രാജേഷ് തില്ലങ്കേരി


കൊച്ചി : മോഹൻലാൽ നായകനാവുന്ന ദൃശ്യം 2 ആമസോൺ പ്രൈം റിലീസ് ചെയ്യും. ഫെബ്രുവരിയിൽ ചിത്രം ആമസോൺ പ്രൈം പ്രദർശനത്തിനെത്തിക്കും. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി എത്തുന്ന ദൃശ്യം 2 ജിത്തുജോസഫാണ് ഒരുക്കുന്നത്. കോവിഡ് കാലത്ത് ചിത്രീകരിച്ച സൂപ്പർ സ്റ്റാർ ചിത്രമാണ് ദൃശ്യം 2. വൻ തുകയ്ക്കാണ് ദൃശ്യം 2 ആമസോൺ പ്രൈം ഏറ്റെടുത്തിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.


മോഹൻലാൽ ചിത്രം ഒ ടി ടി പ്ലാറ്റ് ഫോമിലേക്ക് പ്രദർശനത്തിനെത്തുന്നത് മലയാള സിനിമയിൽ വരുന്ന വലിയ മാറ്റങ്ങൾക്കുള്ള തുടക്കമാണ്.  നിരവധി മലയാള ചിത്രങ്ങൾ ഒ ടി ടിയിൽ പ്രദർശനത്തിന് എത്തുമെന്നും കരുതുന്നു. ഫെബ്രുവരിയിൽ തീയേറ്റർ തുറക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. അറുപതിലേറെ ചിത്രങ്ങൾ റിലീസ് കാത്ത് കിടക്കുന്നുണ്ട്. അവയിൽ ചെറിയ സിനിമകൾക്ക് തീയേറ്റർ ലഭിക്കാത്ത സാഹചര്യം നിലവിൽ ഉണ്ട്. അത്തരം ചിത്രങ്ങൾക്ക് ഒ ടി ടി പ്ലാറ്റ് ഫോം വലിയ ആശ്വാസമാവും.

എന്നാൽ മോഹൻലാൽ ചിത്രം ഒ ടി ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്നതിനെതിരെ ആരാധകർ പ്രതികരണവുമായി എത്തിയിരിക്കയാണ്. സാങ്കേതിക മികവോടെ ചിത്രം ആസ്വദിക്കാനുള്ള അവസരമാണ് ഇതോടെ ഇല്ലാതാവുന്നതെന്നാണ് ആരാധകർ പറയുന്നത്. മോഹൻലാൽ ഇന്നാണ് ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചത്.

പ്രാദേശിക സിനിമകൾ എല്ലാ ആഴ്ചയിലും റിലീസ് ചെയ്യുന്നതിനായി മലയാളത്തിൽ ഒരു ഒ ടി ടി പ്ലാറ്റ് ഫോം കൂടി നിലവിൽ വന്നിരിക്കയാണ്. പ്രൈം റിലീസ് എന്ന ഒ ടി ടി പ്ലാറ്റ്‌ഫോം ചെറുകിട സിനിമകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here