വാഷിംഗ്ടൺ: രണ്ടു പതിറ്റാണ്ടുകളായി ആഗോള ബാങ്കുകൾ ഉൾപ്പെടെ നിയമവിരുദ്ധമായ ഫണ്ടുകള്‍ വെളുപ്പിച്ചതായി കണ്ടെത്തി യു.എസ് ഏജൻസി. വിവിധ ബാങ്കുകളിലായി രണ്ട് ട്രില്യൺ യു.എസ് ഡോളറിന്റെ പണം തിരിമറി നടത്തിയതായാണ് കണ്ടെത്തിയത്. കള്ളപ്പണം തടയുന്നതിനുള്ള യുഎസ് റെഗുലേറ്ററി ഏജൻസിയായ ഫിനാൻഷ്യൽ ക്രൈംസ് എൻഫോഴ്സ്മെന്റ് നെറ്റ്‌വർക്ക് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും യുഎസ് ട്രഷറിയുടെ ഭാഗമായ ഫിൻസെന്നിനു സമർപ്പിച്ച സസ്പീഷ്യസ് ആക്ടിവിറ്റി റിപ്പോർട്ടിലെ ചില പ്രസക്തഭാഗങ്ങൾ മാത്രമാണ് പുറത്തുവന്നിട്ടുളളത്.

1999 മുതൽ 2017 വരെയുള്ള 2 ട്രില്യൺ യുഎസ് ഡോളറിന്റെ ഇടപാടുകളാണു നിയമവിരുദ്ധമായി നടത്തിയതെന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. രാജ്യാന്തര അന്വേഷണാത്മക മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.ഐ.ജെ പുറത്തുവിട്ട റിപ്പോർട്ടായ ‘ഫിൻസെൻ ഫയൽസിലും ഇത് സംബന്ധിച്ച് വിവരങ്ങളുണ്ട്. ഇടപാടുകൾ സംശയകരമാണെന്ന് ഈ സ്ഥാപനങ്ങളുടെ ആഭ്യന്തര വിഭാഗങ്ങൾ ചൂണ്ടിക്കാട്ടിയതാണെന്നും സാർസിൽനിന്ന് അതു വ്യക്തമാകുന്നുണ്ടെന്നുമാണ് ഐ.സി.ഐ.ജെയുടെ റിപ്പോർട്ട്. ഫിൻസെന്നിലുള്ള ഫയലുകളുടെ വളരെ ചെറിയൊരു ഭാഗം മാത്രമേ ചോർന്നിട്ടുള്ളൂവെന്നാണ് ഐ.സി.ഐ.ജെ പറയുന്നത്. എച്ച്.എസ്.ബി.സി ഹോൾഡിംഗ്സ്, ജെ.പി മോർഗൻ ചേസ് ആൻഡ് കോ, ഡോച്ചെ ബാങ്ക് എജി, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ബാങ്ക് ഓഫ് ന്യൂയോർക്ക് മെല്ലൻ കോപ് തുടങ്ങിയവയുടെ സ്ഥാപനങ്ങളുടെ പേരാണ് ഫിൻസെൻ പുറത്തുവിട്ട ഫയലുകളിലുളളത്.റിപ്പോർട്ട് പുറത്തുവന്നതോടെ എച്ച്.എസ്.ബി.സി ഹോൾഡിംഗ്സിന്റെ ഓഹരി വില 25 വർഷത്തിലാദ്യമായി കൂപ്പുകുത്തി.

ആകെ 2657 രേഖകളാണു ഫിൻസെൻ ഫയലുകൾ എന്നപേരിൽ ചോർന്നിട്ടുള്ളത്. ഇതിൽ 2100 എണ്ണവും സാർസ് ആണ്. സംശയകമായ കാര്യങ്ങൾ പതിവായി ബാങ്കുകൾ അധികൃതരെ അറിയിക്കുന്ന റിപ്പോർട്ടാണിത്. ലോകത്തെ വൻകിട ബാങ്കുകളിലൂടെ എങ്ങനെയാണ് പണം വെളുപ്പിച്ചെടുത്തതെന്നും കമ്പനികളുടെ മറവിൽ ക്രിമിനലുകൾ എങ്ങനെയാണ് ഇവ നടപ്പാക്കിയതെന്നും ഫിൻസെൻ ഫയൽ ചോർച്ചയിലൂടെ വെളിപ്പെട്ടതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സാർസ് എന്നതിനെ ബാങ്കുകളുടെ തെറ്റുകൾ എന്നു ചൂണ്ടിക്കാട്ടാനാകില്ലെന്നും വാദമുണ്ട്.

അതേസമയം അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന സാമ്പത്തിക ദാതാവായ അൽതാഫ് ഖനാനി കള്ളപ്പണം വെളുപ്പിക്കാനായി നടത്തിയ ഇടപാടുകളുടെ ശൃംഖലയും ഫിൻസെൻ കണ്ടെത്തി. ലഷ്കറെ തയിബ, ദാവൂദ് ഇബ്രാഹിം, അൽ ഖായിദ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ളയാളാണു ഖനാനി. ന്യൂയോർക്കിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് സമർപ്പിച്ച എസ്എആറിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളതെന്നു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here