വാഷിങ്‌ടൺ: ബറാക്‌ ഒബാമയുടെ ഭരണകാലത്ത്‌ കൊണ്ടുവന്ന ‘ഡാക’ നിയമം പുനഃസ്ഥാപിക്കണമെന്ന്‌ യുഎസ്‌ ഫെഡറൽ കോടതി ട്രംപ്‌ സർക്കാരിനോട്‌ നിർദേശിച്ചു. കുട്ടികളായിരിക്കെ അമേരിക്കയിൽ എത്തപ്പെടുകയും രേഖയിലില്ലാത്ത കുടിയേറ്റക്കാരായി തുടരുകയും ചെയ്യുന്നവരെ നാടുകടത്തലിൽനിന്ന്‌ സംരക്ഷിക്കാനാണ്‌ ഒബാമ സർക്കാർ ഡെഫേർഡ്‌ ആക്‌ഷൻ ഫോർ ചൈൽഡ്‌ഹുഡ്‌ അറൈവൽസ്‌(ഡിഎസിഎ–-ഡാക) പരിപാടി നടപ്പാക്കിയത്‌. നാടുകടത്തൽ നീട്ടിവച്ച്‌ ഇത്തരക്കാരെ അമേരിക്കയിൽ ജോലിചെയ്യാൻ അനുവദിക്കുന്നതാണ്‌ പരിപാടി.

ട്രംപ്‌ സർക്കാർ അധികാരമേറ്റതുമുതൽ ഇത്‌ റദ്ദാക്കാൻ നീക്കമാരംഭിച്ചെങ്കിലും 2017ൽ സുപ്രീംകോടതി തടഞ്ഞു. എന്നാൽ, ജൂണിൽ ട്രംപ്‌ ഇവർക്ക്‌ അമേരിക്കയിൽ തുടരാനുള്ള അനുമതി രണ്ട്‌ വർഷത്തേക്ക്‌ നീട്ടിക്കൊണ്ടിരുന്നത്‌ ഒരു വർഷത്തേക്കായി ചുരുക്കി. 2017ന്‌ ശേഷമുള്ളവരെ പദ്ധതിയിൽ ചേർക്കുന്നത്‌ തടയുകയും ചെയ്‌തു. ഇതിനെതിരെയാണ്‌ ന്യൂയോർക്കിലെ കിഴക്കൻ ജില്ലാ കോടതി ജഡ്‌ജി നിക്കോളാസ്‌ ഗറോഫിസിന്റെ വിധി. രണ്ടുവർഷം കൂടുമ്പോൾ പുതുക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും ആദ്യമായി അപേക്ഷിക്കുന്നവരുടെ അപേക്ഷ തിങ്കളാഴ്‌ചമുതൽ സ്വീകരിക്കണമെന്നും കോടതി വിധിച്ചു.
നിലവിൽ 6.40 ലക്ഷം കുടിയേറ്റക്കാരാണ്‌ പദ്ധതിയിലുള്ളത്‌. ഇതിൽ 2550 ഇന്ത്യക്കാരുണ്ട്‌. എന്നാൽ, കുറഞ്ഞത്‌ 6.30 ലക്ഷം ഇന്ത്യക്കാർ രേഖയിൽ പെടാത്തവരായി യുഎസിലുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here