വാഷിങ്‌ടൺ: കോവിഡിനെ നിയന്ത്രിക്കാനാകാതെ അമേരിക്ക വലയുന്നു. ഒരാഴ്‌ചയ്‌ക്കിടയിൽ 10 ലക്ഷം പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. പ്രതിദിനം രണ്ടു ലക്ഷത്തിലധികമാണ്‌ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3124 പേരുടെ ജീവൻ കോവിഡ്‌ കവർന്നുവെന്നാണ്‌ റിപ്പോർട്ട്.‌ പ്രതിദിന മരണത്തിൽ റൊക്കോഡാണിത്‌. ഇതിനുമുമ്പ്‌ ഏറ്റവും കൂടുതൽ മരണമുണ്ടായത്‌ ഏപ്രിൽ 15നാണ്‌–- 2603. അമേരിക്കയുടെ ചരിത്രത്തിൽ ഒരു ദിവസമുണ്ടാക്കുന്ന ഏറ്റവും വലിയ മരണസംഖ്യയാണിത്‌. ഇതിനുമുമ്പ്‌ ഏറ്റവും കൂടുതൽ പേർ മരിച്ചത് 2001ലെ‌ സെപ്‌തബർ 11ലെ വേൾഡ്‌ ട്രേഡ്‌ സെന്റർ ഭീകരാക്രമണത്തിലാണ്‌–- 2977. ഇതുവരെ 1,60,39,796 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 2,99, 692 പേർ മരിച്ചു.

രോഗവ്യാപനം തടയാൻ രാജ്യത്ത്‌ ഫൈസറിന്റെ വാക്‌സിൻ ഉപയോഗിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) സമിതി അനുമതി നൽകി. വ്യാപനം നിയന്ത്രിക്കാനായി സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരംഭിച്ചു.

വിർജീനിയയിൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. പെൻസിൽവാനിയയിൽ ജിം, തിയറ്റർ, കാസിനോ തുടങ്ങിയവ അടച്ചു. ഭക്ഷണശാലകളിൽ ഇരുന്നു കഴിക്കാനാകില്ല. സ്‌കൂളുകളിലെ പാഠ്യേതര പ്രവർത്തനങ്ങളും നിർത്തി. മിക്കയിടത്തും മാസ്‌കുകൾ നിർബന്ധമാക്കി.

ട്രംപിന്റെ അശാസ്ത്രീയനയങ്ങൾ രുക്ഷമാക്കിയ കോവിഡ്‌ വ്യപനം തടയാൻ നിയുക്ത പ്രസിഡന്റ്‌ ജോ ബൈഡൻ 100 ദിന കർമപരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്‌. അതേസമയം, കോവിഡിനെ നേരിടാനുള്ള സാമ്പത്തിക പാക്കേജ്‌ വൈകുമെന്നാണ്‌ സൂചന. റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിൽ ഈ ആഴ്‌ചയും ധാരണയിൽ എത്തില്ലെന്നാണ്‌ റിപ്പോർട്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here