ന്യൂയോര്‍ക്ക്: എട്ട് രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്ക് വ്യാപിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് തിരിച്ചടി. അമേരിക്കന്‍ പ്രസിഡന്റിന് ഇത്തരം വിലക്ക് ഏര്‍പ്പെടുത്താനുള്ള നിയമപരമായ അവകാശമില്ലെന്ന് ഹവായ് ഡിസ്ട്രിക്റ്റ് കോടതി ഉത്തരവിട്ടു. ചാഡ്, ഉത്തരകൊറിയ, വെനിസ്വേല, ഇറാന്‍, ബിലിയ, സോമാലിയ,സിറിയ,യമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഏറ്റവും പുതുതായി ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയത്.ഇന്ന് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. മൂന്നാമത്തെ യാത്രാനിരോധ ഉത്തരവിനും കോടതിയുടെ സ്റ്റേ. ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ ഏതാനും മണിക്കൂര്‍ അവശേഷിക്കവെയാണ് ഫെഡറല്‍ കോടതിയുടെ ഉത്തരവ്. പൗരത്വം നോക്കി ആരെയും വിലക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
യാത്രാ നിരോധവുമായി ബന്ധപ്പെട്ട് മൂന്ന് എക്‌സിക്യൂട്ടീവ് ഓഡറുകളിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടത്. ആദ്യത്തെ രണ്ട് എക്‌സിക്യൂട്ടീവുകളും ഫെഡറല്‍ കോടതി സ്റ്റേ ചെയ്തതിനാല്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് അമേരിക്കന്‍ സര്‍ക്കാര്‍. മൂന്നാമത്തെ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ എട്ട് രാജ്യങ്ങളിലെ പൗരന്മാരെ ആജീവനാന്തം വിലക്കിക്കൊണ്ടുള്ള ഉത്തരവായിരുന്നു.
പൗരത്വത്തിന്റെ പേരില്‍ വിവേചനം അനുവദിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫെഡറല്‍ ജഡ്ജിയായ ഡെറിക് കെ.വാട്‌സണിന്റെ സുപ്രധാനമായ വിധി. ഉത്തരകൊറിയ, വെനസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നയതന്ത്ര അസ്വാരസ്യത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കേര്‍പ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷിതത്വത്തിന് എതിരാണ് കോടതി വിധിയെന്ന് വൈറ്റ് ഹൌസ് പ്രതികരിച്ചു. സ്റ്റേക്കെതിരെ ഉന്നത കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here