shark.jpg.image.784.410

 

ഫ്ലോറി‍ഡ∙ ബീച്ചിൽ കളിക്കവെ സ്രാവിന്റെ ആക്രമണത്തിനിരയായിട്ടും മനഃസാന്നിധ്യം കൈവിടാതെ കടലിലകപ്പെട്ടു പോയ ആറു വയസുകാരിയെ രക്ഷപ്പെടുത്തിയ കാലെ സാർമാർക്ക് എന്ന പത്തു വയസുകാരി യുഎസ് പെൺകൊടിക്ക് അഭിനന്ദന പ്രവാഹം. മുതിർന്നവർ പോലും പതറിപ്പോയേക്കാവുന്ന സാഹചര്യത്തിലാണ് സ്വന്തം ജീവൻ പോലും പരിഗണിക്കാതെ കൂട്ടുകാരിക്ക് സഹായഹസ്തം നീട്ടി പത്തു വയസ് മാത്രം പ്രായമുള്ള കാലെ സാർമാർക്ക് എന്ന പെൺകുട്ടി മാതൃകയായത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം ഫ്ലോറിഡയ്ക്കടുത്ത് ജാക്സോൺവില്ലയിലെ ബീച്ചിലെത്തിയതായിരുന്നു കാലെ സാർമാർക്ക്. ബീച്ചിന് സമീപം കടലിലിറങ്ങി കളിക്കവെ അപ്രതീക്ഷിതമായി സ്രാവ് ആക്രമിക്കുകയായിരുന്നു. മൂന്നടിയിലേറെ നീളമുള്ളതായിരുന്നു സ്രാവ്. വലതുകാലിൽ സ്രാവിന്റെ കടിയേറ്റ് ഗുരുതര പരുക്കുകളോടെ ഒരുവിധം കരയ്ക്ക് കയറിയപ്പോഴാണ് കാലെ അറിയുന്നത്, അത്രയും നേരം ഒപ്പം കളിച്ച ആറു വയസ് മാത്രം പ്രായമുള്ള കൊച്ചുകൂട്ടുകാരി കടലിൽ ഒറ്റപ്പെട്ടു പോയിരിക്കുന്നു. പെൺകുട്ടിയോട് കയറിവരാൻ അവൾ അലറി പറഞ്ഞെങ്കിലും കൊച്ചുപെൺകുട്ടിക്കതിനായില്ല. അതോടെ, പതിയിരിക്കുന്ന അപകടങ്ങളെ അവഗണിച്ച് ചോരയൊലിക്കുന്ന കാലുമായി കാലെ സാർമാർക്ക് കടലിലേക്കിറങ്ങി ചെന്ന് കൂട്ടുകാരിയെ രക്ഷപ്പെടുത്തുകയായിരുന്നു.

കൊച്ചു കൂട്ടുകാരിയുടെ ജീവൻ രക്ഷിച്ചതിന് പ്രതിഫലമായി പക്ഷേ കാലെ സാർമാർക്കിന് വേണ്ടിവന്നത് 90 തുന്നലുകളാണ്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അവളുടെ കാൽ ഡോക്ടർമാർക്ക് തുന്നിക്കൂട്ടാനായത്. എന്തായാലും പെൺകുട്ടി പൂർണമായും സുഖപ്പെടുമെന്നാണ് ഡോക്ടർമാർ നൽകുന്ന ഉറപ്പ്. അവൾക്ക് പഴയതുപോലെ ചാടിത്തുള്ളി നടക്കാനാകുമെന്നും അവർ പറയുന്നു. സ്വന്തം ജീവൻ പോലും പരിഗണിക്കാതെ കൊച്ചുകൂട്ടുകാരിയുടെ ജീവൻ രക്ഷിക്കാൻ പോയ കാലെ സാർമാർക്കിന്റെ ധീരത ലോക മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here