1438771579_a3

ടൊറന്റോ∙ നാനാ വിഭാഗത്തിൽപ്പെട്ട നൃത്തരൂപങ്ങൾ സമ്മേളപ്പിച്ചുകൊണ്ട് നൃത്ത കലാകേന്ദ്രയും റിഗാറ്റാ കലാകേന്ദ്രയും സംയുക്തമായി അവതരിപ്പിക്കുന്ന നൃത്ത വിസ്മയം – സംയോജിത -ആഗസ്റ്റ്‌ 22 ശനിയാഴ്ച ടൊറന്റോയിൽ അരങ്ങേറും. വൈകുന്നേരം 6.30 -ന് ഡോണ്‍ ബോസ്കോ കാത്തലിക് സെക്കണ്ടറി സ്കൂളിൽ (Don Bosco Catholic Secondary School, 2 St.Andrews Blvd. Toronto) നടക്കുന്ന ഈ നൃത്തവിരുന്നിൽ പ്രധാനമായും മോഹിനിയാട്ടം, കുച്ചിപ്പുടി , ഭരതനാട്യം തുടങ്ങിയ നൃത്ത രൂപങ്ങളാണ്‌ സമന്വയിപ്പിച്ചിരിക്കുന്നത്‌ . കേരളത്തിന്റെയും തമിഴ് നാടിന്റെയും ആന്ധ്രാ പ്രദേശിന്റെയും സംസ്ക്കാരങ്ങളോട് ഇഴകി ചേർന്ന് നിൽക്കുന്ന ഈ നൃത്തകലാരൂപങ്ങൾ സാംസ്കാരികത്തനിമ ഒട്ടും ചോരാതെ വൈദഗ്ധ്യ മികവിൽ ഇഴ ചേർത്താണ് ‘സംയോജിത’ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ . ഈ നൃത്ത രൂപങ്ങളെല്ലാം ഭാവ ചേഷ്ടകളിൽ വിഭിന്നമെന്നതാണ് പൊതുതത്വമെങ്കിലും അവയിൽ വളരെയേറെ സമാനതകൾ ദർശിക്കാനാവും. ഈ സമാനതകൾ കോർത്തിണക്കി ‘നാനാത്വത്തിൽ ഏകത്വം’ എന്ന പ്രമേയമാണ് സംയോജിത എന്ന ഈ ഷോയിൽ അവതരിപ്പിക്കുന്നത്‌ .

 

നൃത്തത്തെ സ്നേഹിക്കുന്നവർക്ക് കണ്‍കുളിർക്കെ കണ്ട് ആസ്വദിക്കാനുള്ള നൃത്ത വിരുന്നും നൃത്തമഭ്യസിക്കുന്നവർക്ക് കണ്ട് പഠിക്കാനുളള പഠനക്കളരിയുമായിരിക്കും ഈ ഷോ. നൃത്ത കലാ കേന്ദ്ര ഡാൻസ് അക്കാദമി ഡയറക്ടറും കൊറിയോഗ്രാഫറും നർത്തകിയുമായ പ്രീത കണ്ടൻചാത്തയും, റിഗാറ്റ കലാ കേന്ദ്ര ഡയറക്ടറും കൊറിയോഗ്രാഫറും നർത്തകനുമായ ഹരി കിഷൻ നായരും ഉൾപ്പെടെ 13 പ്രൊഫഷണൽ നർത്തകരാണ് ഈ നൃത്ത മാമാങ്കത്തിന് വേണ്ടി മാസങ്ങളായി പരിശീലിച്ചുകൊണ്ടിരിക്കുന്നത് . അതിഥി താരങ്ങളായി പ്രശസ്ത നർത്തകി സംജുക്താ ബാനർജിയും യുകെയിൽ നിന്നും വരുന്ന പ്രമുഖ ഡാൻസർ വിനോദ് നായരും ഇതിൽ പങ്കാളികളാകുന്നതോടെ “സംയോജിത” കണ്ണഞ്ചിപ്പിക്കുന്ന ഒരു നൃത്തവിസ്മയമായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. യുവർ ചോയിസ് റിയാൽറ്റി കോർപ്പറേഷനിലെ ജോസ്സി കാരക്കാട്ടാണ് ഈ ഷോയുടെ പ്രധാന സ്പോണ്‍സർ. ടിക്കറ്റുകൾക്കും സ്പോണ്‍സർഷിപ്പിനും 647.859.7772/ 416.825. 4979 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വാർത്ത∙ജയിസണ്‍ മാത്യു

 

LEAVE A REPLY

Please enter your comment!
Please enter your name here