം നടത്തി. 55-ാം സങ്കീര്‍ത്തനത്തെ ആസ്‌പദമാക്കി ദാവീദ്‌ രാജീവ്‌ നേരിട്ട മാനസിക പിരിമുറക്കങ്ങളെപ്പറ്റി പ്രതിപാദിച്ച എല്‍ദോസ്‌ അച്ചന്‍, ഈ കാലഘട്ടത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ഒളിച്ചോട്ടമല്ല, മറിച്ച്‌ ദൈവസന്നിധിയില്‍ സമര്‍പ്പണ ബോധത്തോടെ നിന്ന്‌ ദൈവാശ്രയത്തെ മുറുകെ പിടിക്കുമ്പോള്‍ ഉത്തരം കിട്ടുമെന്നു സൂചിപ്പിച്ചു.

പ്രഭാതഭക്ഷണത്തിനു ശേഷം അറ്റ്‌ലാന്റിക്ക്‌ ഹാളില്‍ ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. ഓരോ ദിവസവും വ്യത്യസ്‌തവും ഒരേ പോലെയുള്ളതുമായ വസ്‌ത്രങ്ങള്‍ അണിഞ്ഞെത്തിയ 48 പേരടങ്ങിയ പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും സദസ്സിന്റെ കണ്ണിനും കാതിനും ഇമ്പമേകി. റവ. ഡോ രാജു വര്‍ഗീസ്‌, റവ. ഡോ. വറുഗീസ്‌ എം. ഡാനിയല്‍, ഫാ. മാത്യു തോമസ്‌ എന്നിവര്‍ ഗായകസംഘത്തിന്റെ ലീഡര്‍മാരായിരുന്നു. ഡോ ജോളി തോമസ്‌ ഈ ദിവസത്തെ ക്രമീകരണങ്ങള്‍ സംബന്ധിച്ച അനൗണ്‍സ്‌മെന്റ്‌ നടത്തി. ഐക്കോണ്‍ ചാരിറ്റീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നേപ്പാള്‍ ദുരിതാശ്വാസത്തിനായി ഐക്കോണ്‍ ചാരിറ്റീസ്‌ ചെയ്‌തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും അജു തര്യന്‍ വിവരണം നല്‍കി. വീഡിയോ പ്രസന്റേഷനും ഉണ്ടായിരുന്നു.

പസഫിക്ക്‌ ഹാളില്‍ പ്രധാന പ്രാസംഗികന്‍ വെരി. റവ. ഫിലിപ്പ്‌ തോമസ്‌ കോര്‍ എപ്പിസ്‌കോപ്പ, ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരയുടെ രണ്ടാം ഭാഗത്തിലേക്ക്‌ കടന്നു. സഭ എന്നാലെന്ത്‌, നമ്മുടെ സഭയുടെ സവിശേഷതകളെന്ത്‌ എന്നതിനെപ്പറ്റി ലളിതമായ വാക്കുകളിലൂടെ അച്ചന്‍ വിവരിച്ചു. സന്ദര്‍ഭോചിതമായ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയും ജീവിതപന്ഥാവിലെ നേരറിവുകള്‍ പങ്ക്‌ വെച്ചും ഫിലിപ്പ്‌ തോമസ്‌ അച്ചന്‍ സഭാവിശ്വാസികളുടെ മനം കവര്‍ന്നു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള സെഷനുകള്‍ക്ക്‌ യഥാക്രമം ഫാ. എബി ജോര്‍ജും, ഫാ അജു ഫിലിപ്പ്‌ മാത്യുവും നേതൃത്വം നല്‍കി. ലഘു ഭക്ഷണത്തിന്‌ ശേഷം ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടന്നു.

മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ഫാ. ടി.എ തോമസ്‌ അധ്യക്ഷത വഹിച്ചു. സാറാ വറുഗീസ്‌ (ജനറല്‍ സെക്രട്ടറി), മേരി വറുഗീസ്‌ (ട്രഷറര്‍), മേരി എണ്ണച്ചേരില്‍ (ദിവ്യബോധനം) എന്നിവര്‍ സംസാരിച്ചു.

