ന്യൂജേഴ്‌സി: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ്മ പുതുക്കി കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്ക് പകര്‍ന്നു നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ദുഖവെള്ളി സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.

ഇടവക വികാരി ഫാ.ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്രിസ്തുവിന്റെ പീഡാസഹന ചരിത്രവായന, വിശുദ്ധ കുര്‍ബാന സ്വീകരണം, കുരിശുവന്ദനം, കയ്പ്‌നീര്‍ കുടിക്കല്‍ ശുശ്രൂഷകള്‍ എന്നിവ പരമ്പരാഗത രീതിയിലും കേരളീയത്തനിമയിലും ആചരിച്ചു.

തൃശ്ശൂര്‍ മേരി മാതാ മേജര്‍ സെമിനാരിയിലെ ബൈബിള്‍ പ്രൊഫസറും, പ്രശസ്ത ധ്യാന ഗുരുവുമായ ബഹു. ഫാ. പ്രീജോ പോള്‍ പാറക്കല്‍ പീഡാനുഭവ ശുശ്രൂഷകളോടനുബന്ധിച്ച് നടത്തിയ വചനശുശ്രൂഷ ദുഖവെള്ളിയാഴ്ചയുടെ അന്തസത്ത ഉള്‍ക്കൊള്ളുന്നതും ഏറെ ഹൃദയസ്പര്‍ശവുമായിരുന്നു .

ഈ ദുഖവെള്ളിയാഴ്ചയില്‍ ഈശോയുടെ കുരിശ് നമ്മുക്ക് നല്‍കുന്ന സന്ദേശമായിരുന്നു വചനശുശ്രൂഷയിലൂടെ കാതല്‍. പറുദീസ എനിക്കും നിനക്കും സാധ്യമാണ് എന്ന് ഈശോയുടെ കുരിശ്ശ് നമ്മെ ഓര്‍മപ്പെടുത്തുന്നതായി ഫാ. പ്രീജോ പാറക്കല്‍ തന്റെ വചന സന്ദേശത്തില്‍ പറഞ്ഞു. പിതാവിന്റെ സ്‌നേഹം അറിയുക മാത്രമല്ല, കുരിശ് മാപ്പു നല്‍കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു എന്നും മാപ്പു മാത്രമല്ല മോക്ഷം സാധ്യമാണെന്നും ഓര്‍മ്മപ്പെടുത്തി. മാപ്പു കൊടുക്കാനും, മാപ്പു സ്വീകരിക്കാനും, മോക്ഷം സ്വീകരിക്കാനുള്ള കൃപ ലഭിക്കാനും ആണ് ഈശോ ഈ ദുഃഖവെള്ളിയാഴ്ച ആചരണത്തിലൂടെ നമ്മോടു ആവശ്യപ്പെടുന്നത് എന്ന് തന്റെ വചന ശുസ്രൂഷയിലൂടെ ഇടവകാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

ഏപ്രില്‍ 14 ന് വൈകുന്നേരം മൂന്നുമണിക്ക് ആരംഭിച്ച ചടങ്ങുകള്‍ രാത്രി പത്തുമണി വരെ നീണ്ടുനിന്നു. ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയിലും, ദുഖവെള്ളിയാഴ്ചയിലെ പീഡാനുഭവ ശുശ്രൂഷയിലും ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സജീവമായി പങ്കെടുത്തു. “കുരിശിന്റെ വഴി” യിലൂടെ മുതിര്‍ന്നവരും പ്രത്യേകിച്ച് സി.സി.ഡി കുട്ടികളും നല്‍കിയ ധ്യാനചിന്തകള്‍ ഏറെ ഹൃദ്യമായി. റെജിമോന്‍ എബ്രഹാം സംവിധാനം ചെയ്ത് സോഫിയ റിജോയുടെ നേതൃത്വത്തില്‍ ദേവാലയത്തിലെ യുവജനങ്ങള്‍ അവതരിപ്പിച്ച ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെ സംബന്ധിച്ച തത്സമയ ദൃശ്യാവിഷ്കാരം ഏറെ ഹൃദയസ്പര്‍ശിയായി മാറി.

ദേവാലയത്തിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ദുഖവെള്ളിയാഴ്ചയിലെ വിശുദ്ധകര്‍മ്മാദികള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ്, ജസ്റ്റിന്‍ ജോസഫ്, സാബിന്‍ മാത്യു എന്നിവരും ഇടവകയിലെ ഭക്തസംഘടനകളും പ്രത്യേകിച്ച് മരിയന്‍ മതേര്‍സ് ദുഖവെള്ളിയാഴ്ചയിലെ പീഡാനുഭവ ശുശ്രൂഷാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

പീഡാനുഭവ ശുശ്രൂഷാ ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കാന്‍ സഹകരിച്ച ദേവാലയത്തിലെ ഭക്തസംഘടനാ പ്രവര്‍ത്തകര്‍, സി.സി.ഡി അധ്യാപകര്‍, പങ്കെടുത്ത, യുവാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കും മറ്റെല്ലാവര്‍ക്കും വികാരി ഫാ.ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് നന്ദി അറിയിച്ചു. സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

somaersett_goofriday_pi7 somaersett_goofriday_pi6 somaersett_goofriday_pi5 somaersett_goofriday_pi4 somaersett_goofriday_pi3 somaersett_goofriday_pi2 somaersett_goofriday_pi1

LEAVE A REPLY

Please enter your comment!
Please enter your name here