ഫ്രാൻസിസ് തടത്തിൽ മനസ്സിൽ ഇത്രമേൽ നൊമ്പരങ്ങളുണ്ടായ ഒരു വർഷം ഈ മനുഷ്യായുസിൽ ആർക്കും ഉണ്ടായിട്ടില്ല. മരണത്തിന്റെ രൂക്ഷ ഗന്ധം പരക്കുന്ന തെരുവോരങ്ങളിലൂടെ ഏകാന്തതയുടെ മൂടുപടമണിഞ്ഞ ദിവസങ്ങൾ എല്ലാവരുടെയും ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ടാകാം. യുദ്ധസമാനമായ അന്തരീക്ഷം ലോകമാകമാനം നിലനിന്നിരുന്ന ദിവസങ്ങളിലൂടെയാണ് കോടാനുകോടി മാനുഷജന്മങ്ങൾ ഈ വർഷം തള്ളിനീക്കിയത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇത്ര ഭയാനകമായ ഒരു അനിശ്ചിതാവസ്ഥ ഉണ്ടാകുന്നത് ആദ്യമാണ്. ഒരുപക്ഷേ ലോയകമഹായുദ്ധങ്ങളെക്കാളേറെ കെടുതികൾ സംഭവിച്ചത്  ഈ കോവിഡ് മഹാമാരിയിലാണ്. ചൈനയിലെ വുഹാനിൽ 2019 നവംബർ മാസത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് 2019  എന്ന പേരിട്ട സാർസ് വൈറസ് കുടുംബത്തിൽപെട്ട ഈ വൈറസ് ഈ ഭൂമുഖത്തെ എല്ലാ രാജ്യങ്ങളെയും കീഴടക്കി കഴിഞ്ഞു. 2020 വർഷം അവസാനിച്ചപ്പോൾ ലോകത്താകമാനം ഏതാണ്ട് എട്ടരക്കോടി ജനങ്ങളിലാണ് കോവിഡ് 19 എന്ന വൈറസിന്റെ വ്യാപനമുണ്ടായത്. 18.25 ലക്ഷം ആളുകളുടെ ജീവനപഹരിച്ചു. ഇപ്പോഴും രണ്ടേകാൽ കോടിയാളുകൾക്ക് രോഗബാധയുണ്ട്. അമേരിക്കയിൽ മാത്രം 2 കോടിയിൽ പരം ആളുകൾ രോഗബാധിതരായി. അതിൽ 80 ലക്ഷം ആളുകൾക്ക് ഇപ്പോൾ രോഗബാധിതർ ആണ്. മൂന്നര ലക്ഷത്തിൽപ്പരം അമേരിക്കക്കാരുടെ ജീവനുകളാണ് 2020 എന്ന വർഷത്തിൽ കോവിഡ് മഹാമാരി തട്ടിയെടുത്തത്. മനുഷ്യ നിർമ്മിതമെന്നു ആരോപണമുള്ള കോവിഡ് മഹാമാരി ലോകത്തെ സമ്പദ്‌വ്യവസ്ഥ ആകെ തച്ചുടച്ചു. 2020 വർഷം തുടങ്ങുമ്പോൾ അമേരിക്കയിൽ സ്റ്റോക്ക് മാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയർച്ചയിലായിരുന്നു. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും താഴെയുമായിരുന്നു. 2020 വർഷം അവസാനിക്കുമ്പോൾ മാർക്കറ്റ് കൂപ്പുകുത്തി.തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും വലിയ ഉയർച്ചയിലും. അവശ്യ വസ്തുക്കളുടെ വില കുതിച്ചു കയറി. അവശ്യവസ്തുക്കളുടെ ലഭ്യതയും ഇല്ലാതായി. പൊതു വിപണിയിൽ ഏറ്റവും വലിയ മാന്ദ്യമാണ് ലോകമെങ്ങും കണ്ടുവരുന്നത്. പല റീട്ടെയിൽ -മൊത്തവ്യാപാര സ്ഥാപനങ്ങളും പൂട്ടിപ്പോയി. വാഹന ഗതാഗതം നിലച്ചു. റോഡുകൾ നിശ്ചലമായി. ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടച്ചുപൂട്ടി. പൊതുജനം വീടുകളിൽ അടച്ചുപൂട്ടി ഇരിപ്പായി.