ഉച്ചഭക്ഷണത്തിന്‌ ശേഷം സൂപ്പര്‍ സെഷനുകളുടെ സമയമായിരുന്നു. ഭദ്രാസനത്തിന്റെ ഭാവി എന്ന വിഷയത്തിലൂന്നിയ ചര്‍ച്ചകള്‍ ഫാ. സുജിത്‌ തോമസ്‌ കോര്‍ഡിനേറ്റ്‌ ചെയ്‌തു. മാര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്ത, വെരി റവ. ഫിലിപ്പ്‌ തോമസ്‌ കോര്‍ എപ്പിസ്‌കോപ്പ എന്നിവരും പങ്കെടുത്തു.

1653-ലെ കൂനന്‍കുരിശു സത്യംവരെയുള്ള മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ ചരിത്രത്തെക്കുറിച്ച്‌ ഭദ്രാസന സെക്രട്ടറി ഫാ.എം.കെ. കുറിയാക്കോസ്‌ ക്ലാസ്സെടുത്തു. അറ്റ്‌ലാന്റിക്ക്‌ ഹാളില്‍ `എന്തു കൊണ്ട്‌ ഓര്‍ത്തഡോക്‌സി’ എന്ന വിഷയത്തിലൂന്നി ഫാ. വി.എം ഷിബു ക്ലാസ്സെടുത്തു. ഓര്‍ത്തഡോക്‌സിയും ഒരു ജീവിതവഴിത്താരയാണ്‌. ഇതിനെ ഒരു തീര്‍ത്ഥാടനത്തോടു ഉപമിക്കാം. മറ്റൊന്നായി പറഞ്ഞാല്‍, ദൈവത്തോട്‌ ഒന്നായി ചേരുന്ന വളര്‍ച്ച. സത്‌പ്രവര്‍ത്തികള്‍ ചെയ്യുകയും സുവാര്‍ത്ത അറിയിക്കുകയും സവിനയം ജീവിക്കുകയും ചെയ്‌താല്‍ ഓര്‍ത്തഡോക്‌സിയിലൂടെയുള്ള യാത്ര ധന്യമാകും.

നാലു മണി കാപ്പിക്ക്‌ ശേഷം നടന്ന പ്ലീനറി സെഷനില്‍ കോര്‍ഡിനേറ്റര്‍ ഫാ.വിജയ്‌ തോമസ്‌, ഭദ്രാസന കൗണ്‍സില്‍ അംഗം ഡോ. സാക്ക്‌ സഖറിയ എന്നിവര്‍ സ്ഥിതി വിവര കണക്കുകളും സര്‍വ്വേഫലങ്ങളും പങ്കുവച്ചു. ഗ്രൂപ്പ്‌ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ്‌ വന്ന ആശയങ്ങള്‍ വിജയ്‌ അച്ചനും, ഡോ. സാക്ക്‌ സഖറിയയും ചേര്‍ന്ന്‌ നര്‍മ്മരസത്തില്‍ അവതരിപ്പിച്ചു. യുവജനങ്ങള്‍ക്ക്‌ വേണ്ടി റോഷനും നേഹയും സണ്‍ഡേ സ്‌കൂള്‍ കുട്ടികളും തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വച്ചു. കുട്ടികള്‍ ഒരു ആക്ഷന്‍ സോങ്‌ അവതരിപ്പിക്കുകയും ചെയ്‌തു. സ്‌പോര്‍ട്‌സ്‌, ഗയിംസ്‌ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണം മാര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു.

