നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്​ലിം അസോസിയേഷൻസിന്‍റെ (നൻമ) സംരംഭകത്വ ക്ലബ്ബായ ‘ഇൻസ്പയറി’ന് ഉജ്ജ്വല തുടക്കം. ഇൻസ്പയറിന്‍റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവർത്തകനും ആസ്റ്റർ ഗ്രൂപ്പ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ നിർവഹിച്ചു.

വർഷങ്ങൾക്കുമുമ്പ് അജ്മാനിൽ സേവനാവശ്യാർത്ഥം എത്തിയ തന്‍റെ ജീവിതത്തിലെ നിർണായക വഴിത്തിരിവുകളെ അദ്ദേഹം വിശദീകരിച്ചു. അവസര വാതിലിൽ മുട്ടുമ്പോൾ ശബ്ദത്തെ കുറ്റപ്പെടുത്താതെ വാതിൽ തുറക്കാൻ സന്നദ്ധരാവണം. ദൈവാനുഗ്രഹവും കഠിനാധ്വാനവും ശരിയായ കാഴ്ചപ്പാടും ലക്ഷ്യവും സമർപ്പിത ടീമും ശരിയായ തീരുമാനവുമാണ് സംരംഭങ്ങളുടെ വിജയമന്ത്രം. ഭാവിയിലെ സാദ്ധ്യതകളെ കണ്ടുകൊണ്ടുള്ള സംരംഭങ്ങൾക്കു അടുത്തതലമുറയെ പ്രാപ്തരാക്കണം .കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകൾ കൃത്യമായി നിർവഹിക്കുന്നതിലൂടെ വിജയം സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇന്ത്യയുടെ സാംസ്‌കാരികവും വ്യവസായികവുമായ വളർച്ചയുടെ വിപുലമായ വാണിജ്യസാദ്ധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ പുതിയ തലമുറയെ സജ്ജമാക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ശ്രോതാക്കളുടെ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

നൻമ പ്രോഗ്രാംസ് ഡയറക്ടർ കുഞ്ഞു ‌പയ്യോളി ക്ലബ്ബിനെ പരിചയപ്പെടുത്തി. സംരംഭകത്വം പ്രോത്സാഹിപ്പിക്കുവാനും പുതിയ ആശയങ്ങൾക്ക് ഉപദേശനിർദേശങ്ങൾ നൽകുവാനും രൂപീകരിച്ച ക്ലബ്ബാണ് ഇൻസ്പയർ.

ബേബി ഹൈഫ അബ്ദുറഷീദിന്‍റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ നന്മ മുൻപ്രസിഡന്‍റ് എ. നസീർ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്‍റ് സിനാഫ് അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്‍റ് ഫിറോസ് മുസ്തഫ ഇൻസ്പയറിന്‍റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. നന്മ ചെയർമാൻ സമദ് പൊനേരി നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here