ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ദിവസം അവതരിപ്പിച്ച കഥാപ്രസംഗം ‘അബ്ശാലോം’ ഏറെ ശ്രദ്ധേയമായി. അനുഗ്രഹീത കലാകാരനും ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് വികാരി ഫാദര്‍ ഷിബു. വി. മത്തായിയുടെ നേതൃത്വത്തിലായിരുന്നു കഥാപ്രസംഗം അരങ്ങേറിയത്. പോക്കണോസ് കലഹാരി റിസോര്‍ട്ടില്‍ ജൂലൈ 12 ബുധനാഴ്ച വൈകിട്ട് നടന്ന കോണ്‍ഫറന്‍സ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന കഥാപ്രസംഗം ക്രൈസ്തവ പശ്ചാത്തലത്തില്‍ അതി മനോഹരമായാണ് ഫാ. ഷിബു അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറസിന്റെ കലാപരിപാടികള്‍ക്ക് കഥാപ്രസംഗത്തോടു കൂടിയാണ് തുടക്കം കുറിച്ചത്. രാജാവും, പ്രവാചകനുമായ ദാവീദിന്റെ മകന്‍ അബ്ശലോമിനെക്കുറിച്ച് വളരെ തന്മയത്വത്തോടു കൂടിയും നര്‍മ്മത്തില്‍ ചാലിച്ചും, അതിമനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടു കൂടിയും ഫാ. ഷിബു അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് മനസ്സില്‍ കുളിരണിയിക്കുന്നതും, ഗൃഹാതുരത്വം ഉളവാക്കുന്നതുമായി. വേദപുസ്തകത്താളുകളില്‍ നിന്നടര്‍ത്തിയെടുത്ത തികച്ചും സംഭവ ബഹുലവും ഉദ്വേഗജനകവുമായിരുന്നു കഥ. ഹൃദ്യമായ ഭാഷാശൈലിയും സരസമായ അവതരണവുമായിരുന്നു ഷിബു അച്ചന്റെ പ്രത്യേകത. നടനചാതുര്യവും സംഗീത സിദ്ധിയും കഥാകഥന വൈഭവവും സമന്വയിപ്പിച്ചു കൊണ്ട്, ഒരു നാടകത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ഈ കഥാപ്രസംഗത്തിന്റെ പിന്നണിയില്‍ റെജി ജോര്‍ജ്-ഹര്‍മോണിയം, കീബോര്‍ഡ്-ജോര്‍ജ് കോശി,വയലിന്‍-നീല്‍ ഫിലിപ്പ്‌സ്, തബല- റെജി സാമുവല്‍, തംബുരു- ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ എന്നിവര്‍ പ്രവര്‍ത്തി ച്ചു. ബാബു കാപ്പില്‍, കെവിന്‍ വറുഗീസ്, സെറീന ജോര്‍ജ്, ദയ കാപ്പില്‍ എന്നിവര്‍ പിന്നണി ഗാനങ്ങള്‍ പാടി.

LEAVE A REPLY

Please enter your comment!
Please enter your name here