താങ്ക്‌സ്ഗിവിംഗ് ഡേ വീക്കെന്‍ഡില്‍ ചിക്കാഗോയില്‍ ഒന്‍പത് പേര്‍ വെടിയേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. 37 പേര്‍ക്ക്് വെടിവെപ്പില്‍ പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നഗരത്തില്‍ പലയിടത്താണ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് പോലീസ് പറയുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആദ്യത്തെ മാരകമായ വെടിവയ്പ്പും കൊലപാതകവും നടന്നതെന്ന് സിബിഎസ് ചിക്കാഗോ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ തലയ്ക്ക് വെടിയേറ്റ് മുപ്പത് വയസ്സുകരന്‍ മരിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ഒരു ഗ്യാസ് സ്‌റ്റേഷന് പുറത്ത് മറ്റൊരു വെടിവെപ്പും നടന്നു. കാറിനകത്തിരുന്ന് ഒരാള്‍ വെടിവെച്ചതായാണ് റിപ്പോര്‍ട്ട്. നെഞ്ചില്‍ വെടിയേറ്റയാള്‍ പിന്നീട് സിറ്റി ഹോസ്പിറ്റലില്‍ മരിച്ചു.

വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ ഞായറാഴ്ച നടന്ന വെടിവയ്പില്‍ പരിക്കേറ്റവരില്‍ 14 വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൈത്തണ്ടയില്‍ വെടിയേറ്റ പതിനാലുകാരന്‍ സ്വയം ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. 21 വയസ്സുകാരനായ മറ്റൊരു യുവാവിനും ഇവിടെ നടന്ന വെടിവെപ്പില്‍ പരുക്കേറ്റിട്ടുണ്ട്. രണ്ടുപേരുടേയും പരുക്ക് സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു.

ചിക്കാഗോയില്‍ കഴിഞ്ഞയാഴ്ച ഈ വര്‍ഷത്തെ എഴുന്നൂറാമത്തെ കൊലപാതകവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് മാധ്യമങ്ങള്‍ പറയുന്നു. പോലീസിന്റെ കണക്കനുസരിച്ച് വെടിവെപ്പ് സംഭവങ്ങളിലും കൊലപാതകങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 53% വര്‍ദ്ധനവാണുള്ളത്. ഏപ്രിലില്‍ നഗരത്തിലെ പോലീസ് സേനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്, കൊലപാതകങ്ങളുടെ എണ്ണം 300 ല്‍ താഴെയായി നിലനിര്‍ത്തുകയെന്നതായിരുന്നുവെന്ന് എന്‍ബിസി ചിക്കാഗോ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here