വാഷിങ്ടൺ∙ വെടിവയ്പും മരണവും ടെലിവിഷനിൽ തൽസമയം കണ്ടതിന്റെ ഞെട്ടൽ വിട്ടുമാറാതെ യുഎസ്. വെർജീനിയയിലെ പ്രാദേശിക ടെലിവിഷൻ ചാനലി‍ൽ ‘മരണത്തിന്റെ സംപ്രേഷണം’ തൽസമയം കണ്ടത് കൊല്ലപ്പെട്ട ക്യാമറാമാൻ ആഡം വാർഡിന്റെ പ്രതിശ്രുതവധു ഉൾപ്പെടെ 40,000 പേർ! വാർഡിന്റെ പ്രതിശ്രുതവധു മെലിസ ഓട്ടും ഇതേ ചാനലിലെ ജീവനക്കാരിയാണ്.

വിവാഹത്തിനു ശേഷം മെലിസ ജോലി വിടുന്നതിന്റെ യാത്രയയപ്പ് ആഘോഷങ്ങൾക്കായി സഹപ്രവർത്തർ കേക്കും ബലൂണുകളും ഒരുക്കിയിരുന്നതാണ്. പക്ഷേ, പ്രതിശ്രുതവരന്റെ മരണം തൽസമയം കാണാനായി വിധി. ജീവിതപങ്കാളിയാകേണ്ടയാൾ കൊല്ലപ്പെട്ട അതേദിവസം തന്നെ വിവാഹവസ്ത്രം തയാറാക്കി കിട്ടിയതിന്റെ ആഘാതമേറ്റ മെലിസ ഫെയ്സ്ബുക്കിലെ കുറിപ്പിലൂടെ ആഡത്തിനു വികാരഭരിതമായി വിടചൊല്ലി.

ബുധനാഴ്ചയാണ് അഭിമുഖ പരിപാടിക്കിടെ ആഡം വാർഡും (27) വനിതാ റിപ്പോർട്ടർ അലിസൺ പാർക്കറും (24) ചാനൽ മുൻജീവനക്കാരൻ വെസ്റ്റർ ഫ്ലാനഗന്റെ വെടിയേറ്റു മരിച്ചത്. പാർക്കർ അഭിമുഖം ചെയ്തുകൊണ്ടിരുന്ന വിക്കി ഗാർഡ്‌നർക്കും വെടിയേറ്റെങ്കിലും ജീവൻ നഷ്ടപ്പെട്ടില്ല. ഫ്ലാനഗൻ പിന്നീടു സ്വയം വെടിവച്ചു മരിച്ചു. രണ്ടുവർഷം മുൻപു ഫ്ലാനഗനെ ചാനലിൽനിന്നു പിരിച്ചുവിടുന്നതിന്റെ രംഗങ്ങൾ ആഡം വാർഡ് ക്യാമറയിൽ പകർത്തിയിരുന്നതിന്റെ പക തീർക്കാനാണു വെടിവയ്പു നടത്തിയതെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്.

കറുത്തവർഗക്കാരനെന്ന നിലയിലും സ്വവർഗാനുരാഗിയെന്ന നിലയിലും പരിഹാസങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും 23 പേജുള്ള ആത്മഹത്യാക്കുറിപ്പിലുണ്ട്. ചാൾസ്റ്റണിലെ ആരാധനാലയത്തിൽ വെളുത്തവർഗക്കാരന്റെ വെടിയേറ്റുമരിച്ച കറുത്തവർഗക്കാരുടെ പേരുകൾ കൊത്തിവച്ച വെടിയുണ്ടകളാണു താനുതിർത്തതെന്നും ഫ്ലാനഗന്റെ രോഷം തിളയ്ക്കുന്ന കുറിപ്പിൽ വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here