cancer

സെബാസ്റ്റ്യന്‍ ആന്റണി

കാന്‍സര്‍ ഇന്ന് ജനതയെ കാര്‍ന്നു തിന്നുന്ന മാരകരോഗമായി ലോകത്താകമാനം പടര്‍ന്നുപിടിക്കുകയാണ്. കാന്‍സറിന്റെ വ്യാപ്തിയും ആഘാതവും അനുദിനം ഏറിവരികയുമാണ്. വിവിധതരം കാന്‍സറുകളില്‍ സ്ത്രീകളെ ഏറെ ബാധിക്കുന്നതാണ് ബ്രസ്റ്റ് കാന്‍സര്‍. എന്നാല്‍ കൃത്യമായ സമയത്ത് ചികിത്സ തേടുകയും ബ്രസ്റ്റ് കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുകയും ചെയ്താല്‍ ഒരുപരിധിവരെ ബ്രസ്റ്റ് കാന്‍സറിന്റെ ആഘാതം കുറയ്ക്കാനാകും. ഇതോടൊപ്പം തന്നെ പ്രധാനമാണ് കാന്‍സര്‍ രോഗികള്‍ക്ക് ശരിയായ ബോധവല്‍ക്കരണം നല്‍കുക എന്നത്.

കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകിവരുന്ന സാഹചര്യത്തില്‍ ഈ ദൗത്യം ഏറ്റെടുത്ത് കേരളം, ബാങ്കളൂര്‍ എന്നീ തെന്നിന്ത്യന്‍ നഗരങ്ങളീലേക്ക് ഫാ. സന്തോഷ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒരു പഠനയാത്ര നടത്താന്‍ ഒരുങ്ങുകയാണ് ന്യൂജേഴ്സിയിലെ പ്രിന്‍സ്റ്റണ്‍ വൈ.ഡബ്ല്യു.സി.എ ബ്രസ്റ്റ് കാന്‍സര്‍ റിസോഴ്സ് സെന്റര്‍ (ബി.സി.ആര്‍.സി.). കാന്‍സറിനെകുറിച്ചുള്ള ബോധവല്‍ക്കരണത്തിനൊപ്പം രോഗം കണ്ടെത്തുന്നതിനേയും അതിന്റെ ചികിത്സയേയും കുറിച്ചുള്ള വിവരങ്ങള്‍ കേരളത്തിലും ബാംഗ്ലൂരിലും പ്രചരിപ്പിക്കുകയും, അവബോധം വളര്‍ത്തുകയും ചെയ്യുക എന്നതാണ് യാത്രയുടെ ലക്ഷ്യം. കാന്‍സര്‍ എന്നത് ഒരു മരണശിക്ഷയോ, അല്ലെങ്കില്‍ ലജ്ജയോടെ മൂടിവയ്ക്കേണ്ട രോഗമോ അല്ലെന്നും നിങ്ങളുടെ ജീവിതപന്ഥാവില്‍ വന്നുചേര്‍ന്നേക്കാവുന്ന സാധാരണ പ്രതിബന്ധങ്ങളില്‍ ഒന്നുമാത്രമാണെന്നുമുള്ള സന്ദേശം പകര്‍ന്നുകൊണ്ട് കാന്‍സര്‍ രോഗികള്‍ക്ക് പ്രതീതീക്ഷയും ആത്മവിശ്വാസവും പകരുകയാണ് ഈ യാത്രകൊണ്ടു പ്രധാനമായും ലക്ഷ്യമിടുന്നത്.

2015, ഒക്ടോബര്‍ 26-നു തുടങ്ങി നവംബര്‍ 3- ന് പഠനയാത്ര സമാപിക്കും. ഒക്ടോബര്‍ 26-ന് തൃശൂരിലെ ജൂബിലീ മിഷന്‍ മെഡിക്കല്‍ ഹോസ്പിറ്റലിലും, 27-ന് തൃശൂരിലെ അമല കാന്‍സര്‍ ഹോസ്പിറ്റലിലും , 29-ന് കോട്ടയം കാരിത്താസ് മെഡിക്കല്‍ ഹോസ്പിറ്റലിലും വച്ച് പഠന ക്ലാസ്സുകള്‍ നടക്കും.

നവംബര്‍ 1-ന് എറണാകുളം അതിരൂപതയിലെ ഇടക്കുന്നു സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് കാന്‍സര്‍ രോഗികളേയും രോഗത്തെ അതിജീവിച്ചവരേയും അവരുടെ കുടുംബങ്ങളേയും കൂട്ടായ്മ നടക്കും. തുടര്‍ന്ന് നവംബര്‍ 2-ന് ബാംഗ്ലൂരിലെ കിദ്വായ് കാന്‍സര്‍ റിസേര്‍ച്ച് സെന്ററില്‍ നടക്കുന്ന സെമിനാറിന് ശേഷം നവംബര്‍ 3-ന് അവടെ വച്ച് കാന്‍സര്‍ രോഗികളേയും രോഗത്തെ അതിജീവിച്ചവരേയും അവരുടെ കുടുംബങ്ങളേയും കൂട്ടായ്‌മയും നടക്കും.

