1440211110_aa

 

ഡിട്രോയിറ്റ്: അമേരിക്കയിലെ ഏറ്റവും കൂടുതല്‍ മഞ്ഞു പെയ്യുന്ന മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍, സേവനപാതയുടെ, പ്രത്യേകിച്ചു മിഷിഗണിലെ മലയാളികളുടെ സേവനത്തില്‍ 35 പൊന്‍ വര്‍ഷങ്ങള്‍ പിന്നിടുകയാണു. 1980ല്‍ നിര്യാതരായ അന്‍ഡ്രൂസ് അച്ചമ്പി, ജോണ്‍ പി നൈനാന്‍, സി ജെ മാത്യൂ, ഈ ജി യോഹന്നാന്‍, എന്നിവരോടൊപ്പം ജേക്കബ് പാലക്കുഴി, ബേബികുട്ടി, തോമസ് കര്‍ത്തനാള്‍, എന്‍ ജി മാത്യൂ, മാത്യൂസ് ചെരുവില്‍, മോഹന്‍ പനങ്കാവില്‍ , എം മുരളി, കരുണാകരന്‍ പിള്ള, പി ഓ ജേക്കബ്, ജോസഫ് മാത്യൂ, ജോര്‍ജ് വണ്ണിലം, പൊന്നമ്മ വര്‍ഗ്ഗീസ്, ടി എസ് വര്‍ഗ്ഗീസ്, ഫിലിപ്പച്ചായന്‍, തുടങ്ങിയവര്‍ എളിയ രീതിയില്‍ നിന്നു തുടങ്ങിയ ഡി എം എ, ഇന്ന് വളര്‍ന്നു പടര്‍ന്നു പന്തലിച്ച ഒരു വട വൃക്ഷം പോലെയായി.
നാട്ടിലും അമേരിക്കയിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുഖ മുദ്രയാക്കിയ ഡി എം എ, ഈ മുപ്പത്തഞ്ചാം വാര്‍ഷികത്തിന്റെ ഓര്‍മ്മക്കായി ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി എന്ന ഒരു ചാരിറ്റി പ്രവര്‍ത്തനവുമായി ചേര്‍ന്നു സമൂഹത്തിലെ താഴേകിടയിലുള്ളവര്‍ക്കു വീടുകള്‍ നിര്‍മ്മിച്ചു നല്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡി എം എ.നാട്ടില്‍ ഓണകിറ്റുകള്‍, ജനസേവ പോലെയുള്ള സംഘടനകള്‍ക്ക് സാമ്പത്തിക സഹായം, മിഷിഗണില്‍ സൂപ്പ് കിച്ചന്‍, മീല്‍സ് ഓണ്‍ വീല്‍സ്, അഡോപ്റ്റ് എ റോഡ് തുടങ്ങി വിവിധങ്ങളായ ജനസേവ പ്രവര്‍ത്തികള്‍ നാട്ടിലെന്ന പോലെ അമേരിക്കയിലും നടത്തി വരുന്നു. മലയാള ഭാഷ പഠന ക്ലാസുകളും യുവജനോത്സവങ്ങളും, അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന രണ്ടാം തലമുറയ്ക്ക് കേരളീയ സംസ്‌കാരം പകര്‍ന്നു നല്കാന്‍ ഉള്ള ഡി എം എ യുടെ ശ്രമങ്ങള്‍ക്ക് ഉദാഹരണമാണ്. ഡി എം എ കുടുംബത്തില്‍ വളര്‍ന്നു വരുന്ന എഴുത്തുകാര്‍ക്കും, പ്രശസ്തരായ പല പ്രവാസി എഴുത്തുകാരുടേയും ആര്‍ട്ടിക്കിളുകള്‍ ഉള്‍പ്പെടുത്തി കൊണ്ടു വര്‍ഷത്തില്‍ നാലു പ്രാവിശ്യം ധ്വനി എന്ന പ്രസിദ്ധീകരണവും ഡി എം എ ഇറക്കുന്നുണ്ട്.
മലയാള സിനിമയുടെ നിത്യവസന്തം പ്രേം നസീര്‍ മുതല്‍ വിവിധ കലാ സാംസ്‌കാരിക സംഘടന നേതാക്കളെ മിഷിഗണില്‍ കൊണ്ട് വന്നിട്ടുണ്ട് ഡി എം എ .
ഒരു സംഘടനയെ ഒത്തൊരുമിച്ചു കൊണ്ട് പോകുക എന്ന ദൗത്യം എല്ലാ പ്രസിഡന്റ്മാരുടേയും ഭാരിച്ച ചുമതലയാണ്.ഈ നീണ്ട 35 വര്‍ഷങ്ങളില്‍ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഒരു പോലെ സംഘടനയെ നയിച്ച പ്രസിഡന്റുമാരെ ആദരിക്കുകയാണു ഡി എം എ. പഴയ പ്രസിഡന്റ്മാരുടെ ഒരു കൂടിവരവു വച്ചപ്പോള്‍, ഓര്‍മ്മകളുടെ തീരത്തുകൂടി തങ്ങളുടെ ഭരണകാലത്തെ സംഭവങ്ങളെക്കുറിച്ചും തമാശകളെക്കുറിച്ചും വാചാലരായി. 35 വര്‍ഷത്തെ മെമ്മറി ലേയ്ന്‍ കോ ഓര്‍ഡിനേറ്റര്‍ സൈജാന്‍ ജോസഫ് ആണു. ഈ 35 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം പുതുതായി നേതൃത്വ നിരയിലേക്ക് വരുന്നവര്‍ക്ക് വളരെ സഹായകരമാണെന്ന് ഇപ്പോഴത്തെ ഡി എം എ പ്രസിഡന്റ് റോജന്‍ തോമസ് അഭിപ്രായപ്പെട്ടു.
പ്രവാസ ജീവിതത്തിന്റെ മടുപ്പ് മാറ്റുവാനും കേരളത്തിന്റെ തനതായ സംസ്‌കാരം വരും തലമുറയിലേക്കു പരകരുക എന്ന മഹത്തായ ദൗത്യം ഒരു പരിധിവരെ നിറവേറ്റാന്‍ ഡി എം എ യെ കൊണ്ട് സാധിക്കുന്നതില്‍ വളരെ അധികം സംതൃപ്തിയുണ്ടെന്നു സെക്രട്ടറി ആകാശ് എബ്രഹാം പറഞ്ഞു.
ഈ വരുന്ന ശനിയാഴ്ച്ച (ആഗസ്റ്റ് 22 2015) മിഷിഗണിലെ ലാംഫയര്‍ സ്‌കൂളില്‍ വച്ചു നടത്തപ്പെടുന്ന ഓണാഘോഷങ്ങളില്‍ വച്ചാണ് കഴിഞ്ഞ കാല പ്രസിഡന്റുമാരെ ആദരിക്കുന്നത്. മറക്കാതെ മിഷിഗണിലെ മലയാളികള്‍ ഒത്തൊരുമിച്ചു ഒരുമയുടെ ഈ ഓണം ആഘോഷിക്കാം എന്ന് ഡി എം എ ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here