വാഷിങ്‌ടൺ: അമേരിക്കയെ ലോകത്തെ വൻ ഉൽപ്പാദന ശക്തിയാക്കുമെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ആദ്യമായി സ്‌ത്രീയെ ചന്ദ്രനിലയക്കുമെന്നും ചൊവ്വയിൽ ആദ്യം അമേരിക്കയുടെ കൊടി കുത്തുമെന്നും ട്രംപ്‌ പ്രഖ്യാപിച്ചു. വീണ്ടും അമേരിക്കൻ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ റിപ്പബ്ലിക്കൻ പാർടിയുടെ സ്ഥാനാർഥിത്വം സ്വീകരിച്ച്‌ നടത്തിയ പ്രസംഗത്തിലാണ്‌ വാഗ്ദാനപ്രളയം.

വീണ്ടും പ്രസിഡന്റായാൽ 10 മാസംകൊണ്ട്‌ ഒരുകോടി തൊഴിൽ സൃഷ്ടിക്കും. ചൈനയെ ഉപേക്ഷിച്ച്‌ അമേരിക്കയിൽ വ്യവസായം തുടങ്ങുന്ന കമ്പനികൾക്ക്‌ നികുതിയിളവ് നൽകും. അമേരിക്ക വിടുന്ന കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക്‌ ചുങ്കം ചുമത്തും. നികുതികൾ കുറയ്‌ക്കും. തോക്ക്‌ സൂക്ഷിക്കാൻ പൗരനുള്ള അവകാശം സംരക്ഷിക്കും.

നൂറുകണക്കിന്‌ അമേരിക്കക്കാരെ പുറത്താക്കി പകരം ഇന്ത്യക്കാരടക്കം വിദേശ തൊഴിലാളികൾക്ക്‌ തൊഴിൽ നൽകാൻ ടെന്നെസീ വാലി അതോറിറ്റി (ടിവിഎ) തീരുമാനിച്ചത്‌ താൻ ഇടപെട്ടാണ്‌ മാറ്റിയതെന്നും ട്രംപ്‌ പറഞ്ഞു. 20 ശതമാനം പുറംജോലി കരാർ നൽകുമെന്ന്‌ ഈ മാസമാദ്യം ടിവിഎ ബോർഡ്‌ അറിയിച്ചിരുന്നു. ഭൂരിപക്ഷവും ഇന്ത്യക്കാർക്ക്‌ ലഭിക്കേണ്ടിയിരുന്ന തൊഴിലാണ്‌ അവയെന്ന്‌ വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്‌തു.

കോവിഡ്‌ നേരിടുന്നതിൽ ലോകത്ത്‌ ഏറ്റവും പരാജയപ്പെട്ട ഭരണാധികാരിയായ ട്രംപ്‌ പക്ഷേ അക്കാര്യത്തിലും വിജയം അവകാശപ്പെട്ടു. അമേരിക്കയിൽ കോവിഡ്‌ മരണസംഖ്യ 1.86 ലക്ഷത്തോളമായി. ട്രംപ്‌ പ്രസംഗിച്ച വ്യാഴാഴ്‌ചയും ലോകത്ത്‌ ഏറ്റവുമധികം മരണം അമേരിക്കയിലാണ്‌–- 1143 പേർ. എന്നാൽ, മരണനിരക്ക്‌ ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ്‌ അമേരിക്ക എന്ന്‌ അവകാശപ്പെട്ട ട്രംപ്‌ യൂറോപ്യൻ രാജ്യങ്ങളിലേക്കാൾ കുറവാണെന്നും പറഞ്ഞു. നാല്‌ രാവ്‌ നീണ്ട കൺവെൻഷന്റെ സമാപനമായിരുന്നു വ്യാഴാഴ്‌ച.

LEAVE A REPLY

Please enter your comment!
Please enter your name here