നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫൈസറിന്റെ കോറോണ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. അമേരിക്കന്‍ ജനതയുടെ മുന്‍പില്‍ ലൈവായിട്ടാണ് നിയുക്ത പ്രസിഡന്റിന്റെ വാക്‌സിന്‍ സ്വീകരണം നടന്നത്. കോറോണ പ്രതിരോധ കുത്തിവെപ്പിലുള്ള അമേരിക്കക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോ ബൈഡന്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തത്സമയം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തത്.

ഡെലവാരയിലെ നെവാര്‍ക്കിലുള്ള ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നാണ് വാക്‌സിന്‍ ബൈഡന്‍ സ്വീകരിച്ചത്. തിങ്കളാഴ്ച്ച വാക്‌സിന്റെ ആദ്യ ഡോസാണ് ബൈഡന്‍ സ്വീകരിച്ചത്. ബൈഡന്റെ ഭാര്യ ജില്‍ നേരത്തേത്തന്നെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. അമേരിക്കയുടെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഭാര്യയും കഴിഞ്ഞ ദിവസം വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

ഇത് തുടക്കം മാത്രമാണെന്നും കൊറോണയെ അതിജീവിക്കാന്‍ ഇനിയും സമയമെടുക്കുമെന്നും വാക്‌സിന്‍ സ്വീകരിച്ച ശേഷം ബൈഡന്‍ പ്രതികരിച്ചു. വാക്‌സിന്‍ സ്വീകരിക്കുന്നതിന് ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ബൈഡന്‍ പറഞ്ഞു. വാക്‌സിന്‍ കുത്തിവയ്‌പ്പെടുക്കാന്‍ എല്ലാ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരും മാസ്‌ക് ധരിക്കണം. യാത്ര ചെയ്യേണ്ട ആവശ്യമില്ലെങ്കില്‍ അതിന് മുതിരാതിരിക്കുക. അത് വളരെ പ്രധാനമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ കൊറോണ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. സ്വാഭാവിക രോഗ പ്രതിരോധ ശേഷിയിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ ട്രംപ് കൊറോണ ബാധിതനായ ശേഷം സ്വാഭാവികമായി താന്‍ രോഗപ്രതിരോധ ശേഷി കൈവരിച്ചുവെന്നും പ്രതികരിച്ചിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here