ഹവാന: ക്യൂബ വികസിപ്പിച്ച കോവിഡ്‌ വാക്‌സിനെടുത്ത ആദ്യ 20 പേരുടെയും ആരോഗ്യസ്ഥിതി തൃപ്‌തികരം. സൊബെരാന(പരമാധികാരം)01 എന്ന വാക്‌സിൻ കുത്തിവച്ച്‌ 48 മണിക്കൂറിനുശേഷമുള്ള വിവരങ്ങളാണ്‌‌ പുറത്തുവന്നത്‌.
ക്യൂബയിലെ ഫിൻലേ വാക്‌സിൻ ഇൻസ്റ്റിറ്റ്യൂട്ടാണ്‌ വാക്‌സിൻ വികസിപ്പിച്ചത്‌. മനുഷ്യരിലെ പരീക്ഷണം സംബന്ധിച്ച്‌ അടുത്ത തിങ്കളാഴ്‌ച ദേശീയ മരുന്ന്‌ നിയന്ത്രണകേന്ദ്രത്തിന് ഇവർ ആദ്യ റിപ്പോർട്ട് നൽകും‌.

രണ്ടാംഘട്ട പരീക്ഷണം സെപ്‌തംബർ 11ന്‌ ആണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. 19നും 80നും ഇടയിൽ പ്രായമുള്ള 676 പേർക്ക്‌ കുത്തിവയ്‌പ്‌ നൽകും. അടുത്ത വർഷം ആദ്യമായിരിക്കും ഇതിന്റെ ഫലം ലഭിക്കുക. രോഗനിവാരണത്തിൽ ക്യൂബയ്‌ക്കുള്ള അനുഭവസമ്പത്ത്‌ സൊബെരാന 01ന്റെ കാര്യത്തിലും പ്രതിഫലിക്കുമെന്നാണ്‌ വിദഗ്‌ധാഭിപ്രായം.

വാക്‌സിൻ: ഇന്ത്യൻ കമ്പനി കരാറുണ്ടാക്കി
ഹൂസ്റ്റൺ: കോവിഡ്‌ വാക്‌സിൻ നിർമാണത്തിൽ ഇന്ത്യൻ ഔഷധ കമ്പനിയായ ബയോളജിക്കൽ ഇ ലിമിറ്റഡും‌ ടെക്‌സസിലെ ബെയ്‌ലർ കോളേജ്‌ ഓഫ്‌ മെഡിസിനും (ബിസിഎം) തമ്മിൽ കരാർ ഒപ്പുവച്ചു. വാക്‌സിൻ നിർമാണത്തിന്‌ സാങ്കേതികവിദ്യയുടെ കൈമാറ്റവും മറ്റ്‌ സൗകര്യങ്ങളും ഉറപ്പുവരുത്തുകയാണ്‌ ആദ്യഘട്ടത്തിൽ ചെയ്യുകയെന്ന് ബിസിഎം അറിയിച്ചു‌.
കരാർവഴി ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ ഫലപ്രദമായ വാക്‌സിൻ ഉൽപ്പാദനത്തിന്‌ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ബയോളജിക്കൽ ഇ ലിമിറ്റഡ്‌ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here