വാഷിങ്ടൻ ഡി സി: പ്രസിഡന്റായി ചുമതലയേല്ക്കുന്നതിനു ദിവസങ്ങൾ മാത്രം അവശേഷിക്കെ സുഗമമായ അധികാര കൈമാറ്റത്തിന് ട്രംപ് തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന പരാതിയുമായി ജോ ബൈഡൻ. തിങ്കളാഴ്ച നാഷനൽ സെക്യൂരിറ്റി ആന്റ് ഫോറിൻ പോളിസി ഏജൻസി ടീം അംഗങ്ങളുമായി ബൈഡൻ നടത്തിയ വെർച്വൽ മീറ്റിങ്ങിലാണ് ട്രംപിനെതിരെ ശക്തമായ പരാതിയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ നവംബർ 23നാണ് ജിഎസ്എ–ക്ക് അധികാര കൈമാറ്റത്തിനുള്ള ഗ്രീൻ സിഗ്നൽ ട്രംപ് ഭരണകൂടം നൽകിയത്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിച്ചാണ് ട്രംപ് അധികാര കൈമാറ്റത്തിനുള്ള നടപടികൾ വൈകിപ്പിക്കുന്നതെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. എല്ലാ കോടതികളും ട്രംപിന്റെ തിരഞ്ഞെടുപ്പ് കേസുകൾക്കെതിരെ മുഖം തിരിച്ചപ്പോൾ ജനുവരി 6ന് ഇലക്ടറൽ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി ബൈഡന്റെ വിജയം ഔദ്യോഗീകമായി പ്രഖ്യാപിക്കുന്ന യുഎസ് കോൺഗ്രസിന്റെ മീറ്റിങ് ജനാധിപത്യ മര്യാദകൾ ലംഘിച്ചു അട്ടിമറിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.

ജനുവരി 20ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുമ്പ് യുഎസ് ഹൗസും, സെനറ്റും സംയുക്തമായി, ഇതുവരെ ബൈഡന് ലഭിച്ച 306 ഉം, ട്രംപിനു ലഭിച്ച 232 ഇലക്ടറൽ വോട്ടുകളുടേയും അടിസ്ഥാനത്തിൽ വിജയിയെ പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതുവരെ ട്രംപ് പരാജയം പരസ്യമായി അംഗീകരിക്കാത്ത സാഹചര്യത്തിൽ ജനുവരി 6ന് എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here