വാഷിങ്‌ടൺ: തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അധികാരത്തിൽ തുടരാൻ പഴുത്‌ തേടുന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഇറാനിൽ ആക്രമണത്തിന്‌ പദ്ധതിയിട്ടതായി റിപ്പോർട്ട്‌. ഇറാന്റെ ആണവ പദ്ധതി തടയാനെന്ന പേരിൽ അവിടെ ആക്രമണം നടത്തുന്നതിനുള്ള നിർദേശം കഴിഞ്ഞ വ്യാഴാഴ്‌ച ദേശീയ സുരക്ഷാ സമിതിയിൽ ട്രംപ്‌ അവതരിപ്പിച്ചു. എന്നാൽ, ഉപദേഷ്ടക്കൾ എതിർത്തതായും ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്‌തു.

നിയമയുദ്ധത്തിലൂടെ അധികാരത്തിൽ തുടരാൻ നടത്തുന്ന ശ്രമം വിജയിക്കില്ലെന്ന്‌ വ്യക്തമായപ്പോഴാണ്‌ യുദ്ധാന്തരീക്ഷം സൃഷ്ടിക്കാൻ ട്രംപ്‌ ആലോചിച്ചത്‌. എന്നാൽ, അത്‌ വലിയ സംഘർഷമായി മാറുമെന്ന്‌ ഉപദേഷ്ടാക്കൾ മുന്നറിയിപ്പ്‌ നൽകിയതിനെത്തുടർന്ന്‌ ട്രംപ്‌ തൽക്കാലം അടങ്ങി. വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസ്‌, പുതിയ ആക്ടിങ്‌ പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫർ മില്ലർ, സംയുക്ത സേനാ അധ്യക്ഷൻ ജനറൽ മാർക്ക്‌ മില്ലി തുടങ്ങിയവർ യോഗത്തിലുണ്ടായിരുന്നു.

ആക്രമണമുണ്ടായാൽ ഇറാന്റെ പ്രത്യാക്രമണം അടക്കമുണ്ടാകാവുന്ന സ്ഥിതിവിശേഷം ഉപദേഷ്ടക്കൾ ട്രംപിനെ ധരിപ്പിച്ചു.
ഏത്‌ ഭീഷണിയെയും ഇറാൻ പരാജയപ്പെടുത്തുമെന്ന്‌ യുഎന്നിലെ വക്താവ്‌ അലി റെസാ മിർയൂസഫി പറഞ്ഞു. അക്രമികളുടെ ദുഃസാഹസങ്ങളെ തടയാനും തിരിച്ചടിക്കാനും ഇറാന്റെ നിയമാനുസൃത സൈനികശക്തി പര്യാപ്‌തമാണെന്ന്‌ തെളിയിച്ചിട്ടുണ്ടെന്നും വക്താവ്‌ പറഞ്ഞു. യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന്റെ പരിവർത്തനസംഘം പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here