ന്യൂയോർക്ക് നഗരം സാക്ഷ്യം വഹിച്ചത് തദ്ദേശ പ്രതിഭകളുടെയും സൗന്ദര്യധാമങ്ങളുടെയും നൃത്ത നിശയ്ക്കും,റിഥം ഡാൻസ് സ്‌കൂളിലെ വിദ്യാർത്ഥികളുടെയും അഭൂതപൂർവ്വമായ പ്രകടനങ്ങൾക്കും . ഫ്രണ്ട്സ് ഓഫ് യു.എസ്.എ കമ്മ്യൂണിറ്റിയും അമേരിക്കൻ ബിസിനസ് റഫറൽ നെറ്റ് വർക്കും സോളിഡ് ആക്ഷൻ ടിവിയും ചേർന്നാണ് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് നവ്യാനുഭൂതി പകർന്ന നൃത്ത-സൗന്ദര്യ നിശയ്ക്ക് അരങ്ങൊരുക്കിയത്.

 അമേരിക്കൻ ഇന്ത്യക്കാർക്ക് ഇടയിൽ ശ്രദ്ധേയ സാന്നിധ്യമായ സോളിഡ് ആക്ഷൻ ടിവിയുടെയും ചീഫ് പ്രൊഡ്യൂസർ ഷാജി എന്നാശ്ശേരിയുടെയും സാംസ്കാരിക ഇടപെടലിന്റെ ഭാഗമായാണ് ഈ നൃത്ത നിശ നടന്നത്. ഏഷ്യാനെറ്റ്, പ്രവാസി ടിവി, ജയ്ഹിന്ദ് ടിവി,ജസ് പഞ്ചാബി, പവർവിഷൻ യു.എസ്. എ എന്നിവയുടെ സഹകരണവും ഈ ടാലന്റ് ഷോയ്ക്ക് ഉണ്ടായിരുന്നു. ന്യൂയോർക്ക് ടൈസൺ ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്ററിൽ ജൂലൈ 23ന് വൈകീട്ട് അഞ്ചു മണിക്ക് നടന്ന പരിപാടിയിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹം ആവേശപൂർവം പങ്കെടുത്തു.

അമേരിക്കൻ ആർട് ആൻഡ് കൾച്ചർ സംഘാടകയും ജീവകാരുണ്യ പ്രവർത്തകയുമായ ശ്രീമതി.ഗീതാ മന്നം, ബോളിവുഡ് ആർട് ആൻഡ് കൾച്ചർ സംഘാടകരായ ഭരത് ഗൗരവ്, ഭരത് ഗോർദാഡിയ, പ്രശസ്ത അവതാരക ഇന്ദു ഗുജ്‌വാനി എന്നിവരാണ് നൃത്ത നിശയുടെ ജഡ്ജുമാരായത്. കാണികളുടെ ചോയ്‌സ് കൂടി പരിഗണിക്കുന്ന തരത്തിലായിരുന്നു വിധിനിർണയം.

ബഹുഭാഷാ ഗായകൻ നൈനൻ കൊടിയത്ത്, ഇന്ത്യയിലെ പുതിയ ഗായക പ്രതിഭാസം സാഗ്നിക് സെൻ, ടിവി ഏഷ്യയുടെ സുർലി ഫാമിലി ഷോ ഫൈനലിസ്റ്റ് സരിക കൻസാര,  വിജു ജേക്കബ് ( കീ ബോർഡ് പ്ലെയർ),ജോസ് ബേബി (ഗിറ്റാറിസ്റ്റ്) , ഷാജി എന്നാശ്ശേരി ( ചീഫ് പ്രൊഡ്യൂസർ )കോശി എന്നിവരുടെ സാന്നിധ്യം നിശയുടെ മിഴിവേറ്റി. അമേരിക്കയിലെ ഇന്ത്യൻ സമൂഹാംഗങ്ങൾക്ക് തങ്ങളുടെ കലാമികവ് പ്രകടിപ്പിക്കാൻ അവസരം ഒരുങ്ങിയപ്പോൾ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ നിരവധി ആണ് നിശയ്ക്കായി എത്തിയത്. തങ്ങൾ അറിയുന്ന പ്രതിഭകളെ നിശയിലേക്ക് നാമനിർദേശം ചെയ്യാനുള്ള അവസരം ലഭിച്ചത് എല്ലാവർക്കും ആഹ്ലാദകരമായ അനുഭവമായി. നിശയിൽ പങ്കെടുത്തവർക്ക് ഡിന്നറും പ്രവേശനവും സൗജന്യമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here