രോഗബാധിതരായ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും പിന്തുണയും സഹായവും നല്‍കുക എന്ന ബി.സി.ആര്‍.സി. കര്‍മപദ്ധതിയുടെ ഭാഗമായി അവരെ സ്വയം പരിശോധന (Self-exam) നടത്താന്‍ പ്രോത്സാഹിപ്പിക്കുകയും വാര്‍ഷിക മാമോഗ്രാം (mammograms) നല്‍കുകയും ചെയ്യും. ഇതിന്റെ ഭാഗമായി ബി.സി.ആര്‍.സി. സംഘം സന്ദര്‍ശനം നടത്തുന്ന ഓരോ ആശുപത്രിയിലും വിശദമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ ഇവയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രോഗികള്‍ക്ക് സെല്‍ഫ്-എക്സാം ഷോ വര്‍ കാര്‍ഡുകള്‍ പോലുള്ള സൗകര്യങ്ങള്‍ നല്‍കുക, അവരുടെ വൈകാരികവും മാനസികവുമായ ആവശ്യങ്ങളെ ആശുപത്രി അധികൃതര്‍ നിറവേറ്റികൊടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, അര്‍ബുദം അവരെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നു മനസ്സിലാക്കുന്നതിനുവേണ്ടി സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. എല്ലായിടത്തും ഇവയെല്ലാം ഒരുമിച്ച് ചെയ്യാന്‍ സാധിച്ചേക്കില്ലെങ്കിലും പ്രാമുഖ്യം അനുസരിച്ച് ഇവയുടെ പ്രവര്‍ത്തനം നടക്കും.

വിവിധ ആശുപത്രികള്‍ക്കും അര്‍ബുദ രോഗീപരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധസംഘങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്നതിനായി ഒരു ഫണ്ട് രൂപീകരിക്കുന്നതിനും ബി.സി.ആര്‍.സി. ലക്ഷ്യമിടുന്നുണ്ട്. ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ താമസിയാതെ വ്യക്തമാക്കുന്നതാണ്. ബി.സി.ആര്‍.സി. സംഘം മടങ്ങിയതിനു ശേഷവും ഈ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഒരു വോളിന്റിയര്‍ സംഘത്തേയും ബി.സി.ആര്‍.സി. നിയോഗിക്കുന്നതാണ്. ഇവരുടെ ചുമതലകള്‍ അര്‍ബുദ രോഗികള്‍ക്കു വേണ്ട വിവരങ്ങളും വിദ്യാഭ്യാസംവും സഹായവും നല്‍കുക, ഒപ്പം ബി.സി.ആര്‍.സി., രോഗികള്‍, ആശുപത്രി ഏകോപനത്തിനും വേണ്ടി പ്രവര്‍ത്തിക്കുക തുടങ്ങിയവയായിരിക്കും.

ബി.സി.ആര്‍.സിയുടെ തെന്നിന്ത്യന്‍ ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത് മലയാളി വൈദികനായ ഫാ. സന്തോഷ് ജോര്‍ജ്ജ് ഒ.എസ്.എസ്.ടി. ആയിരിക്കും. കാന്‍സര്‍ രോഗീപരിചരണം ആത്മീയ തീഷ്ണതയോടെ പിന്തുടരുന്ന ഫാ. സന്തോഷ് ജോര്‍ജ്ജ്, റോമന്‍ കാത്തോലിക വിഭാഗത്തിലെ മോസ്റ്റ് ഹോളി ട്രിനിറ്റി (ട്രിനിറ്റേറിയന്‍ ഫാദേഴ്സ്) സന്യാസി സമൂഹത്തിലെ അംഗവും ന്യൂജേഴ്സിയിലെ ഇര്‍‌വിംഗിലുള്ള ഇന്‍കാര്‍നേഷന്‍ സെന്റ് ജെയിംസ് കത്തോലിക്കാ പള്ളിയിലെ വികാരിയായി പ്രവര്‍ത്തിച്ചു വരികയുമാണ്.

കാന്‍സര്‍ രോഗികള്‍ക്കിടയില്‍ സമയം ചെലവഴിക്കുകയും അവരുടെ പരിചരണത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഫാ. സന്തോഷ്, ഇന്ത്യയിലെ കാന്‍സര്‍ രോഗികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തുക സമാഹരിക്കുന്നതിന് നേതൃത്വം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ നടന്നിട്ടുള്ള നിരവധി കാന്‍സര്‍ രോഗ സംബന്ധിയായ സെമിനാറുകളില്‍ പങ്കെടുത്ത് പേപ്പല്‍ പ്രസന്റേഷന്‍ നടത്തിയിട്ടുമുണ്ട്.

ഇന്ത്യയിലേയും അമേരിക്കയിലേയും കാന്‍സര്‍ രോഗികളേയും രോഗത്തെ അതിജീവിച്ചവരേയും അവരുടെ കുടുംബങ്ങളേയും സന്ദര്‍ശിച്ച് അവര്‍ക്കു വേണ്ട കൗണ്‍സിലിംഗ് നല്‍കുകയും ചെയ്യുന്നുണ്ട്. ഒപ്പം ന്യൂജേഴ്സിയിലെ പാസ്റ്ററല്‍ മിനിസ്‌ട്രിയുടെ കീഴിലുള്ള ആശുപത്രിയില്‍ വോളന്റിയറായി സേവനം അനുഷ്ഠിച്ചു വരികയാണ് ഇപ്പോള്‍ അദ്ദഹം. ഈ അനുഭവങ്ങളില്‍നിന്നുമാണ് കാന്‍സര്‍ രോഗികളേയും രോഗത്തെ അതിജീവിച്ചവരേയും അവരുടെ കുടുംബങ്ങളേയും വൈകാരികവും, സാമൂഹികവും ആത്മീയവുമായി പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം മനസ്സിലാക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സന്തോഷ് ജോര്‍ജ്ജ് ഒ.എസ്.എസ്.ടി. കോ-ഓര്‍ഡിനേറ്റര്‍/അത്മീയ ഉപദേഷ്ടാവ് (609) 882-2862, (609) 882-2860 (യു.എസ്.എ), 0487-2360245, 0487-2360379 (ഇന്ത്യ).

LEAVE A REPLY

Please enter your comment!
Please enter your name here