ഡിട്രോയിറ്റ്∙ “മാവേലി നാടു വാണീടും കാലം.. മാനുഷരെല്ലാരും ഒന്നു പോലെ…” അതേ ലെനിനും മാർക്സും സോഷ്യലിസം മലയാള മണ്ണിൽ കൊണ്ടുവരുന്നതിന് അനേകം വ്യാഴവട്ടങ്ങൾക്കു മുൻപേ ദൈവത്തിന്റെ സ്വന്തം നാട്ടിലെ മനുഷ്യരെല്ലാം ഒന്നാണെന്നും, ഉച്ചനീതി വ്യവസ്ഥകൾക്ക് യാതൊരു സ്ഥാനവും മാനുഷിക ബന്ധങ്ങളില്ലെന്നും നമ്മെ പഠിപ്പിച്ച നമ്മുടെ മാവേലി തമ്പുരാന്റെ ഓർമകളുമായി, തുമ്പയും തുളസിയും പൂവിളികളും സദ്യവട്ടങ്ങളുമായി വീണ്ടുമൊരു ഓണക്കാലം വരവായി. നാട്ടിലെന്ന പോലെ പ്രവാസികളുടേയും ഉത്സാഹത്തിന്റെയും സന്തോഷത്തിന്റെയും നാളുകളാണിത്. ഒത്തു ചേരലുകളും സദ്യ ഒരുക്കലും സാംസ്കാരിക സംഘടനകളുടെ ഓണാഘോഷങ്ങളും നാട്ടിലല്ലാത്തതിന്റെ കുറവ് ഒരു പരിധി വരെ പരിഹരിക്കാനാകുന്നുണ്ട്.

മൂന്നടി ഭൂമി ചോദിച്ച വാമനനു മൂന്നാമത്തെ അടി സ്ഥലം കൊടുക്കാനാകാതെ സ്വന്തം ശിരസ്സിൽ ചവിട്ടിച്ചു പാതാളത്തിലേക്കു പോയ മഹാബലി തമ്പുരാൻ എല്ലാ ഓണക്കാലത്തും തന്റെ പ്രിയ പ്രജകളെ കാണാനെത്തുന്ന ഓണം, ലോകമലയാളികൾ ഭൂലോകത്തിന്റെ ഏതറ്റത്തും കാണം വിറ്റും ആഘോഷിക്കും. മിഷിഗണിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ, എല്ലാ വർഷങ്ങളിലെന്ന പോലെ ഈവർഷവും വ്യതസ്തങ്ങളായ ആഘോഷ പരിപാടികളുമായി ജനശ്രദ്ധ ആകർഷിക്കുകയാണ്.

അത്തപ്പൂക്കളവും, ഡിട്രോയിറ്റിലെ മലയാളി പെൺകൊടികളുടെ തിരുവാതിരയും, ഓണപ്പാട്ടുകൾക്കുമൊപ്പം ഡിട്രോയിറ്റിലെ ഏകദേശം 25-ഓളം കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തി മൂന്നു മണിക്കൂർ നീണ്ട നാട്യ നൃത്ത കലാ രൂപമായ സുതലം ഒരുക്കുകയാണ് ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ. ഓഗസ്റ്റ്‌ 22ന് ഉച്ചയ്ക്ക് വിവിധ തരം പായസങ്ങളോടു കൂടി തൂശനിലയിൽ വിഭവ സമൃദ്ധമായ സദ്യക്ക് ശേഷമാണു കലാപരിപാടികൾ ആരംഭിക്കുന്നത്. ഡിട്രോയിറ്റിന്റെ വിവിധ ഭാഗങ്ങളിലായി പരിപാടികളുടെ പ്രാക്റ്റീസ് സെഷനുകൾ, കോ ഓർഡീനേറ്റർ ആയ രാജേഷ് നായരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഡിട്രോയിറ്റിലെ മലയാളികൾക്ക് മാത്രമല്ല, ലോക്കൽ കമ്മ്യൂണിറ്റി സർവീസ്സസുകളും അഡോപ്റ്റ് എ റോഡ്‌ എന്ന പരിപാടിയിലൂടെ 5 മൈലോളം റോഡ്‌ വൃത്തിയാക്കി കൊണ്ട് മാതൃകയാവുകയാണു ഡിഎംഎ. ഇതിനു നേതൃത്വം നൽകുന്നത് നോബിൾ തോമസ്സാണ്. അതോടൊപ്പം നാട്ടിൽ ചാരിറ്റി പ്രവർത്തനത്തിലും ഡിഎംഎ മുൻപന്തിയിലാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സൈജൻ ജോസഫാണ്.

ഈ പരിപാടികളിൽ പങ്കെടുത്തു ഈ ഓണക്കാലം ഡിഎംഎയുമൊത്ത് ആഘോഷിക്കുവാൻ ഡിഎംഎ പ്രസിഡന്റ് റോജൻ തോമസ്സും, സെക്രട്ടറി ആകാശ് തോമസും, ട്രഷറർ ഷാജി തോമസും അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here