പട്ടിണിയും ദാരിദ്ര്യവും വർധിച്ചു. സാമുഹിക അകലങ്ങൾ വർധിച്ചതോടെ ജനങ്ങൾ തമ്മിലുള്ള അകൽച്ചയും വർധിച്ചു. ചുരുക്കത്തിൽ പറഞ്ഞാൽ മൈക്രോസ്കോപ്പിലൂടെ മാത്രം ദൃശ്യമാകുന്ന ഈ കുഞ്ഞൻ വൈറസ് മനുഷ്യന്റെ സമസ്തമേഖലകളെയും സ്തംഭിപ്പിച്ചു. ബുദ്ധി രാക്ഷസന്മാരായ ശാസ്ത്രജ്ഞന്മാരെപ്പോലും ഈ വൈറസ് വെള്ളം കുടിപ്പിച്ചു. ഒടുവിൽ വൈറസിനെ പിടിച്ചുകെട്ടാൻ ശാസ്ത്രം വാക്സീൻ കണ്ടുപിടിച്ചു. അതിവേഗത്തിൽ പരീക്ഷണം പൂർത്തിയാക്കിയ വാക്സീൻ ജനങ്ങളിലേക്ക് എത്തിത്തുടങ്ങിയെങ്കിലും മുഴുവൻ ആളുകളിലും എത്തണമെങ്കിൽ മാസങ്ങൾ തന്നെ വേണ്ടി വരും. വൈറസിനെ പിടിച്ചുകെട്ടാൻ വാക്സീൻ റെഡിയായപ്പോൾ വൈറസ് വകഭേദം മാറി പുതിയ രൂപത്തിൽ അവതരിച്ചുവെന്നാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ. ജനിതക മാറ്റം സംഭവിച്ചുകൊണ്ട് വകഭേദം വന്ന പുതിയ വൈറസിന്റെ പ്രഹര ശേഷി നിലവിലുള്ള വൈറസിന്റെ പതിന്മടങ്ങാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനിതകമാറ്റം സംഭവിച്ച വൈറസുകൾ പടർന്നു പിടിച്ചാൽ ഇപ്പോഴത്തെ വാക്സീനുകൾക്ക് പ്രതിരോധിക്കാൻ കഴിയില്ല. അങ്ങനെ വന്നാൽ ഇനി പുതിയ വാക്സീൻ കണ്ടു പിടിക്കാനുള്ള ഗവേഷണം ആരംഭിക്കേണ്ടി വന്നേക്കാം. എന്തായാലും പുതുവർഷത്തിൽ 2020 ആവർത്തിക്കില്ല എന്ന് വേണം കരുതാൻ. 020 ന്റെ ആരംഭത്തിൽ കോവിഡ് മഹാമാരി ഉയർത്തിയ ഭയാശനാങ്കകൾ കുറേയൊക്ക മാറിയിട്ടുണ്ട്. കോവിഡിനെ നേരിടാൻ ആളുകൾ മാനസികമായി തയാറെടുത്തുകഴിഞ്ഞു. മാസ്ക്ക്, സാനിറ്റേഷൻ , ഹാൻഡ് വാഷ് തുടങ്ങിയ മാർഗങ്ങളിലൂടെ പ്രതിരോധം ശക്തമാക്കിയതിനാൽ പലരും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങി. നേരത്തെ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. ഏറെ പ്രതീക്ഷയോടെ വരവേറ്റ 2020 എന്ന വർഷം ഒരുപാട് മുറിവുകളാണ് ജനഹൃദയങ്ങളിലേൽപ്പിച്ചത്. ഈ ലോകത്തിൽ  നന്മകളുടെ പരിമളം പരത്തിയ ഒരുപാട് നല്ല മനുഷ്യർ തീരെ പ്രതീക്ഷിക്കാതെ നമ്മുടെ കൺമുൻപിൽ വച്ച് പിടഞ്ഞു മരിച്ചു. യാതൊരു രോഗവുമില്ലാതിരുന്ന എത്രയെത്ര ചെറുപ്പക്കാരാണ് കോവിഡ് മഹാമാരിയുടെ ഒളിയാക്രമണത്തിൽ ജീവനപഹരിക്കപ്പെട്ടത്. 2021 വർഷത്തിലേക്ക് കടക്കുമ്പോൾ  പ്രിയങ്കരരായ ഒരുപാട് പേർ നമുക്ക് നഷ്ട്ടമായിക്കഴിഞ്ഞു. ഒരു പക്ഷേ, നാം ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത നിസഹായതയുടെ മൂടുപടമണിഞ്ഞ നാളുകളുടെ ഓർമ്മകൾ നമ്മെ വേട്ടയാടാക്കിയേക്കാം. 2020 എന്ന വര്‍ഷം നമ്മെ വിട്ടു പിരിയുമ്പോഴും അത് നമുക്ക് നൽകിയ മുറിവിന്റെ ആഘാതം 2021 വർഷത്തിൽ ഉണങ്ങുമെന്ന് പ്രതീക്ഷയിൽ നമുക്ക് കാത്തിരിക്കാം. ഈ മനുഷ്യായുസിൽ ഒരു വർഷം കൂടി നീട്ടിക്കിട്ടിയ കനിവിന്റെ നാഥനായ ദൈവത്തിനു കൃതജ്ഞത സമർപ്പിച്ചുകൊണ്ട് 2021 എന്ന വർഷത്തിലേക്ക് കടക്കുവാനാണ് നാം തയാറാകേണ്ടത്. 2020 എന്ന വർഷത്തിൽ നാം ജീവിച്ചിരുന്നു എന്ന് പറയുന്നതു തന്നെ ഏറ്റവും വലിയ ദൈവാനുഗ്രഹമായി കാണാം. കോവിഡ് 19 ഇവിടെ അവസാനിക്കട്ടെ. ഇനിയൊരു കോവിഡ് 21 ഉണ്ടാകാതിരിക്കട്ടെ. എല്ലാവർക്കും നന്മകളും പ്രതീക്ഷകളും നിറഞ്ഞ പുതുവത്സരാശംസകൾ.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here