നോര്‍ത്ത് കരോളിന: ഷാര്‍ലെറ്റിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ മാതാവിന്റേയും വിശുദ്ധ ഔസേഫ് പിതാവിന്റേയും തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ആലപ്പാട്ടിനൊപ്പം, പള്ളി വികാരി ഫാ. ജോര്‍ജ് ദാനവേലിലും, ഫാ. പോള്‍ ചാലിശേരിയും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തിരുനാളിനോടനുബന്ധിച്ച് വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ഉണ്ടായിരുന്നു. ഫാ. ബിനോയി അച്ചന്റെ നേതൃത്വത്തില്‍ ആസ്വാദ്യകരമായ ചെണ്ടമേളവും തിരുനാളിനു മാറ്റുകൂട്ടി. തിരുനാള്‍ ദിവസം മാമ്മോദീസാ സ്വീകരണവും ആദ്യകുര്‍ബാന സ്വീകരണവും മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. തുടര്‍ന്നു പള്ളിയുടെ നിര്‍മാണത്തിനായി തുടങ്ങിയ കാര്‍ റാഫിളിന്റെ നറുക്കെടുപ്പും നടന്നു.

തിരുനാള്‍ ഭംഗിയായും ചിട്ടയായും ഭക്ത്യാദരപൂര്‍വം നടത്തുന്നതിനായി പ്രാര്‍ത്ഥിക്കുകയും അധ്വാനിക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത വികാരി ഫാ. ജോര്‍ജ് ദാനവേലിലും, പാരീഷ് കൗണ്‍സില്‍ ഭാരവാഹികളും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ബെന്നി വിളക്കുന്നേല്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here