വാഷിംഗ്ടൺ: കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതായ അമേരിക്കയിൽ ആകെ മരണം രണ്ട് ലക്ഷം കവിഞ്ഞു. വേൾഡ് ഒ മീറ്ററിന്റെ കണക്ക് പ്രകാരം നിലവിൽ രാജ്യത്ത് 2,04,118 പേർ‌ മരിച്ചു. ആകെ രോഗികൾ 70,04,768. വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനത്തിൽ ശമനം ഉണ്ടായിട്ടില്ല. 31 സംസ്ഥാനങ്ങളിലെ പുതിയ കേസുകളിൽ മുൻ ആഴ്ചകളുമായി താരതമ്യപ്പെടുത്തുമ്പോൾ 10% വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ജോൺസ് ഹോപ്ക്കിൻസ് സർവകലാശാലയിലെ കണക്ക് വ്യക്തമാക്കുന്നു.

ഡെലവെയർ, ഹവാലി, ലൂസിയാന, മിഷിഗൺ എന്നിവിടങ്ങളിൽ മാത്രമാണ് 10% കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അലാസ്ക, അർക്കൻസാസ്, കാലിഫോർണിയ, ജോർജിയ, ഇല്ലിനോയിസ്, മെയ്ൻ, മേരിലാൻഡ്, നെവാഡ, നോർത്ത് കരോലിന, ഒഹിയോ, ഒറിഗോൺ, പെൻസിൽവാനിയ, റോഡ് ഐലൻഡ്, വിർജീനിയ, വാഷിംഗ്ടൺ എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാണ്.യൂട്ടായിൽ വെള്ളിയാഴ്ച 1,117 പേർക്കും വിസ്കോൻസനിൽ 2,533 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇവിടെ നിയന്ത്രണങ്ങൾ ഒക്ടോബർ 20 വരെ നീട്ടി. ആളുകൾ പരമാവധി വീടുകൾക്കുള്ളിൽ കഴിയണമെന്നും പുറത്തു പോകുന്നവർ തമ്മിൽ ആറടി അകലം പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, മാർച്ച് 30 ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ആദ്യമായി 300ൽ താഴെ എത്തി. 281 പേരാണ് ആശുപത്രിയിലായത്. 68 പേരാണ് ഐ.സി.യുവിൽ കഴിയുന്നത്. മാർച്ച് 26 ന് ശേഷം ആദ്യമായാണ് ഐ.സി.യു രോഗികളുടെ എണ്ണം 70ൽ കുറയുന്നത്. കൊവിഡ് നിയന്ത്രണത്തിന് വ്യാപക പരിശോധന മാത്രമാണ് മാർഗം എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതേസമയം, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലെ സ്ഥിതിയും മോശമായി തുടരുന്നു.

വൈറസ് വ്യാപനം വായുവിലൂടെയോ?
കൊറോണ വൈറസ് വായുവിലൂടെ പടരുന്നതായാണ് യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കുന്നത്. കൊവിഡ് രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറപ്പെടുവിക്കുന്ന കണങ്ങൾ അസുഖബാധ ഉണ്ടാകുമെന്നാണ് നേരത്തെ കണ്ടെത്തിയിരുന്നത്.എന്നാൽ ഇപ്പോൾ, വായുവിലൂടെ രോഗം പടരുന്നതായാണ് സി.ഡി.സി വ്യക്തമാക്കിയിരിക്കുന്നത്. രോഗിയായ ആൾ പലരീതിയിൽ പുറപ്പെടുവിക്കുന്ന കണങ്ങൾ രോഗ ബാധയ്ക്ക് കാരണമാകും. ഈ കണങ്ങൾ വായിലേക്കോ മൂക്കിലേക്കോ ശ്വാസനാളത്തിലേക്കോ ശ്വാസകോശത്തിലേക്കോ കടന്നാൽ രോഗബാധ ഉണ്ടാകുമെന്നും പുതിയ മാർഗ നിർദ്ദേശത്തിൽ പറയുന്നു. രോഗി പുറപ്പെടുവിക്കുന്ന കണങ്ങൾ വായുവിൽ തങ്ങി നിൽക്കുന്നതു വഴി രോഗബാധ ഉണ്ടാകുന്നതിന് തെളിവുണ്ട്. ആളുകൾ തമ്മിലുള്ള അകലം ആറ് അടിയിൽ കുറയാൻ പാടില്ലെന്നും പഠനത്തിലുണ്ട്.

കൊവിഡ് മീറ്റർ
 ലോകത്താകെ രോഗികൾ – 3,12,61,873
 മരണം – 9,65,372
 രോഗവിമുക്തർ – 2,28,45,816

LEAVE A REPLY

Please enter your comment!
Please enter your name here