അത്താഴത്തിന്‌ ശേഷം നമസ്‌ക്കാര ശുശ്രൂഷ നടന്നു. ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. മുതിര്‍ന്നവര്‍ക്കുള്ള ധ്യാനയോഗം ഫാ. ബോബി പീറ്റര്‍ നയിച്ചു. 1 ശാമുവല്‍ 9.20-നെ ആസ്‌പദമാക്കി ശൗലിന്റെ ജീവിതപരാജയ കഥയായിരുന്നു ബോബിയച്ചന്റെ സന്ദേശം. ദൈവത്തിന്‌ നന്ദി കരേറ്റേണ്ട പ്രാര്‍ത്ഥന ശൗല്‍ വിസ്‌മരിച്ചു. നല്‍കപ്പെട്ട രാജത്വം, പരിശുദ്ധാത്മ ആവാസം, പുതിയ ഹൃദയം എന്നിവയൊക്കെ ശൗല്‍ നിരാകരിച്ചു. മനസ്സില്‍ അഹങ്കാരം നിറഞ്ഞപ്പോള്‍ ദൈവം ഈ മൂന്നു ഗുണങ്ങളും തിരിച്ചെടുത്തു. പിന്നെ നാം കാണുന്നത്‌ ശൗലിന്റെ തകര്‍ച്ചയാണ്‌. ഇതൊരു പാഠമാണ്‌. ദൈവത്തിനു നന്ദി കരേറ്റേണ്ട മനുഷ്യരായ നാം ശൗലിനെ പോലെ ആയിത്തീരരുത്‌.എല്ലാ ദിവസവും പ്രാര്‍ത്ഥിക്കണം. ദൈവം തരുന്ന അനുഗ്രഹങ്ങളെ അഹങ്കാരം കാണിച്ചു നിരാകരിക്കാതെയിരിക്കുക. യുവജനങ്ങള്‍ക്കുള്ള ധ്യാനം ഫാ. ഗ്രിഗറി വറുഗീസും കുട്ടികള്‍ക്കുള്ളത്‌ വെരി റവ.ഫിലിപ്പ്‌ തോമസ്‌ കോര്‍ എപ്പിസ്‌കോപ്പയും നിര്‍വഹിച്ചു.

തുടര്‍ന്ന്‌ പ്രത്യേക പ്രാര്‍ത്ഥനകളോടെ വി. കുമ്പസാരത്തിനുള്ള സമയമായിരുന്നു. മൂന്നു ദിവസത്തെ തിരക്കാര്‍ന്ന പ്രോഗ്രാമ്മുകളില്‍ പങ്കെടുത്തും പങ്കെടുപ്പിച്ചും നേതൃത്വം കൊടുത്തും സഹകരിച്ചവര്‍ക്കൊക്കെ ആത്മീയ ഉണര്‍വ്വ്‌ അനുഭവിക്കാനും സ്വത്വത്തിലേക്ക്‌ തിരിഞ്ഞു നോക്കാനുമുള്ള സമയമായിരുന്നു.

ശനിയാഴ്‌ച രാവിലെ നമസ്‌ക്കാര ശുശ്രൂഷയ്‌ക്ക്‌ ശേഷം വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന്‌ സമാപന സമ്മേളനം. ഫോട്ടോസെഷന്‌ ശേഷം ഉച്ചഭക്ഷണത്തോടു കൂടി കോണ്‍ഫറന്‍സ്‌ സമാപിക്കും. അനര്‍ഘങ്ങളായ ആത്മീയ സത്യ പൊരുളുകളുടെ ചുരുള്‍ തേടിയും വിശുദ്ധ കുമ്പസാര കൂദാശയിലേക്ക്‌ നയിക്കുന്ന ഹൃദയദ്രവീകരണ മൊഴിമുത്തുകള്‍ക്ക്‌ വഴിയൊരുക്കിയും നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത്‌ കോണ്‍ഫറന്‍സ്‌ വിജയമായെന്ന്‌ വിശ്വാസികള്‍ ഒന്നടങ്കം പറഞ്ഞു

 

getNews200Images.php

LEAVE A REPLY

Please enter your comment!
Please enter your name here