ബല്‍വുഡ് (ഷിക്കാഗോ): ഭാരതത്തിന്റെ അഭിമാനവും, പ്രഥമ വിശുദ്ധയുമായ വി.
അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍
ഭക്ത്യാഡംബരപൂര്‍വ്വം കൊണ്ടാടി.

ജൂലൈ 30-നു ഞായറാഴ്ച രാവിലെ 11 മണിക്ക് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ആഘോഷമായ
ദിവ്യബലിയില്‍ ഭദ്രാവതി രൂപതാ ബിഷപ്പ് മാര്‍ ജോസഫ് അരുമച്ചാടത്ത് മുഖ്യകാര്‍മികത്വം
വഹിച്ചു. വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി റവ.ഡോ.
ജയിംസ് ജോസഫ് എസ്.ഡി.ബി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

സഹനത്തിന്റെ തീച്ചൂളയില്‍, അടിയുറച്ച ദൈവ വിശ്വാസത്തില്‍, ജീവിതം ബലിയര്‍പ്പിച്ച വി.
അല്‍ഫോന്‍സാമ്മയുടെ ജീവിത വിശുദ്ധിയും സഹനശക്തിയും ഏവര്‍ക്കും മാതൃകയാകട്ടെ എന്നു
അഭിവന്ദ്യ പിതാവ് തന്റെ തിരുനാള്‍ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു.

ക്രിസ്തീയ തീക്ഷ്ണതയ്ക്കു നൂതന ഭാഷ്യം ചമയ്ക്കാന്‍ സഹനത്തിന്റെ മെഴുകുതിരിയായി,
മറ്റുള്ളവര്‍ക്ക് പ്രകാശമായി സ്വയം എരിഞ്ഞുതീര്‍ന്ന വി. അല്‍ഫോന്‍സാമ്മയുടെ
മദ്ധ്യസ്ഥതയിലൂടെ ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ വിശ്വാസ സമൂഹം
പ്രാര്‍ത്ഥനാനിരതരായി വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.

കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ഗായകസംഘം ആലപിച്ച
ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി.

ലദീഞ്ഞിനും നൊവേനയ്ക്കും ശേഷം വി. അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട്
ബാന്റ്, ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയും, വര്‍ണ്ണപ്പകിട്ടാര്‍ന്ന നൂറുകണക്കിനു
മുത്തുക്കുടകളുടേയും അകമ്പടിയോടെ ആയിരക്കണക്കിനു വിശ്വാസികള്‍, പ്രാര്‍ത്ഥനാനിരതരായി,
ദേവാലയത്തിനു പുറത്ത് വിശാലമായ പാര്‍ക്കിംഗ് ലോട്ടിലൂടെ പ്രദക്ഷിണമായി നീങ്ങി തിരിച്ച്
ദേവാലയത്തിലെത്തി, നേര്‍ച്ച സമര്‍പ്പണത്തോടെ തിരുനാള്‍ സമാപിച്ചു.

കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍, സിബി പാറേക്കാട്ട്, പോള്‍
വടകര, ജോസഫ് കണിക്കുന്നേല്‍, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോസ് കടവില്‍, ജോണ്‍
വര്‍ഗീസ് തയ്യില്‍പീടിക. ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍, സാന്റി
തോമസ് എന്നിവരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും തിരുനാളിനു നേതൃത്വം നല്‍കി.

പാലാ- മീനച്ചില്‍ താലൂക്ക് നിവാസികളാണ് ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്.
വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പി.ആര്‍.ഒ ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചതാണിത്.
 

LEAVE A REPLY

Please enter your comment!
Please enter your name here